Monday 31 December 2012

നന്ദി വര്‍ഷമേ



വിടപറയുന്ന വര്‍ഷമേ

നീ തന്ന വേദനകള്‍ക്കും

ഓര്‍മ്മകള്‍ക്കും

നീയെന്‍ മേല്‍ കൊരിയിട്ട

കനല്‍പൂക്കള്‍ക്കും

മോഹഭംഗങ്ങള്‍ക്കും

എല്ലാത്തിനും നന്ദി

വന്നണയാന്‍ വെമ്പുന്ന

പുതുവര്‍ഷമേ

പഴയതെല്ലാം മായ്ച്ചു

ഞാന്‍ നിന്നെ കാത്തിരിക്കുന്നു

പുതു അനുഭവങ്ങള്‍ തന്‍

പൂന്തെനരുവിയില്‍

മുങ്ങാംകുഴിയിട്ടു

മടങ്ങാന്‍...

Friday 28 December 2012

ആത്മഗതം'



ഒരു പാത്രം മറവിയുമായി

നിന്നെ കാണാന്‍ വന്നപ്പോള്‍

നീ എനിക്ക് ഒരു കുന്നോളം

ഓര്‍മ്മകള്‍ തന്നു...

Thursday 27 December 2012

കഷ്ടകാലം



ജീവിതത്തില്‍ കഷ്ടകാലം കൊണ്ട്

ഗതി കേട്ടു നട്ടം തിരിഞ്ഞു ഇനി

ഒരു രക്ഷയും ഇല്ല എന്ന

ബോധ്യത്തില്‍ ആണ് അവന്‍

ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയത്..

വളരെ ആലോചിച്ചു വേറൊന്നിലും

മരിക്കും എന്ന് വിശ്വാസം വരാത്തകൊണ്ടാണ്

ട്രെയിന്‍ തല വെക്കാം എന്ന് തീരുമാനിച്ചത്

അങ്ങനെ അവന്‍ ട്രെയിന്‍ സമയം നോക്കി

പാളത്തില്‍ വളരെ നേരത്തെ തന്നെ

പോയി സ്ഥാനം പിടിച്ചു,


അതാ ട്രെയിന്‍ന്‍റെ കൂവല്‍ കേക്കാം

ലോകമേ വിട, നാളെ എന്നെക്കുറിച്ച്

നല്ലത് മാത്രം കേക്കാം..കണ്ണുകള്‍ അവന്‍

ഇറുകി അടച്ചു, ട്രെയിന്റെ ശബ്ദ്ദം

അടുത്തടുത്തു വരുന്നു, പെട്ടെന്നാണ്

നിനക്കൊന്നും വേറെ ഒരു പണിയും

ഇല്ലെന്നു ചോദിച്ചു ആരോ തന്നെ

പൊക്കി എടുക്കുന്നു.


കണ്ണ് തുറന്നു നോക്കിയപ്പോള്‍ മനസ്സിലായി

ഒരിക്കലും ഇവിടെ നിര്‍ത്താത്ത ട്രെയിന്‍

ദാണ്ടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍

നിര്‍ത്തിയിട്ടിരിക്കുന്നു, അതില്‍ നിന്ന്

ഇറങ്ങി ആക്രോശിക്കുന്ന ഡ്രൈവര്‍

മനുഷ്യര്‍ക്ക്‌ പണി ഉണ്ടാക്കാന്‍ വേണ്ടി

ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും എന്ന്

സഭ്യമല്ലാത്ത ഭാഷയില്‍ പറയുന്ന

പോലീസ്ക്കാര്‍


മരിക്കാന്‍ പറ്റാത്തത്തിന്‍റെ

നാണക്കേടിലും അവന്‍ ഓര്‍ത്തു

ഹോ മനസ്സമാധാനത്തോടെ മരിക്കാനും

സമ്മതിക്കില്ലല്ലോ ,

മുടിഞ്ഞ കഷ്ടകാലം...



