Wednesday 27 March 2013

വെറുത്തു പോയി

കാണാതിരുന്നപ്പോള്‍
നീ എന്നില്‍ ഓര്‍മ്മകളുടെ കുളിരും
വേര്‍പാടിന്‍ നോവും നിറച്ചു
നിന്‍ ഹൃദയരാഗത്തില്‍ ഉതിരും
മുത്തുകള്‍ക്കായി ഞാന്‍ കാത്തിരുന്നു

കണ്ടപ്പോള്‍ നീ എന്നില്‍
കുത്തുവാക്കുകള്‍ കുത്തിനിറച്ചു
പ്രതീക്ഷകള്‍ക്ക് അഗ്നിചാര്‍ത്തി
മോഹങ്ങളില്‍ ഭ്രാന്തിന്‍ വിത്തെറിഞ്ഞു

എന്തോ അറിയാതെ ഞാന്‍ വെറുത്തു പോയി
എന്നെ തന്നെ വെറുത്തു പോയി

Sunday 24 March 2013

നിള




വേനലില്‍ ചീളുകള്‍ മനസ്സില്‍
ഒളിപ്പിച്ചു പൊള്ളുമ്പോഴും
പുഞ്ചിരിയിലെല്ലാം ഒതുക്കി
മഴക്കായ്‌ കാത്തിരിക്കുന്നവള്‍

ഹൃദയശൂന്യരയാ മാനവര്‍
തന്‍ ഹൃദയം പിളര്‍ക്കുമ്പോഴും
ശാപവാക്കില്ലാതെ സ്വയം
ഒതുങ്ങുന്നവള്‍...

ഒരിക്കല്‍ കൂടെയെങ്കിലും
സ്വയം മറന്നു ഒഴുകി
മരിക്കാന്‍ നോമ്പ്നോക്കുന്നിവള്‍

ഇവളെന്‍ നിള
തെറ്റുകളെല്ലാം ഏറ്റെടുത്ത്
പരിഭവമില്ലാതെ സ്വയം
മരിച്ചവള്‍...

Saturday 23 March 2013

സുഖം



നിന്‍റെ അടുത്ത് ഇരിക്കുമ്പോള്‍

നിന്നോട് സംസാരിക്കുമ്പോള്‍

മനസ്സിനോരു സുഖമുണ്ട്,

പേരറിയാത്തൊരു സുഖം,

പ്രണയമോ, സൌഹൃദമോ

എന്താണെന്നറിയാത്തൊരു സുഖം

കുഞ്ഞികവിതകള്‍

മൌനമായി നടന്നകലുന്നു ഞാനിന്നും
എന്‍ ഓര്‍മ്മകളിലെ നിന്‍
നയനങ്ങള്‍ തെളിച്ച പ്രകാശവുമായി
---------------------------------------------------

എന്നോര്‍മ്മകളില്‍ ഒഴുകിയെത്തുന്ന
 വര്‍ണ്ണങ്ങളിന്നും
നിന്‍ കണ്ണില്‍ മിന്നുനുണ്ട്, 
നീ അറിയുന്നില്ലെങ്കിലും

---------------------------------------------
മാറിവരുന്ന വര്‍ണ്ണങ്ങള്‍ പോലെ
അസ്ഥിരമല്ല എന്‍ പ്രണയം
എന്നിട്ടും നീ എന്തെ മുഖം തിരിച്ചു
എന്നെ കണ്ടില്ലന്നു നടിച്ചു

----------------------------------------------
നിന്‍ നീലനയനങ്ങളില്‍ മിന്നും
കാവ്യങ്ങള്‍ ഞാനൊരു
ശ്രുതിയായി ഞാന്‍ പാടിടാം

------------------------------------------
അഴകേ നിന്‍ നയനങ്ങള്‍ തന്‍
കാന്തിയില്‍ എന്നുള്ളം
തുടിക്കുന്നല്ലോ
------------------------------------

