Wednesday 23 May 2012

നിലാവ് പെയ്യുന്ന രാത്രിയില്‍



നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു, രാത്രി അവളുടെ വരവ് അറിയിച്ചുകൊണ്ട് ഇരുള്‍ പടര്‍ത്തി തുടങ്ങിയിരിക്കുന്നു. ഭയം നിഴലിക്കുന്ന കണ്ണുകളുമായി പാര്‍വ്വതി ചുറ്റും നോക്കി. ഇല്ല, ഒരു മനുഷ്യജീവിപോലും അടുത്തെങ്ങും ഉള്ളതായി തോന്നുന്നില്ല. നീണ്ടുകിടക്കുന്ന ചെമ്മണ്‍ പാതകള്‍, അവ നോക്കെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നു കിടക്കുന്നു. വഴികള്‍ക്ക് ഇരുവശവും കാട്ടുചെടികള്‍ വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു. ഏതോ കാട്ടുപ്രദേശത്താണ് താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീതി അവളുടെ ഉള്ളില്‍ പടര്‍ന്നു കയറി. പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി, ജീവനുള്ള എന്തിനെയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. രാത്രിയുടെ നിറം കൂടി വരികയും വഴികള്‍ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു തുടങ്ങുകയും ചെയ്തപ്പോള്‍ ഭയത്തോടെ ആണെങ്കിലും എങ്ങോട്ടെങ്കിലും നടക്കുവാന്‍ അവള്‍ തീരുമാനിച്ചു. എങ്കിലും എവിടേയ്ക്ക്, ഒരു ഉത്തരത്തിനായി അവളുടെ കണ്ണുകള്‍ വഴികളിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു.

" വഴിതെറ്റിയോ കുട്ടിയേ...? "


പെട്ടെന്നുള്ള ആ ചോദ്യം കേട്ട് അവള്‍ ഞെട്ടിത്തരിച്ചുപോയി. ഒരു വൃദ്ധന്‍ തന്‍റെ അടുത്ത് നില്‍ക്കുന്നു. ജരാനരകള്‍ കയറിയ ക്ഷീണിച്ച മുഖം, എങ്കിലും ഒരു അഭൌമ തേജസ്സ് ആ മുഖത്തിനുണ്ട്. കയ്യിലെ റാന്തല്‍ വിളക്കിന്‍റെ അരണ്ട വെട്ടത്തില്‍ അയാളുടെ കണ്ണുകള്‍ വെട്ടിത്തിളങ്ങുന്നതായി അവള്‍ക്കു തോന്നി. ആ കണ്ണുകളിലേക്ക് അധികം നേരം നോക്കുവാന്‍ അവള്‍ക്കായില്ല. വിജനമായ ഇ പ്രദേശത്ത് തന്‍റെ കണ്ണില്‍ പെടാതെ ഇ വൃദ്ധന്‍ എങ്ങനെ തന്‍റെ അടുത്തെത്തി എന്ന ചോദ്യത്തിന് അവളുടെ മനസ്സ്‌ ഉത്തരം തേടുക ആയിരുന്നു.

" എന്താ കുട്ടിയെ സംശയിച്ചു നില്‍ക്കണേ...?
ഇ രാത്രി നിനക്ക് മറ്റെങ്ങും പോകാനില്ല, എന്‍റെകൂടെ പോരുക...
ഇന്നൊരു ദിവസത്തേക്ക് ഞാന്‍ നിനക്ക് ഒരു വഴികാട്ടി ആവുകയാണ്...
നിന്നെപ്പോലെ ഒരു കുട്ടി എനിക്കും ഉണ്ടായിരുന്നു, പക്ഷെ അവള്‍ക്കു നേര്‍വഴി പറഞ്ഞുകൊടുക്കുവാന്‍ ഇ വൃദ്ധന് ആയില്ല.
നിനക്ക് അവളുടെ അവസ്ഥ ഉണ്ടാവരുത്, എന്‍റെ കൂടെ പോരുക... സ്വന്തം അച്ഛന്‍ വിളിക്കുന്നതായി വിചാരിച്ചാല്‍ മതി... "

അയാള്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്ക് പിന്നിലും തനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉള്ളതായി അവള്‍ക്കു തോന്നി...
ഇ രാത്രി തനിക്കിനി മറ്റൊന്നും ചെയ്യാനില്ല എന്ന ബോധം അവളെ ആ വൃദ്ധനെ അനുഗമിക്കാന്‍ പ്രേരിപ്പിച്ചു...