നൊമ്പരം


രാവിന്‍ നിലാപക്ഷികള്‍ പാടും
കാറ്റിനീണങ്ങള്‍
മനസ്സില്‍ പതിയവെ
അറിഞ്ഞു ഞാനിന്നൊരു
വേര്‍പാടിന്‍ നൊമ്പരം

ഏകാന്തതയിലെരിയും
തിരിനാളങ്ങള്‍
ആളിപടര്‍ന്നു കത്തവെ
അറിഞ്ഞു ഞാന്‍
വിരഹാഗ്നിയിലെരിയും
ആത്മാവിന്‍ നൊമ്പരം

കനവുകളില്‍ പൂത്ത
വസന്തം പാഴ്കിനാവായ്‌
മറയവെ
അറിഞ്ഞു ഞാന്‍
ഏകാന്തതയില്‍ നോവും
മനസ്സിന്‍ നൊമ്പരം

സന്ധ്യയുടെ ഭാവം
ഇരുള്‍ മൂടവെ
അറിഞ്ഞു ഞാന്‍
വരുവാനാരുമില്ലാത്തവര്‍ തന്‍
കാത്തിരിപ്പിന്‍ നൊമ്പരം

നൊമ്പരങ്ങള്‍ ഒക്കെയും
കൈപ്പിടിയിലൊതുക്കി
നടന്നു നീങ്ങവെ
പുറകില്‍ സന്തോഷങ്ങള്‍
ആര്‍ത്തുല്ലസിച്ചിരുന്നു..


നീര്‍മിഴിത്തുള്ളികള്‍


ദുഃഖങ്ങളുടെ
പെരുമ്പറ
കൊട്ടലില്‍
വീണുടയുന്ന
നീര്‍മിഴിത്തുള്ളികള്‍

Wednesday 26 December 2012

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍



മറക്കുക ഹൃദയമേ

മൂകമാം ഓര്‍മ്മകള്‍

പൊറുക്കുക ഹൃദയമേ

വേദന തന്‍ പാടുകള്‍

നടന്നകലുക നീ

ആര്‍ദ്രമാം ഭാവങ്ങളില്‍ നിന്നും

കാത്തിരിക്കുക നീ

വസന്തം പൂക്കുന്ന കാലത്തിനായി

മഞ്ഞില്‍ വിരിയും പൂക്കള്‍

വിടരും വരെ

Tuesday 25 December 2012

ക്രിസ്മസ് ഗാനം



പുല്‍ക്കൂട്ടില്‍ ഭൂജാതനായാവനെ
എന്‍ യേശുനായകനെ
മര്‍ത്യനായി പിറന്നൊരു പുണ്യമേ
എന്‍ യേശുനായകനെ

നിന്‍ പിറവി ഞങ്ങള്‍ വാഴ്ത്തുന്നു
നിന്‍ നാമം ഞങ്ങള്‍ വാഴ്ത്തിടുന്നു

നിന്‍ മുമ്പില്‍ എന്‍ കുറ്റമെല്ലാം
ഏറ്റുപറയുമ്പോള്‍
എന്‍ ദുഖഭാരമെല്ലാം നീ അകറ്റുന്നു

ക്രൂശിതനായി മാനവരാശിതന്‍
പാപങ്ങള്‍ കഴുകികളഞ്ഞവനെ

നിന്‍ പിറവി ഞങ്ങള്‍ വാഴ്ത്തുന്നു
നിന്‍ നാമം ഞങ്ങള്‍ വാഴ്ത്തിടുന്നു

ക്രിസ്മസ് ആശംസകള്‍

Monday 24 December 2012

നിത്യതയില്‍ ലയിക്കും വരെ



പറയുവനാനിനി ഒരു പ്രണയം ഇല്ല

കൊണ്ട് നടക്കാന്‍ കൈയില്‍

ഒരു പിടി മോഹങ്ങള്‍ ഇല്ല

തീച്ചൂളയില്‍ വെന്ത ഹൃദയവുമായി

ചീന്തിയെടുക്കാന്‍ ഒരു പിടി ഓര്‍മ്മകള്‍

ഇല്ലാതെ നടന്നകലുമ്പോള്‍

വിട ചൊല്ലിയ വാക്കുകള്‍ പല്ലിളിക്കുന്നുണ്ടാവാം

നിസ്സംഗതയില്‍ മൂടിയ വികാരങ്ങള്‍

ഇനിയും പൂക്കാതിരിക്കട്ടെ

നിത്യതയില്‍ ലയിക്കും വരെ

Sunday 23 December 2012

കവിതയിലെ നൊമ്പരം



കവിതയില്‍ അക്ഷരങ്ങള്‍

വിതുമ്പി തീര്‍ത്ത നൊമ്പരം

പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി

കിടന്നുറങ്ങിയ വേളയില്‍

പിച്ചിച്ചീന്തിയെറിഞ്ഞവര്‍

ഹൃദയത്തിന്‍ തേങ്ങല്‍

കണ്ടില്ലാന്നു നടിച്ചു

എന്ന് നീ എന്നെ തേടി വരും...