ആത്മാവിനെ നീ അറിയാതെ പോകയോ

നിന്‍ മനസ്സിന്‍ കാരഗ്രഹത്തില്‍
മൌനം ഭുജിക്കുമെന്‍
ആത്മാവിനെ നീ അറിയാതെ പോകയോ

മൌനത്തിന്‍ നൊമ്പരങ്ങളില്‍
പിറന്നു വീണെന്‍ കവിത
കാണാതെ പോകയോ

വേനല്‍ തീര്‍ത്ത പൊള്ളലുകളിലും
പൂത്തു നിന്നൊരു വസന്തം
ചൂടാതെ പോകയോ

എന്നുള്ളില്‍ ഉയരുന്ന ഓര്‍മ്മതന്‍
നിശ്വാസങ്ങളെല്ലാം
നിനക്കായ്‌ ഇന്നും നിനക്കായ്‌

കാലമെത്ര കടന്നുപോയി

കാലമെത്ര കടന്നുപോയി
കൌമാരസ്വപ്നങ്ങളോ കൊഴിഞ്ഞു പോയി
ഓര്‍മ്മയാം പൂമാരതണലില്‍
കഴിഞ്ഞുപോയ കാലത്തിന്‍
ചെയ്തതെല്ലാം തെറ്റെന്നുള്ള തിരിച്ചറിവില്‍
മായ്ച്ചാലും മായാത്ത നിറമായി
നീ ഇന്നും നില്‍പ്പൂ

താലി


നിന്‍ മനസ്സില്‍ എനിക്കായ്‌
തെളിഞ്ഞൊരു തിരിനാളമുണ്ടെങ്കില്‍
ഞാന്‍ വരും നിനക്കായ്‌
കോര്‍ത്തൊരു താലിയുമായി

മംഗല്യം



സ്വപ്നങ്ങള്‍ മോഹങ്ങളായി വിരിയവേ
കണ്ടു ഞാന്‍ നിന്‍ കൈയ്യിലൊരു
മോഹപൂത്താലി

നാദസ്വരത്തിന്‍ അകമ്പടിയില്‍
നിന്‍ ചുവടായി നിന്‍ നിഴലായി
അഷ്ടമംഗല്യമായി വലം വെച്ച്
ഞാന്‍ നിന്‍ ചാരെ ഇരുന്നു

കതിര്‍മണ്ഡപത്തില്‍ നമ്രശിരസ്സായി
ഇരിക്കുമെന്‍ കഴുത്തില്‍
മന്ത്രാക്ഷരങ്ങളാല്‍ കോര്‍ത്തു
നീയെന്‍ പൊന്‍താലി

സിന്ദൂരമെന്‍ നെറ്റിയില്‍ ചാര്‍ത്തവേ
നൂറു ജന്മങ്ങള്‍ നോമ്പ്നോറ്റൊരു
മുഹുര്‍ത്തമായി. എന്‍ കനവുകള്‍
നിന്നില്‍ അലിയുമ്പോള്‍
എന്‍ മോഹങ്ങള്‍ ധന്യമായി

Wednesday 20 March 2013

ഭ്രാന്തുള്ളവര്‍



ചിന്തകള്‍ പേകൂത്ത്

നടത്തിയപ്പോഴാണ്

കവിതയെഴുതിയത്

ഇന്നത്തെ നൊമ്പരങ്ങള്‍

നാളെയെന്തെന്നുള്ള ചിന്തയിലാണ്

കഥയെഴുതിയത്


എഴുതിയതൊക്കെയും ചാപിള്ളയും

അബദ്ധധാരണകളുമായിരുന്നു

ഭാവനയെന്ന് പേര് ചൊല്ലി വിളിച്ചപ്പോഴാണ്

എനിക്ക് ഭ്രാന്ത് വന്നത്


പിന്നെഴുതിയ കവിതയും

കഥയും തീക്ഷണവും

നീറുന്നതുമായിരുന്നു


പലരും അതിനെ അവരുടെ

അനുഭവമെന്ന് വിളിച്ചു

ചിലര്‍ ചോദ്യം ചെയ്തു

വിമര്‍ശനം തലങ്ങും വിലങ്ങുമെറിഞ്ഞു


ഒന്നിനും മറുപടിയില്ലാതെ

തൂലിക ചലിച്ചുകൊണ്ടിരുന്നു

ഭ്രാന്തുള്ളവര്‍ ആരുടേയും

പ്രതികരണം നോക്കാറില്ല..