" ദാ ഇ വഴി പോവാം..."


അത് പറഞ്ഞു വൃദ്ധന്‍ ഒരു ഇടവഴിയിലേക്കു കയറി നടന്നു


" ഇങ്ങനെ ഒരു വഴി ഇവിടെ നേരത്തെ ഉണ്ടായിരുന്നോ...? "


അവള്‍ ആരോടെന്നില്ലാതെ സ്വയം ചോദിച്ചു...


" എന്താ കുട്ടിയെ ഒരു സംശയം...?
ഇ വഴി കുട്ടിയുടെ കണ്ണില്‍പ്പെട്ടില്ലായിരുന്നല്ലേ
ചില വഴികള്‍ അങ്ങനെയാ, നമ്മള്‍ നോക്കി നടന്നാലും കാണില്ല
ഒരു വഴികാട്ടി വേണ്ടിവരും അത് കണ്ടെത്തുവാന്‍
ഇന്ന് എന്‍റെ കര്‍മ്മം അതാണ്, കുട്ടിക്ക് വഴികട്ടിയാവുക... "


" നമ്മള്‍ എങ്ങോട്ടേയ്ക്കാ പോകുന്നത്... ? "


" കുറച്ചു ദൂരം നടന്നാല്‍ ന്‍റെ ഇല്ലത്തെത്തും
ഇന്ന് അവിടെ കുട്ടിക്ക് തങ്ങാം
പിന്നെ നാളത്തെ കാര്യം
അത് നേരം പുലരുമ്പോള്‍ നമുക്ക് വേണ്ടത്‌ ചെയ്യാം "


" എന്താ ഇ നാടിന്‍റെ പേര് "

" ഒരു പേരില്‍ എന്തിരിക്കുന്നു കുട്ടിയേ ?
പേര് അറിയാമായിരുന്നട്ടും കുട്ടി ഇന്ന് തേടിയിറങ്ങിയ ആളുടെ അടുത്ത് എത്താന്‍ പറ്റിയോ... ?
എത്തിയതോ, ഊരും പേരും ഒന്നും അറിയാത്ത ഇ വൃദ്ധന്‍റെ അടുത്ത്
ഇതിനു നമ്മളൊക്കെ ഒരു പേര് കൊടുത്തട്ടുണ്ട്, വിധി...
നമ്മളെ വിഡ്ഢിയാക്കാന്‍ നമ്മള്‍തന്നെ പറയുന്ന വാക്ക്, വിധി... "


" എന്തൊക്കെയാ ഇ പറയുന്നത്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... "


" കുട്ടിക്ക് എല്ലാം മനസ്സിലാവും, സമയം ആവട്ടെ...
ദാ ഇനി ഇതുവഴിയാണ് നമുക്ക് പോകേണ്ടത്... "

ഒറ്റയടിപ്പാതയില്‍ നിന്നും ഞങ്ങള്‍ ഒരു വരമ്പിലേക്ക് കയറി
എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല
ഇത്രയും നേരം കണ്ട ഇരുള്‍ നിറഞ്ഞ ആകാശം ഇപ്പോള്‍ ഇല്ല
നിലാവ് പൊഴിഞ്ഞു നക്ഷത്രങ്ങള്‍ പൂത്ത് നില്‍ക്കുന്ന ആകാശം...
ഇത്രയും നേരം വഴികാട്ടിയ റാന്തലിന്‍റെ വെട്ടം നിഷ്പ്രഭമായിരിക്കുന്നു
വരമ്പിനു ഇരു വശവും മിന്നാമിനുങ്ങുകള്‍ ചിത്രം വരയ്ക്കുന്നു...
ചീവിടുകളുടെ നേര്‍ത്ത താളവും ഇളം കാറ്റും പ്രകൃതിയില്‍ പുതിയൊരു രാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നപോലെ തോന്നി

