Wednesday, 30 January 2013

ആരോ പാടുന്നുവോ


ദൂരെയാരോ പാടുന്നുവോ
മോഹത്തിന്‍ ജാലകകമ്പിയില്‍
അത് എന്‍ നിഴലോ , നിന്‍ നിഴലോ
എന്‍ മോഹമോ, നിന്‍ മോഹമോ

ശ്രുതിമീട്ടും ലഹരിയുടെ താളമായ്
അനുരാഗത്തിന്‍ ചേലായ്
നിന്‍ മിഴിയുടെ അഴകുപോല്‍
ആരോ പാടുന്നുവോ
ദൂരെയാരോ പാടുന്നുവോ

ഹൃദയങ്ങളെഴുതിയ പാട്ടില്‍
പ്രണയം നല്‍കിയൊരു ഹരത്താല്‍
ഓര്‍മ്മകള്‍ തന്‍ സ്പന്ദനങ്ങള്‍
ആരോ പാടുന്നുവോ
ദൂരെയാരോ പാടുന്നുവോ

ജ്വാലയോഴിഞ്ഞൊരു തീക്കനലില്‍
കനവുകള്‍ തന്‍ ചിതാഭസ്മത്തില്‍
നഷ്ടങ്ങള്‍ തന്‍ നിഴല്‍ക്കൂത്തില്‍
ആരോ പാടുന്നുവോ

ദൂരെയാരോ പാടുന്നുവോ
മോഹത്തിന്‍ ജാലകകമ്പിയില്‍
അത് എന്‍ നിഴലോ , നിന്‍ നിഴലോ
എന്‍ മോഹമോ, നിന്‍ മോഹമോ



Tuesday, 29 January 2013

എന്‍ പ്രണയം



ഒരു പിടി ഓര്‍മ്മകളുടെ

കുങ്കുമചെപ്പുമായി

ആരും കാണാതെ

ഒളിപ്പിച്ചു വച്ചൊരു

മയില്‍പീലിയായിരുന്നു

എന്‍ പ്രണയം

Monday, 28 January 2013

ചില ഓര്‍മ്മകള്‍


ഒരു പിടി ഓര്‍മ്മകളുടെ
വളപോട്ടുകളില്‍ ഇന്നും
ഞാന്‍ ചിരിക്കുന്ന മുഖം
കാണുന്നു..

സൂക്ഷിച്ചു വെച്ച മയില്‍പീലിപോലെ
ആരും കാണാതെ ഒളിപ്പിച്ച
നിന്‍ നയനങ്ങളുടെ നിസ്സഹായതയും
മറ്റാരെക്കാളും ഞാന്‍ അറിഞ്ഞിട്ടുണ്ട്

ഇന്ന് നീ അകലെയെവിടെയോ
കൂട് കൂട്ടിയുണ്ടെന്നു എനിക്കറിയാം
ഒരിക്കലും ഓര്‍മ്മകളുടെ
ചുഴലിക്കാറ്റില്‍ നീ പെട്ട്പോകല്ലേ
എന്നാണ് ഞാനും ആഗ്രഹിക്കുന്നത്

നീ ഉരുവിട്ട് പഠിപ്പിച്ച
പ്രണയമന്ത്രങ്ങളാണ്
ഇന്നും എന്നില്‍ പ്രണയം
വെറുക്കാത്ത ഖനിയാക്കിയത്

എങ്കിലും നീ ഒരിക്കല്‍
എന്നെ തള്ളിപറഞ്ഞാല്‍
എന്നെ അറിയുക പോലുമില്ലാന്നു
പറഞ്ഞാല്‍ നിന്‍റെ നുണയെ
ഞാന്‍ എങ്ങനെ പ്രതിരോധിക്കുമെന്ന്
ഭൂതകാലത്തിലേക്ക് നോക്കി
ഞാന്‍ ചോദിക്കാറുണ്ട്
ഒരു പക്ഷെ അന്നാകും
ഓര്‍മ്മകള്‍ പോലും ഒരു
അപരിചിതനെ പോല്‍
തുറിച്ചുനോക്കുന്നത്..

Friday, 25 January 2013

ആത്മഗതം


നിന്‍ നിഴലൊരു നാള്‍

കാണാതെപോയിയെന്നാല്‍

വേറെയെവിടെയും നീ തിരയണ്ട

അവയെന്‍ നിഴലോടോപ്പമുണ്ടാകും

വിമര്‍ശനം


സ്വന്തം കാഴ്ചക്കുറവിനു

കണ്ണാടി തല്ലിപൊട്ടിച്ചയാളാണ്

മറ്റുള്ളവര്‍ക്ക് സൌന്ദര്യമില്ലന്നു

വിമര്‍ശിക്കുന്നത്....