സൂര്യനായി പൂത്തൊരു സൂര്യകാന്തി പോലെ

ചന്ദ്രനായി വിരിഞ്ഞൊരു ആമ്പല്‍പൂവിനെ പോലെ

മഴക്കായി കൊതിച്ച വേഴാമ്പലിനെ പോലെ

ഇളം കാറ്റില്‍ ചിരിക്കും പൂവിതള്‍ പോലെ

എനിക്കായ്‌ വിടര്‍ന്നൊരു പനിനീര്‍പ്പൂവായി

എന്ന് നീ എന്നെ തേടി വരും...

ഏകാന്തത




ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
പ്രണയമേ നീ എന്നെ വെറുക്കുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
വിരഹമേ നീ എന്നില്‍ അലിയുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മൌനമേ നീ എന്നെ വരമാല്യം ചാര്‍ത്തുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മരണമേ നീ എന്നെ പുല്‍കുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മോക്ഷമേ നീ എന്നില്‍ വിടരുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
എന്‍ ഗദ്ഗദം നീ മാറ്റുമോ
കാലമേ നീ എന്നെ ഉറക്കുമോ..
എന്‍ ചപല വികാരങ്ങള്‍ തുടക്കുമോ...

Wednesday 19 December 2012

ജനിക്കാത്ത മകള്‍ക്ക്



മകളെ നീ എന്‍ ഉദരത്തില്‍

പിറക്കാതിരിക്കുക..

ഇരുള്‍ മൂടാന്‍ കാത്തിരിക്കാതെ

കഴുകന്‍ കണ്ണുകള്‍

കാമകേളിക്കായ്‌ തെരുവില്‍

നിന്നെ വിലപേശാന്‍

തക്കം പാര്‍ക്കുന്നവര്‍ക്കിടയില്‍,

ബന്ധങ്ങളുടെ വിലയറിയാത്ത

ബുദ്ധിശൂന്യര്‍ക്കിടയില്‍,

പണമൊരു വിത്തായി

മനസ്സില്‍ കരുതും

ജന്മങ്ങള്‍ക്കിടയില്‍,

മകളെ നീ പിറക്കാതിരിക്കുക..

ഇനിയും ഒരു പെണ്‍കൊടി തന്‍

ഹൃദയം പിളരും അലര്‍ച്ച

കേള്‍ക്കാതിരിക്കാന്‍,

പിച്ചിചീന്തും നിന്‍ മനസ്സിന്‍

പിടച്ചില്‍ കാണാതിരിക്കാന്‍,

മകളെ നീ പിറക്കാതിരിക്കുക

ഈ അമ്മതന്‍ ഉദരത്തില്‍

പിറക്കാതിരിക്കുക..

അക്ഷമ


പുള്ളിപൂങ്കുയിലേ
പ്രഭാതം വിടര്‍ന്നില്ലേ ഇനിയും
നാട്ട്മാവിന്‍ കൊമ്പത്ത് പാടുവാന്‍
ഇനിയും നീ വന്നില്ലേ
കുളിരും പൊഴിക്കും പ്രഭാതമേ
നീ ഇനിയും ചിരി തൂവിയില്ലേ
മഹാസാഗരത്തില്‍ ചായാന്‍ പോയ
സൂര്യനിയും ഉണര്‍ന്നില്ലേ
കാലചക്രത്തില്‍ യാത്ര തിരിക്കും
സമയവും ഇഴയുന്നുവോ
ആരോ കാത്തിരിക്കും എന്‍
അക്ഷരങ്ങള്‍ വീണ്ടും
അക്ഷമ പൂണ്ടുവോ..

സമ്മാനം


പ്രാണനും പകുത്തു

തന്നില്ലേ പ്രണയമേ

എന്നിട്ടും എന്തിനു

നീ എനിക്ക്

കനല്‍പൂക്കള്‍ മാത്രം

സമ്മാനമായി തന്നു.

നിറം


മനസ്സില്‍ തീര്‍ത്ത മഴവില്ലില്‍

നിറം പൂശിയത് നീ ആകവെ

അത് മറ്റൊരാളുടെ വര്‍ണ്ണങ്ങളുടെ

ബിംബം ആണെന്നറിയാന്‍

വൈകിപോയൊരു പാഴ്ജന്മമിന്നു ഞാന്‍

Tuesday 18 December 2012

രാഗം



നിന്‍ നയനങ്ങള്‍

ഉതിര്‍ക്കും ഗാനങ്ങളില്‍

പിടയുന്നതെന്‍ ഹൃദയരാഗം

നിന്‍ മൌനങ്ങള്‍

വിടര്‍ത്തും ചിന്തയില്‍

ഉലയുന്നതെന്‍ ജീവരാഗം

നിന്‍ കരങ്ങള്‍

നെയ്യും തൂലികയില്‍

വിതുമ്പുമെന്‍ ആത്മരാഗം

നിന്‍ വാക്കുകള്‍

തീര്‍ത്തൊരു വര്‍ണ്ണങ്ങളില്‍

വിടരുന്നതെന്‍ പ്രിയാനുരാഗം

ആത്മാവില്‍ എഴുതിയൊരു

പ്രിയാനുരാഗം..