താന്‍ മറ്റേതോ ലോകത്ത് എത്തിയതുപോലെ അവള്‍ക്ക് തോന്നി, ഭൂമിയുടെ ഇരുണ്ട കോണില്‍ നിന്നും മറുപുറത്ത് എത്തിയപോലെ...
രാത്രിയുടെ ഇരുളില്‍ നിന്നും നിലാവ് പെയ്യുന്ന ഇ വരമ്പിലൂടെ തന്നെ കൂട്ടികൊണ്ടുപോവുന്ന ഈ വൃദ്ധന്‍ ആരായിരിക്കും... ???



*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***



അകലെവെച്ചുതന്നെ വൃദ്ധന്‍ പറഞ്ഞ ഇല്ലത്തില്‍ നിന്നും വെട്ടം കണ്ടുതുടങ്ങി. നടന്നു അടുക്കുന്തോറും അകന്നു പോകുന്നതുപോലെയാണ് പര്‍വ്വതിക്ക് തോന്നിയത്.

" ഒഹ് ഞാന്‍ അത് ചോദിക്കാന്‍ മറന്നു, എന്താ കുട്ടിയുടെ പേര് ? "

നേരത്തെ വൃദ്ധന്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചു പറയണമെന്ന് തോന്നിയെങ്കിലും, ഇ രാത്രിയില്‍ തന്നെ സഹായിക്കാന്‍ മനസ്സ്‌ കാണിച്ച അയാളോട് തര്‍ക്കുത്തരം പറയാന്‍ അവള്‍ക്കു തോന്നിയില്ല.

" പാര്‍വ്വതി "

"പാര്‍വ്വതി, നല്ല പേര്.
ആട്ടെ കുട്ടി ആരെ കാണാന വന്നത് ? "

" എന്റെ ഒരു സുഹൃത്തിനെ കാണാന്‍ "

" സുഹൃത്തോ അതോ ? "

" ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളാ "

" എന്താ ആ ആളുടെ പേര് "

" ദേവന്‍ "

" ദേവന്‍‍, ദേവാംശം ഇല്ലാത്തവനും പേര് ദേവന്‍ "

" അതെന്താ അങ്ങനെ പറഞ്ഞത്‌ "
അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു

" ഒന്നുമില്ല കുട്ടി, നമ്മള്‍ മനുഷ്യര്‍ക്ക്‌ ദേവാംശം ഇല്ലല്ലോ, അതുകൊണ്ട് പറഞ്ഞതാ...
പിന്നെ ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കുട്ടിക്ക് മനസ്സിലാവും, സമയം ആവട്ടെ... "

അപ്പോഴേക്കും ഞങ്ങള്‍ പടിപ്പുരയില്‍ എത്തിയിരുന്നു. പടിപ്പുരവാതില്‍ തുറന്നു കിടക്കുവായിരുന്നു...
മണിച്ചിത്രത്താഴിനു ചുറ്റും ചിലന്തികള്‍ അവരുടെ ചിത്രവേലകള്‍ നെയ്തു വെച്ചിരിക്കുന്നത് കാണാം
കൊത്തുപണികള്‍ ചെയ്ത തൂണുകളില്‍കളില്‍ പൊടിപിടിച്ചതിനാല്‍ ശില്‍പ്പിയുടെ കരവിരുത് കാഴ്ചയ്ക്ക് അവ്യക്തമായി മാറിയിരുന്നു
തൊട്ടടുത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ഇലകള്‍ ചവിട്ടുപടികളില്‍ ഒരു പുതപ്പുപോലെ മൂടിക്കിടപ്പുണ്ടായിരുന്നു
ഒറ്റനോട്ടത്തില്‍ ആള്‍ത്താമസം ഇല്ലാത്ത ഒരു സ്ഥലമാണെന്നേ ആര്‍ക്കും തോന്നു...

ഉണങ്ങിയ ആലിലകളെ ചവിട്ടിഞെരിച്ചുകൊണ്ട് വൃദ്ധന്‍ പടികള്‍ കയറി

" കയറിപ്പോന്നോളു കുട്ടിയേ... "

അവള്‍ വൃദ്ധനെ അനുഗമിച്ചു പടികള്‍ കയറി...