Tuesday 19 March 2013

ചാരം

എന്‍ ഓര്‍മ്മകള്‍ ആളികത്തിക്കുമ്പോള്‍
നീ ഓര്‍ക്കുക
നടന്നകലുമ്പോള്‍ ഒരു പിടി
ചാരം പോലും തൂവരുത്..

Monday 18 March 2013

സ്പന്ദനങ്ങള്‍

വേര്‍പാടിന്‍ ചൂടില്‍ മുങ്ങിയ
മാര്‍ച്ച് മാസത്തില്‍
മറവി തന്‍ ചിറകടിയില്‍
പെട്ടുപോവാതിരിക്കാന്‍,
അവസാന വരിക്കായ്‌
നീ നീട്ടിയ പുസ്തകതാളിന്‍
ഞാന്‍ കുറിച്ചത്
ഹൃദയത്തിന്‍ സ്പന്ദനങ്ങളായിരുന്നു

quotes

ആടിയും പാടിയും
പങ്കുവെച്ചൊരു കലാലയ വര്‍ണ്ണങ്ങള്‍
കൊഴിഞ്ഞു വീഴുന്നൊരു
മാര്‍ച്ചു മാസം

-------------------------------




നിന്‍ നയനങ്ങള്‍ വിടര്‍ത്തിയ

പ്രകാശത്തിലാണ് എന്‍

ഹൃദയം ചലിച്ചിരുന്നത്

അതാകും നീ പോയപ്പോള്‍

ഞാന്‍ ഏകാന്തതയുടെ

ഇരുട്ടറയില്‍ ഒറ്റപ്പെട്ടത്


നീ മാത്രം



നിന്‍ കണ്ണില്‍ മിന്നും കനവുകളോ
നിന്‍ ശ്വാശതമാം നിഷ്കളങ്കതയോ
എന്നെ നിന്നെലേക്ക്ആകര്‍ഷിപ്പൂ
അറിയില്ല എനിക്കറിയില്ല
എന്‍ എകാന്തമാം ഓര്‍മ്മകളില്‍
നീ മാത്രം നിഴലിപ്പൂ
ഇന്നും നീ മാത്രം..

നീ


എന്നുള്ളില്‍ കോരിയിട്ട കനവുകളില്‍
മായ്ച്ചാലും മായാത്തൊരു
ചിത്രമാണ് നീ

-------------------------------------
എന്നുള്ളില്‍ നിന്‍ ഓര്‍മ്മകള്‍
സൃഷ്ടിച്ചൊരു ശൂന്യതയുണ്ട്
മറ്റാര്‍ക്കും നികത്താനാവാത്ത ശൂന്യത......


------------------------------------------
എഴുതിയാല്‍ തീരാത്തൊരു
വാക്കാണ് നിന്‍ പ്രണയമെനിക്ക്

ഓര്‍മ്മകള്‍


തീക്ഷ്ണമാം ഓര്‍മ്മതന്‍
ഗന്ധം സിരകളില്‍
ചൂഴ്ന്നു ഇറങ്ങുമ്പോള്‍
ഇനിയും തെളിയാത്ത നിഴലിനായി
വ്യഥ പൂണ്ടുവോ മനവും
കൊഴിഞ്ഞു പോയ ഇലകള്‍ തന്‍
വിരഹം കാറ്റ് ഏറ്റുപാടും പോല്‍
സ്മൃതികള്‍ തന്‍ നോവ്‌
നയനങ്ങള്‍ ഏറ്റുപാടുന്നു
തോരാത്തൊരു മഴയായി