ശീലങ്ങള്‍

ഓര്‍മ്മകളില്‍
വീണുപോകാതിരിക്കാന്‍
ഓര്‍മ്മകള്‍ക്ക് മുന്നെ നടക്കാന്‍
ശീലിക്കുകയാണ് ഞാന്‍
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍
പാതകള്‍ ഇനിയും നിന്നില്‍
വന്നു ചേരാതിരിക്കാന്‍
സ്വാര്‍ത്ഥത ശീലിക്കയാണ് ഞാന്‍
പൊഴിഞ്ഞ ആശകള്‍
പുതിയ തീരങ്ങള്‍ തേടി
യാത്ര ചെയ്യട്ടെ...
നിന്നില്‍ അടിയറവു വെച്ച
ആത്മാവ് ഇനിയും
വിതുമ്പാതിരിക്കട്ടെ...

Saturday 15 December 2012

നീ മാത്രം...

മോഹങ്ങളില്‍ പൂക്കുന്ന ജാലകം
വാക്കുകളില്‍ കൊഴിയുന്ന വസന്തം
സ്വപ്നങ്ങളില്‍ നിഴലിക്കും വര്‍ണ്ണങ്ങള്‍
എന്നോ പെയ്തു തീര്‍ന്നൊരു മഴ പോല്‍
എന്‍ ഓര്‍മ്മകള്‍
പറയാന്‍ മറന്ന വാക്കുകള്‍
ഈയാംപാറ്റ പോല്‍ ചുറ്റിനും
കൈയ്യില്‍ നിന്ന് അടര്‍ന്നു വീണ
മുത്തുകള്‍ പോല്‍ ചില നഷ്ടങ്ങള്‍
ഇന്നും എന്‍ ഓര്‍മ്മതന്‍ മുറ്റത്തു
നീ മാത്രം...
നീ മാത്രം...

Friday 14 December 2012

എന്നും എന്നെന്നും

എന്‍റെ പാട്ടിലൊരു ഈണമായ്‌
എന്‍ മൊഴിയിലൊരു മുത്തായ്
എന്‍ മനസ്സിലൊരു കനവായ്
എന്‍ കവിതയിലൊരു ഭാവമായ്‌
നീ എന്നും എന്‍ ചാരെ ..
എന്നും എന്നെന്നും...

നയനങ്ങളില്‍ വിടരും വര്‍ണ്ണമായ്‌
കുളിര്‍ പെയ്യും കാറ്റായ്
പളുങ്ക് പൊഴിക്കും നിലാവായ്‌
നീ എന്നും എന്‍ കൂടെ
എന്നും എന്നെന്നും...

മായാത്ത അക്ഷരമായ്‌
തീരാത്ത മോഹമായ്‌
നിലക്കാത്ത താളമായ്‌
അണയാത്ത നാളമായ്
നമ്മുക്കെന്നും വിളങ്ങീടാം
എന്നും എന്നെന്നും...

Wednesday 12 December 2012

ചിന്ത





ഒരായിരം

ശരികള്‍ക്കിടയിലെ

ഒരു തെറ്റ് തേടി

അതോ

ഒരായിരം തെറ്റിനിടയിലെ

ഒരു ശരിക്ക് വേണ്ടി

ചോദ്യങ്ങള്‍ ബാക്കിയായ

ഒരു യാത്ര

നാളെയിലേക്ക്

Tuesday 11 December 2012

പാടിയില്ല,



പാടിയില്ല,പണ്ടൊരു പൂവിന്‍റെ
വിരഹത്തിന്‍ നോവുകള്‍,,
ഗ്രീഷ്മ രാവുകളും,,
പിന്നെ,സിന്ദൂര സന്ധ്യകളും...

പാടിയില്ല ഞാന്‍,നിലാവിന്‍,,
ചിരിക്കും നക്ഷത്രങ്ങള്‍ തന്‍,,
കണ്ണീരും വേര്‍പാടുകളും,,
മായാരാഗവും..