വളരെ പ്രൌഡിയുള്ള ഒരു നാലുകെട്ട്, പൂമുഖത്ത് പലയിടങ്ങളിലായി തൂക്കുവിളക്ക് കത്തുന്നുണ്ടായിരുന്നു.
എങ്കിലും ആള്‍ത്താമസം ഇല്ലാത്തതുപോലെ കരിയിലകള്‍ എല്ലായിടത്തും വീണുകിടപ്പുണ്ടായിരുന്നു

" ഇവിടെ ആരൊക്കെയാ താമസ്സം... ? "

" ഒരുപാടു ആളുകള്‍ ഉണ്ടായിരുന്നു കുട്ടിയേ, ഇപ്പൊ ആരും ഇല്ല
എങ്കിലും കുട്ടിക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ഇ മുറിയില്‍ കുട്ടിക്ക് ഇന്ന് വിശ്രമിക്കാം "

അടഞ്ഞുകിടന്ന ഒരു മുറി തുറന്നു കാണിച്ചുകൊണ്ട് വൃദ്ധന്‍ അവളെ അകത്തോട്ടു ക്ഷണിച്ചു

ഇത് എന്‍റെ മകളുടെ മുറിയായിരുന്നു
നീയും എനിക്ക് അവളെപ്പോലെയ, അതാ നിനക്ക് ഞാന്‍ ഈ മുറിതന്നെ തന്നത്

" അച്ഛന്‍റെ മകള്‍ എവിടെ, അവള്‍ക്കു എന്താ പറ്റിയത്...? "

അത് കേട്ടതും ആ വൃദ്ധന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നത് അവള്‍ അറിഞ്ഞു

" അത് കുട്ടി അറിയേണ്ട ഒരു കഥ കൂടിയാണ്. പക്ഷെ അത് പറയാന്‍ ഇ വൃദ്ധന് ശക്തിയില്ല "

വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി
പാര്‍വ്വതി എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി

" കുട്ടി വിശ്രമിച്ചോളു, നമുക്ക് പിന്നെ കാണാം "

അത്രയും പറഞ്ഞു, വൃദ്ധന്‍ മുറിയില്‍ നിന്നിറങ്ങി, എവിടെയോ നടന്നുമറഞ്ഞു

അവള്‍ക്കു മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയം തോന്നി
പുലരുംവരെ ഇനി ഇ മുറിയില്‍ കഴിച്ചുകൂട്ടാം എന്ന് അവള്‍ തീരുമാനിച്ചു
വാതില്‍ അടച്ചു തഴുതിട്ടു ആ മുറിയില്‍ ചുറ്റും നോക്കി എല്ലാം ഭദ്രമല്ലേ എന്ന് ഉറപ്പു വരുത്തി
അപ്പോഴാണ് മേശപ്പുറത്ത് ഒരു ഡയറി അവളുടെ ശ്രദ്ധയില്‍പെട്ടത്
പുറംചട്ട തുറന്നതും ആദ്യം കണ്ണില്‍ ഉടക്കിയത് ആ ഡയറിയുടെ ഉടമയുടെ പേരിലായിരുന്നു
" ഗംഗ "

ഒരു വര്‍ഷത്തെ ഗംഗയുടെ ജീവിതചരിത്രം അറിയാന്‍ പര്‍വ്വതിക്ക് വെമ്പലായി
അവള്‍ ഓരോ പേജും ആര്‍ത്തിയോടെ വായിച്ചു
ആദ്യമായാണ് വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ വായിക്കുന്നത്, കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങിയെങ്കിലും അവള്‍ അത് കാര്യമാക്കിയില്ല
വയിച്ചുപോകവേ ഗംഗയുടെ പ്രണയത്തിലേക്കു അവള്‍ കടന്നു
അതുവരെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ മുന്നോട്ടു പോയിരുന്ന ആ ഓര്‍മ്മക്കുറിപ്പ്‌ പെട്ടെന്ന് നിറം വെച്ചതുപോലെ പര്‍വ്വതിക്ക് തോന്നി
നിദ്രവിഹീനമായ രാത്രികളില്‍ അവള്‍ എഴുതിവെച്ച പ്രണയ ലേഖനങ്ങളും സ്വപ്നങ്ങളും എല്ലാം അതില്‍ നിറഞ്ഞുനിന്നിരുന്നു