സ്വപ്നം



എനിക്കൊരു സ്വപ്നമുണ്ട്

വേര്‍പാടിന്‍ നൊമ്പരമില്ലാത്ത

നഷ്ടപ്പെടലിന്‍ ഭീതി ഇല്ലാത്ത

ഓര്‍മ്മകള്‍ തന്‍ പരിഭവം ഇല്ലാത്ത

നിദ്രയില്‍ പൂക്കുന്നൊരു സ്വപനം

ഇരുണ്ട യാമത്തില്‍ കടന്നു വന്നു

വെളിച്ചം വീഴും മുമ്പ്

പോവുന്നൊരു സ്വപ്നം

ആ സ്വപ്നത്തിന്‍ അടിമയാണ് ഞാന്‍

Saturday 16 March 2013

യാത്രാമൊഴി

യാത്രാമൊഴിയില്‍ നിറഞ്ഞൊരു
പ്രണയത്തിന്‍ നൊമ്പരം
അറിയാനേറെ വൈകിപോയൊരു
പാവം പൈങ്കിളി ഞാന്‍

Thursday 14 March 2013

എന്‍ അച്ഛന്‍



വിഷാദം വീണ മൂകതയില്‍

എന്നെ തഴുകുന്നൊരു

കാറ്റാണെന്‍ അച്ഛന്‍

നയനങ്ങള്‍ പൊഴിക്കും മുത്തുമണിയില്‍

എന്നെ പുല്‍കി ആശ്വസിപ്പിക്കും

മഴയാണെന്‍ അച്ഛന്‍

എന്നില്‍ വിരിയും പുഞ്ചിരിയില്‍

മനം കുളിര്‍ന്നു കൂടെ ചിരിക്കുന്നൊരു

വെയിലാണെന്‍ അച്ഛന്‍

ഞാന്‍ കാണാതെ എന്നെ കാണുന്ന

ഞാന്‍ തൊടാതെ എന്നെ തലോടുന്ന

ഞാന്‍ അറിയാതെ എന്‍ കൂടെയുള്ള

ശൂന്യതയിലെ നിഴലാണെന്‍ അച്ഛന്‍

എന്‍റെ സ്വന്തം അച്ഛന്‍ :(

Tuesday 12 March 2013

ചിന്തകള്‍



കൂവിയോടും തീവണ്ടി പോല്‍

എന്‍ ചിന്തകള്‍ പായവേ

പിന്നിലെ ഓര്‍മ്മയുടെ

കളിവള്ളം വിടാനാവാതെ

മനസ്സൊരു ഒച്ചുപോല്‍ ഇഴയുന്നു

ഹൃദയത്തിന്‍ പെരുമ്പറയില്‍

നയനങ്ങള്‍ തന്‍ പിടച്ചിലില്‍

സ്വസ്ഥതയോ ഓടിയൊളിക്കുന്നു

ഇരുളിന്‍ മറവില്‍

മൂകമായി ഒളിക്കുമ്പോള്‍,

ദൂരെ ഏതോ രാപ്പാടി പാടി

നീലനിലാവിലെ ദുഃഖങ്ങള്‍ല്ലയോ

നിന്‍ നീര്‍മിഴിത്തുള്ളികള്‍..