പാടിയില്ല ഞാന്‍ നിന്‍,,
നിഴല്‍പാടില്‍ മയങ്ങും,,
എന്‍ മനസ്സിന്‍,,
വിങ്ങലുകളും വേദനകളും,,
മൂകരാഗവും...

പാടിയില്ല,പണ്ടൊരു പൂവിന്‍റെ
വിരഹത്തിന്‍ നോവുകള്‍,,
ഗ്രീഷ്മ രാവുകളും,,
പിന്നെ,സിന്ദൂര സന്ധ്യകളും..

യാചകന്‍



അവനൊരു യാചകന്‍
വിധിയുടെ വിളയാട്ടത്തില്‍
കൈയും കാലും ശുഷ്കിച്ചു
പോയൊരു ആലംബഹീനന്‍...

ഒരു നേരത്തെ അന്നത്തിനായി
ഭിക്ഷ ചോദിച്ചു
ഒരു രൂപ പരാകി
കൊടുത്ത മുഖങ്ങളിലും
സഹതാപം കാട്ടിയ മുഖങ്ങളിലും
ദൈവത്തെ കണ്ടവന്‍

ആശയുടെ ഒരു കടുക്‌മണി
പോലും ഇല്ലാതെ
മരിക്കുന്ന നിമിഷം വരെ
പണക്കാരനാവാന്‍
സ്വപ്നം കണ്ടവന്‍

സങ്കടങ്ങള്‍ക്ക് അറുതി
ഇല്ലെന്നറിഞ്ഞവന്‍
ഇവനൊരു യാചകന്‍
സ്വപനം മാത്രം
സ്വന്തമായി ഉള്ളവന്‍..

അരളിമരം

അന്ന് നിന്നെ കാത്തു
അരളിമരത്തിന്‍ ചുവട്ടില്‍
നിന്നതും ....
കാത്തിരിപ്പിന്‍
നിമിഷങ്ങളില്‍ സമയചക്രം
ആരോ പിടിച്ചു
നിര്‍ത്തിയതായി തോന്നിയതും,
എന്‍റെ കത്തു വാങ്ങുമ്പോള്‍
നിന്‍ നയനങ്ങളില്‍ മിന്നിതെളിഞ്ഞ
ഭയപ്പാടുകളും ഞാന്‍
എങ്ങനെ മറക്കും സഖീ....
നിന്‍ പ്രണയത്തില്‍ എന്നോടൊപ്പം
ചിരിച്ച അരളിമരം
നീ പോയപ്പോ എന്നെ ആശ്വസിപ്പിച്ച മരം
ഇന്നും എന്നെ നോക്കി ചിരിച്ചു നില്‍പ്പൂ
വേറെ പലരുടെയും പ്രണയത്തിന്
സാക്ഷ്യം വഹിച്ചു...

ശോണിമ



കുങ്കുമത്തില്‍ ചാലിച്ച സന്ധ്യയും

കരിയില്‍ ചാലിച്ച നിശയും
വെള്ളപൂശിയ വെയിലും
നിന്‍ ശോണിമ കുറക്കുന്നില്ലലോ
എന്‍ പ്രണയമേ

Monday 10 December 2012

നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്



പാടുവാന്‍ മനസ്സിലുണ്ടെന്‍,,
നിലാപ്പൂവിന്‍,കാവ്യദളങ്ങളില്‍,,
ശ്രുതി തുളുമ്പും നീലാംബരി...

അറിയാതെ പെയ്തു പോയ്‌,,
മഴയുടെ മോഹങ്ങള്‍,,
ലോലമെന്‍ പൂംപരാഗങ്ങളില്‍..

എന്റെ തുളസീവനം നിറയെ,,
മഴ കൊണ്ട് കുളിരിട്ട,,
ഇതളുകള്‍,തളിരിലകള്‍,,
മഞ്ഞുമാമ്പൂ കനവുകള്‍...

ഒരു ഹൃദയവസന്തം,,
അറിയാതെ,എന്‍ മനസ്സില്‍,,
മഴയായ്‌,പെയ്തിറങ്ങി,,
ഇടറുമൊരു നിമിഷത്തിനുള്ളില്‍,,
അവയെന്നോ,നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..
നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..."