അമ്പലത്തില്‍ വെച്ച് കണ്ടുമുട്ടിയത് മുതലുള്ള പ്രണയത്തിന്‍റെ നാള്‍വഴികളിലൂടെ അവള്‍ സഞ്ചരിച്ചു
അവന്‍റെയും പേര് ദേവന്‍ എന്നായിരുന്നു
പെട്ടെന്ന് പര്‍വ്വതിക്ക് തന്‍റെ പ്രിയതമനെ ഓര്‍മ്മവന്നു
മുന്‍പോട്ടു പോകവെ ഗംഗയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവത്തിലേക്ക് പാര്‍വ്വതി എത്തിച്ചേര്‍ന്നു


*** *** *** *** *** *** *** *** ***


അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞു ദേവന്‍ അവളെ നാട്ടിലേക്കു വിളിച്ച ദിവസം
കൂട്ടിക്കൊണ്ടുപോവാന്‍ ദേവന്‍ എത്തിയത് കുറച്ചു സുഹൃത്തുക്കളോടൊപ്പമായിരുന്നു
അവരോടൊപ്പം വണ്ടിയില്‍ പോകാമെന്ന ക്ഷണം നിരസിച്ച ഗംഗയെ ദേവനും സുഹൃത്തുക്കളും ചേര്‍ന്ന് ബലമായി പിടിച്ചു കേറ്റി
അവര്‍ അവളെ എത്തിച്ചത് ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍ ആയിരുന്നു
അവിടെവെച്ചാണ് ഗംഗ ദേവന്‍റെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞത്
മയക്കുമരുന്നിനും കഞ്ജാവിനും അടിമയായ ക്രൂരതയുടെ ആള്‍രൂപം ആയിരുന്നു ദേവന്‍
അവിടെവെച്ചു അവനും സുഹൃത്തുക്കളും ചേര്‍ന്ന് അവളെ പിച്ചിച്ചീന്തി
മയക്കുമരുന്നിന്‍റെ ലഹരിയില്‍ ആയിരുന്ന അവരില്‍ നിന്നും അവള്‍ ജീവനും കൊണ്ട് ഓടി രേക്ഷപ്പെടുക ആയിരുന്നു
വീട്ടിലെത്തിയ അവള്‍ ആദ്യംതന്നെ അച്ഛന്‍റെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു
പ്രണയത്തിന്‍റെ വഴിയെ പോയി ജീവിതം പിഴച്ചുപോയ മകളെ സമാധാനിപ്പിക്കാന്‍ ആ അച്ഛന്‍ ആവുംവിധം ശ്രമിച്ചു
പക്ഷെ അതൊന്നും അവളുടെ മനസ്സിലേക്ക് കയറുന്നില്ലായിരുന്നു
ഒരു സാന്ത്വന വാക്കുകള്‍ക്കും അവളുടെ ദുഖത്തിന്‍റെ വേദന കുറക്കാന്‍ കഴിയുമായിരുന്നില്ല
നാട്ടിന്‍പുറത്തിന്‍റെ എല്ലാ നന്മകളും നിറഞ്ഞ പെണ്‍കുട്ടി, സ്വന്തം ചാരിത്ര്യത്തെ മറ്റെന്തിനെക്കാളും വില കല്‍പ്പിക്കുന്ന അവള്‍ക്കു ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു


*** *** *** *** *** *** *** *** ***


ഇത്രയും അവളുടെ ഡയറിക്കുറിപ്പില്‍ നിന്നും മനസ്സിലാക്കിയ പാര്‍വ്വതി അടുത്ത താളില്‍ കണ്ടത് ഒരു മരണക്കുറിപ്പായിരുന്നു
അത് വായിക്കുവനാവാതെ പാര്‍വ്വതി ആ ഡയറി അടച്ചുവെച്ചു വിറങ്ങലിച്ച മനസ്സുമായി എഴുന്നേറ്റു
പെട്ടെന്ന് അവളുടെ കൈതട്ടി ഡയറി താഴെ വീണു
അതില്‍ നിന്നും തെറിച്ചുവീണ ഒരു ഫോട്ടോ കണ്ടു പാര്‍വ്വതി ഞെട്ടിത്തരിച്ചുപോയി
അവളുടെ എല്ലാം എല്ലാം ആയ ദേവന്‍...
" അപ്പോള്‍ ഗംഗയെ ചതിച്ചതും ഇപ്പോള്‍ തന്നെ സ്നേഹിക്കുന്നതും ഒരാള്‍ ആയിരുന്നോ... "
അതൊരു വലിയ ഷോക്ക്‌ ആയിരുന്നു പര്‍വ്വതിക്ക്, അവള്‍ക്കു തലകറങ്ങുന്നതായി അനുഭവപ്പെട്ടു,
പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെ അവള്‍ ബോധംകെട്ടു താഴെ വീണു


*** *** *** *** *** *** *** *** ***

" കുട്ടീ... എന്തെടുക്കുവാ അവിടെ... ഉറങ്ങുവാണോ... "

വൃദ്ധന്‍റെ ശബ്ദം കേട്ടാണ് പാര്‍വ്വതി ഉണര്‍ന്നത്‌

വീണ്ടും വൃദ്ധന്‍റെ ശബ്ദം മുഴങ്ങി

" വാതില്‍ തുറക്കു കുട്ടീ.. ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു... "

" എന്നെ കാണാനോ...? ഇവിടെയോ...? ആരാ അത്...? "

" ഹ വാതില്‍ തുറക്ക് കുട്ടിയെ, എന്നിട്ട് നേരിട്ട് കണ്ടോളു "

മനസ്സില്ലാമനസ്സോടെ അവള്‍ വാതില്‍ തുറന്നു, പക്ഷെ വൃദ്ധനെ അവിടെയെങ്ങും അവള്‍ക്കു കാണാനായില്ല
മുറ്റത്ത്‌ നല്ല നിലാവ് ഉള്ളതിനാല്‍ അവിടെയും വൃദ്ധന്‍ ഇല്ലെന്നു അവള്‍ക്കു മനസ്സിലായി, എങ്കിലും പടിപ്പുര വരെ അവള്‍ കണ്ണോടിച്ചു

ഇല്ല അവിടെയും ആരുമില്ല...

ഭയത്തോടെ ആണെങ്കിലും അവള്‍ വരാന്തയിലൂടെ കുറച്ചുദൂരം മുന്‍പോട്ടു നടന്നു, അവിടെയെങ്ങും വൃദ്ധനെയോ അയാള്‍ പറഞ്ഞ ആളെയോ കാണാന്‍ കഴിഞ്ഞില്ല
ഉള്ളിലെ ഭയം ഒരു വിറയലായി തന്‍റെ ശരീരത്തെയും കീഴ്പ്പെടുത്താന്‍ തുടങ്ങിയെന്നു അവള്‍ക്കു മനസ്സിലായി
എത്രയും വേഗം മുറിയിലേക്ക് എത്തണമെന്ന ആഗ്രഹത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവളുടെ കണ്ണ് ചുവരിലെ ഒരു ചിത്രത്തില്‍ ഉടക്കി

താന്‍ കുറച്ചുമുന്‍പ്‌ കണ്ട വൃദ്ധന്‍റെ ചിത്രം, ആരോ അതില്‍ ഒരു മാലയും ചാര്‍ത്തിയിരിക്കുന്നു