ബാക്കിപത്രങ്ങള്‍

ചിതറിയ സ്വപ്നങ്ങള്‍
പങ്കിട്ടു പോയ മോഹങ്ങള്‍
മരണം നിഴല്‍ വിരിച്ച കണ്ണീര്‍തുള്ളികള്‍
നിര്‍വ്വാണം മോഹിച്ച നിമിഷങ്ങള്‍
ശൂന്യത തളം കെട്ടിയ പൂമുഖം
നയനങ്ങളില്‍ തെളിയും നിരാശകള്‍
ചുണ്ടിലൊരു വിളറിയ പുഞ്ചിരി
തളരാതെ പായുന്ന ചിന്തകള്‍
തളര്‍ന്ന യൌവനം
കുത്തികുറിച്ച കുറെ വരികള്‍
കൂട്ടലും കുറിക്കലും മാത്രമായ
എന്‍ ജീവിതത്തിന്‍ ബാക്കിപത്രങ്ങള്‍

അവസാനവരി

അവസാനവരിയും നിനക്കായ്‌മാത്രം
കുറിച്ച് ഞാന്‍ നടന്നകലും
പുലരിയില്ലാത്ത അസ്തമയത്തിലേക്ക്
അന്നും നിന്‍ പുഞ്ചിരി മായാതെയിരിക്കട്ടെ

ഭ്രാന്ത്

വികലമായ ചിന്തകളെ
വാക്കുകളില്‍ ഒതുക്കിയപ്പോള്‍
നിങ്ങള്‍ അതിനെ ഭ്രാന്തെന്ന് വിളിച്ചു
ഞാന്‍ കവിതയെന്നും

മഞ്ഞുതുള്ളി

മൌനമായി നിന്നിലലിയുന്നൊരു

മഞ്ഞുത്തുള്ളിയാണ് ഞാന്‍

വര്‍ണ്ണം


പെയ്തൊഴിഞ്ഞ ഓര്‍മ്മകളില്‍
ഒരേ വര്‍ണ്ണമായി ഇന്നും
നീ എന്‍ അകതാരില്‍
തെളിഞ്ഞു നില്‍പ്പൂ

തിങ്കള്‍


തിങ്കള്‍ തോളിലേറി സൂര്യന്‍
അങ്ങകലെ ആഴിതന്‍ തീരത്ത്‌
വന്നു പുഞ്ചിരി തൂവിയല്ലോ
മോഹത്തിന്‍ കനവുകള്‍ വിടര്‍ന്നുവല്ലോ
പ്രതീക്ഷകള്‍ വാനില്‍ പറന്നുവല്ലോ
സന്തോഷങ്ങള്‍ നിന്‍ വാതിലില്‍
നിറഞ്ഞു നിക്കട്ടെ

പൊള്ളുന്നു


മറവിയുടെ കാണാകയങ്ങളില്‍

മുക്കികളഞ്ഞ ഓര്‍മ്മകള്‍

ഒരു ചുഴലിക്കാറ്റിന്‍ ആരവത്തില്‍

നോവിന്‍ തീരങ്ങളിലെത്തിക്കുമ്പോള്‍

ഇന്നെന്‍ കവിതയും പൊള്ളുന്നു

Tuesday 5 March 2013

കഴിഞ്ഞത്


കഴിഞ്ഞ കാലത്തിന്‍ പിന്നിട്ട വഴികളില്‍
കുറെ വാക്കുകള്‍ തൂങ്ങിമരിച്ചിട്ടുണ്ട്
പിന്നില്‍ മറഞ്ഞ ഇന്നലെകളില്‍
കുറെ വാക്കുകള്‍ തലതല്ലി കരഞ്ഞിട്ടുണ്ട്
മറിച്ചു വിട്ട താളുകളില്‍
കുറെ വാക്കുകള്‍ ഗദ്ഗദപ്പെട്ടിട്ടുണ്ട്
എന്നിട്ടും ഞാന്‍ മഷിയില്‍ മുക്കി വാക്കുകളെ
നിന്‍ കാലടിയില്‍ വീണു മരിക്കാനായി