പൂവ്


എന്‍ മനസ്സിന്‍ കോവിലില്‍
ഞാന്‍ കണ്ടൊരു പുഷ്പമേ
നിന്‍ അനുപമസൌന്ദര്യത്തില്‍
എന്‍ മനവും പൂത്തുലഞ്ഞുവല്ലോ

നിന്‍ സുഗന്ധത്തില്‍
നിന്നില്‍ വന്നിരിക്കും
വണ്ടിനോടും എന്‍ മനം
അമര്‍ഷം പൂണ്ടുവല്ലോ

ആരാലും കണ്ണുപെടാതെ
സൂക്ഷിച്ചിട്ടും നീ എന്നില്‍ നിന്നും
വാടി അകന്നുവല്ലോ
എന്‍ അരമുല്ലപൂവേ,,,
 കരിഞ്ഞു പോയാല്ലോ
എന്‍ പൊന്‍ പൂവേ,,,
അത് കണ്ടു എന്‍
മനവും തളര്‍ന്നല്ലോ..

നിശബ്ദത



എന്‍ മനസ്സിന്നു നിശബ്ദമാണ്

മരണമൂക നിശബ്ദത

വിരഹമൂകതയില്‍

കോര്‍ത്തെടുത്ത നിശബ്ദത

തണുത്തുറഞ്ഞ മഞ്ഞിന്‍കണം പോല്‍

നിലംപതിച്ചു കിടക്കുമ്പോഴും

ദൂരെ വിഷമങ്ങള്‍ എന്നെ നോക്കി ചിരിച്ചു

അടര്‍ന്നു വീണ കവിതയില്‍

പോട്ടിയടര്‍ന്ന വാക്കുകള്‍

നിശബ്ദം ഓടിയകന്നു

മരിക്കാന്‍ ഭയമുള്ള ആത്മാവിനെ പോല്‍

Saturday 8 December 2012

ലാഭം

ഇഷ്ടപ്പെടുന്നതെല്ലാം നീ

സ്വന്തമാക്കും എന്ന്
അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ എന്‍റെ ലാഭം
പണ്ടേ എഴുതിയെടുത്തേനെ

നോവ്‌


പൂക്കാലം തേടി
ദേശാടനപക്ഷികള്‍
പോല്‍ പറന്ന
എന്‍ മനസ്സില്‍
നീ നെയ്ത അമ്പുകള്‍
ഒരു മുറിപ്പാടായി
അവശേഷിച്ചിരുന്നു

ഇനി എനിക്കുവേണ്ടി
ദേവദാരു പൂക്കുമെന്നും
മഴപക്ഷികള്‍ എന്നെതേടി
വരുമെന്നുമുള്ള
വ്യര്‍ത്ഥ മോഹങ്ങള്‍
ഇവിടെ ഉപേക്ഷിച്ചു
ഞാനും നടക്കട്ടെ

ചുട്ടുപൊള്ളുന്ന ഈ
ആലക്കുമപ്പുറം
എനിക്കായ്‌ പൂത്തൊരു
പൂക്കാലവും തേടി

എന്‍ പാഴ്മനസ്സില്‍
നീ ഇല്ലെന്നുള്ള
നോവ്‌ മാത്രം ബാക്കിയായ്‌..

Wednesday 5 December 2012

മഴയായ്,മിഴിനീര്‍ മഴയായ്




മഴയായ്,മിഴിനീര്‍ മഴയായ്,,
പെയ്യുന്നു,ദൂരെ ആത്മാവിന്‍ നൊമ്പരം,,
എന്റെ ഹൃദയത്തിന്‍ മീതെ...

അന്നൊരു നേരം,മനസ്സറിയാതെ അകന്നു,,
എന്നൊരു പരിഭവമോടെ,,
പെയ്യുകയായ് ഈ തുള്ളികള്‍..

ഒരു,നീറും കരളിന്‍ ഗദ്ഗദമായി,,
ഒരു,നോവും സ്മൃതി തന്‍ സ്പന്ദനമായി,,
ആരോഹണത്തിലും അവരോഹണമായി,,
പെയ്യുകയായ്‌ ഈ തുള്ളികള്‍...

വിരഹമൊരു നോവായ്‌,,
ജ്വലിക്കുന്ന അഗ്നിയായ്,,
ആഴ്ന്നിറങ്ങുവതിങ്ങു മനസ്സില്‍...
എകാന്തമായ് നിറയുവത്,,
ഞാനോ നീയോ,അറിയില്ലന്നതെന്നതോതി,,
പെയ്യുകയായി,ഈ തുള്ളികള്‍..
നൊമ്പരത്തുള്ളികള്‍.."

തേടുകയായിരുന്നു.


സ്നേഹസാഗരമേ നിന്‍
ചിലമ്പോലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..

കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു

എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു

ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം

Tuesday 4 December 2012

തെരുവോരം ഒരു താരാട്ട്

എന്‍ കുഞ്ഞേ നീയുറങ്ങൂ
എന്‍ മുത്തെ ഉറങ്ങുറങ്ങ്
അമ്മയുടെ അപശ്രുതി മൂളും

താരാട്ട് പാട്ടിന്‍ ഈണം കേട്ട്
എന്‍ കുഞ്ഞേ ഉറങ്ങുറങ്ങ്..