കാലപ്പഴക്കം കൊണ്ട് പൂക്കളെല്ലാം ഉണങ്ങി വീണിരിക്കുന്നു

ഉള്ളിലെ ഭയം ആര്‍ത്തനാദമായി പുറത്തേക്കു വന്നു
നിലവിളിച്ചുകൊണ്ട് പടിപ്പുര ലക്ഷ്യമാക്കി അവള്‍ ഓടി,
പടിപ്പുരയില്‍ നിന്നും പടിയിറങ്ങവേ കാല്‍വഴുതി താഴെ വീണു
ശ്രമപ്പെട്ടു എഴുന്നേറ്റു അവിടെനിന്നു വീണ്ടും ഓടി
കുറെ നേരം ഓടിയ അവള്‍ എത്തിച്ചേര്‍ന്നത് ഒരു കാട്ടുപ്രദേശത്തായിരുന്നു
നിലാവെളിച്ചം ഉണ്ടെങ്കിലും ഭയാനകമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ
എവിടെനിന്നോ ഒരു മൂങ്ങ പറന്നുവന്നു അവളുടെ അടുത്തുള്ള മരച്ചില്ലയില്‍ ഇരുന്നു
അത് തന്നെ സൂക്ഷിച്ചു നോക്കുന്നപോലെ അവള്‍ക്കു തോന്നി, ഭയത്താല്‍ അവള്‍ വീണ്ടും ഓടി
ഓടി ഒരു വളവു തിരിഞ്ഞ അവള്‍ കണ്ടത്‌ ഒരു ആള്‍രൂപത്തെ ആയിരുന്നു
" ദേവന്‍ "

ആരെയോ പേടിച്ചു ഓടിയെത്തിയ ദേവന്‍ അവളെ കണ്ടതും വീണ്ടും ഞെട്ടി

" ഗംഗേ നീ... "

" ദേവേട്ട ഇത് ഞാനാ പാര്‍വ്വതി "

" അല്ല, നീ ഗംഗയയാ, നീ മരിച്ചതല്ലേ നീ എങ്ങനെ ഇവിടെ വന്നു "

ഭയത്താല്‍ ദേവന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു
അടുത്ത നിമിഷം ഗംഗയുടെ ഭാവം മാറുന്നപോലെ ദേവന് തോന്നി, അവള്‍ രൌദ്രഭാവമായി മാറി
മരണഭയത്താല്‍ ദേവന്‍ ഓടാന്‍ തുടങ്ങി

ഗംഗയുടെ പേര് ദേവനില്‍ നിന്നും കേട്ടതോടെ, താന്‍ അറിഞ്ഞതൊക്കെ ശരിയാണെന്ന് പര്‍വ്വതിക്ക് മനസ്സിലായി
എങ്കിലും ശ്മശാനമൂകത തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഭയമാല്ലാതെ മറ്റൊരു വികാരവും അവള്‍ക്കു അപ്പോള്‍ തോന്നിയില്ല
ദേവന്‍ ഓടിയ വഴി ലക്ഷ്യമാക്കി അവളും ഓടി

തന്നെ കൊല്ലാന്‍ പാഞ്ഞടുക്കുന്ന ഗംഗയെ കണ്ടു ദേവന്‍ എങ്ങോട്ടെന്നില്ലാതെ ഓടാന്‍ തുടങ്ങി
ആ സമയം നിലാവ് പതിയെ മാഞ്ഞുതുടങ്ങി
ഇരുട്ട് പടര്‍ന്നതോടെ ഓട്ടതിനിടയ്ക്കു മരങ്ങളിലും അവയുടെ വേരുകളിലും തട്ടി ദേവന്‍ വീഴാന്‍ തുടങ്ങി
എങ്കിലും തന്‍റെ പുറകെ പാഞ്ഞടുക്കുന്ന തീക്കനല്‍ പോലത്തെ രണ്ടു കണ്ണുകള്‍ ഗംഗയുടെത് ആണെന്ന് അറിയാവുന്ന ദേവന്‍ " എന്നെ കൊല്ലരുതേ " എന്ന് അപേക്ഷിച്ചുകൊണ്ട് പിന്നെയും ഇരുളിലൂടെ ഓടിക്കൊണ്ടിരുന്നു
പെട്ടെന്നാണ് അത് സംഭവിച്ചത്
കാല്തട്ടി താഴെ വീണ ദേവന്‍ ഒരു അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ചു
പുറകെ ഓടിയെത്തിയ പര്‍വ്വതിക്ക് അകന്നുപോകുന്ന ദേവന്‍റെ നിലവിളി മാത്രമേ കേള്‍ക്കനായുള്ളൂ