Monday 4 March 2013

കഷ്ണം


എത്താത്തൊരു കൊമ്പത്ത്
ഞാനെന്‍ ഹൃദയത്തിന്‍ കൂട് വെച്ചു
കാറ്റ് അതെടുത്ത് താഴെ ഇട്ടു
ഉറുമ്പ് എടുത്തു തലേ വെച്ചു
മഴയെടുത്ത് നദിയില്‍ എറിഞ്ഞു
നദി അതെടുത്ത് കടലില്‍ മുക്കി
എന്‍ ഹൃദയം വിഴുങ്ങിയ മീനിനെ
മീന്‍കാരന്‍ വെട്ടി നുറുക്കി
അതില്‍ നിന്ന് ഒരു കഷണം
എനിക്കും കിട്ടി, എന്‍ ഹൃദയത്തിന്‍
കീറിയ കഷ്ണം

ശൂന്യത


മനസ്സില്‍ തളംകെട്ടിയ ശൂന്യത
വാക്കുകളും ചിന്തകളും
അനാഥമാകുന്ന പോലെ
ഒഴിഞ്ഞുപോക്കിന്‍ നിശബ്ദ അലകള്‍
മനസ്സില്‍ വീശുന്നു
കുത്തിവരക്കപ്പെട്ട ജീവിതത്തില്‍
പുതിയ വര്‍ണ്ണങ്ങളും അപ്രത്യക്ഷമാകുന്നു
ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്
ഇരുളില്‍ മിന്നിയ നിറങ്ങള്‍ അറിയാന്‍

Sunday 3 March 2013

നുറുങ്ങു വെട്ടം


ഒരായിരം പ്രതീക്ഷകള്‍ തന്‍ മെഴുകുതിരികള്‍

മനസ്സില്‍ കൊളുത്തിയിരുന്നു നിന്‍ വരവിനായി

ഇപ്പം അവയൊക്കെയും അണഞ്ഞിരിക്കുന്നുവെങ്കിലും

വെറുതെ കാത്തിരിക്കുന്നു

ഒരു നുറുങ്ങു വെട്ടത്തിനായി

അസ്തമനം


അസ്തമനസൂര്യന്‍
മാനത്ത് ചെങ്കല്ല് വിതറി
പക്ഷികള്‍ ചേക്കേറിയ
ചില്ലകള്‍ ശൂന്യത വരിച്ചു
ഓരോ ചെറിയ കാറ്റിലും
തിരമാലകളുടെ ചെറിയ
ഓളങ്ങളിലും സൂര്യന്‍
നിറം നല്‍കി
ജീവിതവീഥിയിലെ അനുഭവങ്ങളുമായി
ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍
വാരിക്കൂട്ടി അസ്തമിക്കുന്നു
വീണ്ടും പ്രതീക്ഷയുടെ
സ്വപങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി
നിദ്ര മാടിവിളിക്കുന്നു
വീണ്ടുമൊരു സൂര്യോദയം
നാളെയുടെ പ്രതീക്ഷയിലേക്ക്
മറ്റൊരു കാല്‍വെപ്പിനായി

സഹനം

സഹനത്തിന്‍ മൂര്‍ത്തിഭാവങ്ങള്‍ നമ്മള്‍
അടിച്ചമര്‍ത്താന്‍ വെമ്പുന്ന കാലം
എത്രയധികം പീഡനങ്ങള്‍
എത്രമാത്രം വിലകയറ്റങ്ങള്‍
സ്വയം ന്യായികരിച്ചും
അന്യോന്യം കുറ്റങ്ങള്‍ പറഞ്ഞും
സ്വന്തം കുഴിമാടത്തില്‍ ആണിയടിക്കുന്നവര്‍
പ്രോക്ഷോഭങ്ങളെ പുച്ഛത്തോടെ നോക്കിയും
പ്രതികരിക്കുന്നവരുടെ വാ അടപ്പിച്ചും
നാളെ നല്ലത് വരുമെന്ന് പറയുന്നവര്‍ നമ്മള്‍
എന്തിനെയും സഹനത്തോടെ നേരിടുന്നവര്‍ നമ്മള്‍
നമ്മള്‍ മലയാളികള്‍
അഭിമാനമുള്ള മലയാളികള്‍