തെരുവിന്‍ കുളിരില്‍ മയങ്ങു നീ
ഈ മഴയില്‍ ഈ തെരുവില്‍
അമ്മയുടെ ചാരെ ഉറങ്ങുനീ
തെരുവിന്‍ മകനെ ഉറങ്ങു നീ
വിശപ്പിന്‍ നോവ്‌ മറന്നുറങ്ങു നീ

അമ്മതന്‍ കൈകളില്‍
നിനക്ക് തരാന്‍ ഒരു
പിടി കണ്ണീര്‍തുള്ളി മാത്രം..
ഒരു പിടി കണ്ണീര്‍തുള്ളി മാത്രം

എന്‍ കുഞ്ഞേ നീയുറങ്ങൂ
എന്‍ മുത്തെ ഉറങ്ങുറങ്ങ്..

വിട


ഓര്‍മ്മകളുടെ ശവപറമ്പില്‍

വെച്ചൊരു വാഴയും കുലച്ചു..
നീ കൊറിയിട്ടൊരു വ്രണങ്ങള്‍
കാലത്തിന്‍ കുത്തൊഴുക്കിലും
ഉണങ്ങാന്‍ മടിക്കുന്നു
ഇനിയും പറഞ്ഞു മുഷിഞ്ഞ
നഷ്ടങ്ങളുടെ പരിതാപങ്ങള്‍
എന്നില്‍ തന്നെ ഉറഞ്ഞു കൂടട്ടെ
നിന്നില്‍ നിന്ന് വിട പറയുമ്പോഴും...

Monday 3 December 2012

എന്നില്‍.......


നിന്നിലെ കപട
മുഖമൂടി കളഞ്ഞു
നീ ... നീ ആകുവിന്‍..
വീര്‍പ്പുമുട്ടിക്കുന്ന
മൌനത്തിന്‍ ചില്ലുജാലകം
പൊട്ടിച്ചിതറട്ടെ..
ഹൃദയത്തില്‍ മൂടിവെച്ച
കിളികള്‍ പറന്നു നടക്കട്ടെ
നിന്‍ കാപട്യത്തെ
കൂസാത്ത നിന്‍ നയനങ്ങള്‍
പിന്തുടര്‍ന്നാല്‍ നിനക്ക് എന്നിലെത്താം...
നിന്‍ മനസ്സില്‍ കുടിയിരിക്കുന്ന
നീ കണ്ടില്ലെന്നു നടിക്കുന്ന എന്നില്‍.......

വിരിയാത്ത കവിതകള്‍



ഒരായിരം കവിതകള്‍

വിരിയാനാവാതെ

അസ്വസ്ഥപൂണ്ടു എന്നില്‍

കിടന്നു ഉരുകുന്നുണ്ട്..

വേപുഥ പൂണ്ട ഇന്നലെകള്‍

ആത്മാവില്‍ ചൂഴ്‌ന്നു ഇറങ്ങുമ്പോള്‍

നെടുവീര്‍പ്പിന്‍ നിശ്വാസങ്ങള്‍

പുതു നാമ്പിനെയും മുരടിപ്പിക്കുന്നു

വഴിതെറ്റിപോയൊരു

വഴിപോക്കനെ പോല്‍

ഓരോ കവിതയും

ലക്‌ഷ്യം കാണാതെ

ചവറ്റുകുട്ടയില്‍ ഉറങ്ങുന്നു..

സുപ്രഭാതം




ഇളം മഞ്ഞില്‍ കുളിരും പ്രാഭാതമേ
വെയില്‍ ചിരിക്കും പ്രഭാതമേ
നിന്‍ പുതു പ്രതീക്ഷകള്‍
ഇന്ന് ആര്‍ക്കു വേണ്ടി
ഇന്ന് ആര്‍ക്കു വേണ്ടി

പുഞ്ചിരിതൂവും കാറ്റ് മെല്ലെ
നിന്‍ കവിളില്‍ തോട്ടല്ലോ
ആരും കാണാത്തൊരു ചിരി
നീ എങ്ങോ ഒളിപ്പിച്ചല്ലോ

നിന്‍ രഹസ്യം കേട്ട്
പൂവും ഇന്ന്
കുണുങ്ങിചിരിച്ചല്ലോ
ആരോ വരാന്‍ ഉണ്ടെന്നപോല്‍
തുടുത്ത നിന്‍ കവിളുകള്‍
വീണ്ടും ചുവന്നല്ലോ