" ഇനി പോയ്ക്കോളു കുട്ടിയെ, എല്ലാം കഴിഞ്ഞു "


വൃദ്ധന്‍റെ ആ ശബ്ദം കേട്ടതും അവള്‍ ഞെട്ടി ഉണര്‍ന്നു

കുറച്ചു നേരത്തേക്ക് താന്‍ എവിടെയാണെന്ന് പര്‍വ്വതിക്ക് മനസ്സിലായില്ല
ക്ലോക്കിലെ സെക്കന്‍ഡ് സൂചിയുടെ ശബ്ദത്തില്‍ നിന്നും വീട്ടില്‍ ആണെന്നുള്ള ബോധം അവള്‍ക്കു ഉണ്ടായി
അവള്‍ കൈ എത്തിച്ചു ബെഡ് ലാമ്പിന്‍റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തി
മുറിയിലാകെ വെളിച്ചം പരന്നു

" അതെ താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെയാണ്, അപ്പോള്‍ കുറച്ചു മുന്‍പ് കണ്ടത്‌ ഒരു സ്വപ്നമായിരുന്നോ... ? "

അവളുടെ ശരീരം വിയര്‍ത്ത് ഒഴുകുവാന്‍ തുടങ്ങി
ക്ലോക്കില്‍ സമയം 3 കാണിച്ചു
ദേവേട്ടനെ വിളിച്ചാലോ, ആദ്യം അതാണ് അവള്‍ക്കു തോന്നിയത്‌
ഉടന്‍തന്നെ അവള്‍ മൊബൈല്‍ എടുത്ത് ദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
റിംഗ് ചെയ്തു നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല

" അല്ലേലും ഇ സമയത്ത് ആര് എടുക്കാനാ "

അവള്‍ സ്വയം ശപിച്ചുകൊണ്ട് വെരുകിനെപ്പോലെ മുറിയില്‍ അങ്ങുമിങ്ങും നടന്നു
എത്രയും പെട്ടെന്ന് നേരം വെളുത്താല്‍ മതിയെന്നായിരുന്നു അപ്പോള്‍ അവള്‍ക്കു
മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി, കിഴക്ക് വെളിച്ചം പരത്തിക്കൊണ്ട് സൂര്യന്‍ ഉദിച്ചുയര്‍ന്നു

" സമയം 6 കഴിഞ്ഞിരിക്കുന്നു, ഇനി വിളിക്കാം "

അവള്‍ വേണ്ടും മൊബൈല്‍ എടുത്ത് ദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
പ്രതീക്ഷയുടെ അവസാനത്തെ റിംഗില്‍ പരിചിതമല്ലാത്ത ഒരു പുരുഷ ശബ്ദം കേട്ടു

" ഹലോ, ആരാണ് "

" ഞാന്‍.. ഞാന്‍ ദേവന്‍റെ ഫ്രണ്ട് ആണ്... ദേവന്‍ ഇല്ലേ "

" ക്ഷമിക്കണം ഒരു ദുഖ വാര്‍ത്തയാണ് അറിയിക്കാനുള്ളത്, ദേവന്‍ ഇന്നലെ രാത്രി മരിച്ചു. ഒരു പൊട്ടക്കിണറ്റില്‍ വീണതാ... "

പാര്‍വ്വതിയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി...

വിറയ്ക്കുന്ന വാക്കുകളോടെ അവള്‍ ചോദിച്ചു

" എന്താ പറ്റിയെ... ? "

" ബോധാമില്ലതെയുള്ള യാത്ര ആയിരുന്നില്ലേ ഇതുവരെ, ഇങ്ങനെ അവസാനിച്ചില്ലെങ്കിലെ അത്ഭുതമുള്ളു
കാണാന്‍ വരുന്നുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പ് വരുക "

ഇത്രയും പറഞ്ഞു മറുതലയ്ക്കല്‍ ഫോണ്‍ കട്ട്‌ ആയി


എന്തിനെന്നറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നുവീണു...

No comments:

Post a Comment