ചിരിതൂകും പ്രഭാതമേ
നിന്‍ പുതു പ്രതീക്ഷകള്‍
ഇന്ന് ആര്‍ക്കു വേണ്ടി
ഇന്ന് ആര്‍ക്കു വേണ്ടി

Saturday 1 December 2012

വിരുന്നുകാരന്‍




കിനാവുകളില്‍ പാറി നടന്നപ്പോഴും
ചിന്തകളില്‍ അലഞ്ഞപ്പോഴും
ഞാന്‍  അന്വേഷിച്ചതു ആ
വിരുന്നുകാരനെയാണ്

രാത്രിയില്‍ ജനിച്ചു
പകലില്‍ മരിച്ച
ആ വിരുന്നുകാരനെ

മൌനത്തില്‍ ജനിച്ചു
വാക്കുകളില്‍ മറഞ്ഞു നിന്ന
വിരുന്നുകാരനെ

സ്പര്‍ശനത്തില്‍ അറിഞ്ഞു
കാഴ്ച്ചയില്‍ മാഞ്ഞുപോയ
വിരുന്നുകാരനെ

ഔചിത്യമില്ലാത്തൊരു
വിരുന്നുകാരന്‍
എന്‍ ഹൃദയം കവര്‍ന്നൊരു
കൌശലക്കാരന്‍..

നക്ഷത്രങ്ങള്‍


കൈയ്യില്‍ നിന്നും പോട്ടിവീണോരു
ചില്ല്പാത്രത്തിന്‍ കഷണങ്ങള്‍ പോല്‍
നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചിതറി കിടന്നു
പൂനിലാവ് പൊഴിക്കും ചന്ദ്രബിംബവും
വെള്ളിതിലകമണിഞ്ഞ നക്ഷത്രങ്ങളും
ആകാശം ഒരു പൂങ്കാവനമാക്കി
എന്‍ ബാല്യം തീര്‍ത്തൊരു കൌതുകത്തില്‍
അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ പോലെ
ഞാനും ഇന്ന് അച്ഛനെ തിരഞ്ഞു
ആയിരം ചിരിക്കുന്ന നക്ഷത്രങ്ങളിലെ
എന്നെ മാത്രം നോക്കുന്നൊരു നക്ഷത്രത്തെ

മാഞ്ഞുപോകാം ഞാന്‍


ഒരിറ്റു കണ്ണീര്‍ തൂവാതെ
ഒരു വാക്ക് ഉരിയാടാതെ
ഒരു കാല്‍പാടു പോലും
അവശേഷിപ്പിക്കാതെ
മാഞ്ഞുപോകാം ഞാന്‍
ഓര്‍മ്മതന്‍ പോറല്‍ ഏല്‍ക്കാത്ത
എന്‍ ഹൃദയം തിരിച്ചു തരുമെങ്കില്‍
എരിഞ്ഞു തീര്‍ന്ന എന്‍
ഇന്നലെകള്‍ വീണ്ടും പൂക്കുമെങ്കില്‍
വിരഹജ്വാലയില്‍ ദഹിച്ച
എന്‍ മനസ്സില്‍ നീ മറവിയാകുമെങ്കില്‍..

ഡിസംബര്‍



മനസ്സും കുളിരും മഞ്ഞില്‍

കുളിച്ചു നില്‍ക്കും ഡിസംബറെ

നീ എന്നെ ഓര്‍ക്കുന്നുവോ

പ്രണയം പകരും മഴയില്‍

നനഞ്ഞു നിന്ന എന്നെ

തീയിലിട്ടത് നീ ആണ്..

പുത്തന്‍ ഉണര്‍വ്വ് തരും

പുതിയ വര്‍ഷപ്രതീക്ഷയില്‍

എന്‍ പ്രതീക്ഷതന്‍ വെളിച്ചം

ഊതിക്കെടുത്തിയതും നീ ആണ്

ഇന്ന് നീ പൊഴിക്കും മഞ്ഞിലും

നിരാശതന്‍ തീക്കനലിന്‍

വേവ് കുറക്കാനാവാതെ..

പുത്തന്‍ പ്രതീക്ഷകള്‍ തന്‍

മിന്നലാട്ടം പോലും ഇല്ലാതെ..

പുതിയൊരു വര്‍ഷത്തിനുള്ള

ഉടുപ്പുമായി നീ വീണ്ടും

എന്‍ മുമ്പില്‍ വന്നു ചിരിക്കുന്നു...