Thursday, 24 January 2013

യാത്ര

ഒരിക്കലൊരു യാത്ര പോവണം
ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാത്ത
ഉത്തരംമുട്ടിക്കുന്ന ചോദ്യശരങ്ങളില്ലാത്ത
പുച്ഛംനിറഞ്ഞ നോട്ടങ്ങളില്ലാത്തോരിടത്തെക്ക്‌
കാമവെറികളും, വേശ്യാലയവുമില്ലാത്ത
ദുഖങ്ങളും മോഹഭംഗങ്ങളുമില്ലാത്തൊരു
ലോകത്തേക്ക്..
ദുരിതങ്ങളും പേമാരിയും
സംഭവിക്കാത്തെടത്തേക്ക്,
സ്നേഹം മാത്രം വിരിയുന്ന
ഉച്ചനീചത്വങ്ങളില്ലാത്ത
നീയും ഞാനും തുല്യമായ
ആ നശ്വര ലോകം ,
എന്നെ മാടിവിളിക്കുന്നുണ്ട്,
എനിക്കും പോണമൊരു നാള്‍
ഒരു ബന്ധനവുമില്ലാതെ..

Wednesday, 23 January 2013

ഇളം കാറ്റ്



എനിക്ക് ചുറ്റും

വീശി വരുന്ന ഇളം കാറ്റിനു

സ്മൃതി തന്‍ മധുരമുണ്ട്,

നൊമ്പരത്തിന്‍ ഗന്ധമുണ്ട്,

ആശ്വാസത്തിന്‍ തലോടലുണ്ട്,

കാത്തിരിപ്പിന്‍ സുഖമുണ്ട്,

പതിയെ പാടും പാട്ടിന്‍ ഈണമായി

എന്നെ തഴുകും കാറ്റിനു,

മന്ത്രിക്കാനൊരു കവിതയുണ്ട്..

അണയാത്ത മോഹങ്ങള്‍

ആരും കാണാതെ കുങ്കുമ-

ചെപ്പിലടച്ച കവിത..

കനവുകള്‍ പാറിപറന്നോരു

മയില്‍പേട തന്‍ കവിത..

കാറ്റ് എന്‍ കാതില്‍

മൂളുന്നൊരു കവിത,

ആരും കേക്കാതെ,

ആരും കാണാതെ,

ഞാന്‍ അലിഞ്ഞു,

പോയൊരു കവിത..

ദോശ

ദോശ നല്ല ദോശ
മോരുമോരെ ചുട്ടൊരു ദോശ
അപ്പുക്കുട്ടനൊരു ആശ
തട്ട്ദോശ തിന്നാനൊരു ആശ
കട്ട് തിന്നാനൊരു ആശ
അമ്മ ചുട്ടൊരു ദോശ
പരത്തിച്ചുട്ടൊരു ദോശ
അപ്പുക്കുട്ടനപ്പോഴും ആശ
കട്ട് തിന്നാന്‍ ആശ
ആശയോക്കെയും അമ്മ അറിഞ്ഞു
കിട്ടി അടി ആശ തീരെ
അപ്പുക്കട്ടന്റെ ആശയെല്ലാം പമ്പ കടന്നു

Tuesday, 22 January 2013

വിടചൊല്ലല്‍

നിന്‍ വിടചോല്ലലില്‍
പൊഴിഞ്ഞുവീണ പ്രണയം
വിരഹമായി പുനര്‍ജനിക്കുകയായി.
വേദനപുരണ്ട കാത്തിരിപ്പില്‍
ഓര്‍മ്മകള്‍ പേമാരിയായി
പെയ്തു തീരുകയായി,
മൌനമെന്ന തീജ്വാല
ചുറ്റിനും ആളിപടരുകയായി,
വെന്തുവെണ്ണിറായ എന്‍
മനസ്സില്‍ രണ്ടു തുള്ളി
കണ്ണീര്‍ മാത്രം കാത്തുനിന്നു
താഴെ വീഴാതെ...

Monday, 21 January 2013

ഭയം



നിന്നെ അടുത്തറിയാന്‍
ഞാന്‍ ഭയപ്പെടുകയാണ്,
രഹസ്യങ്ങള്‍ ഒളിപ്പിച്ച
പുഞ്ചിരിയില്‍ , അനന്തമായ
നിശബ്ദതയില്‍
ഒരായിരം നിഗൂഡതകള്‍
നിധിപോല്‍ ഒളിച്ചിരിക്കുന്നു,
നിന്‍ തീക്ഷ്ണമായ ചിന്തകളില്‍
എന്‍ വിഷാദങ്ങള്‍
മഞ്ഞുപോലെ ഉരുകുന്നു..
നിന്‍റെ വിഷദാഗ്നിയില്‍
എന്‍ ചിറക് കരിയാതിരിക്കാന്‍
ഇന്ന് ഞാന്‍ നടന്നു നീങ്ങുകയാണ്
അര്‍ത്ഥശൂന്യമായ
എന്‍ ചിന്തകളും പേറി...

പ്രതിശ്രുതവരന്‍...



രണ്ടു സമാന്തര പാതയില്‍
യാത്ര തുടങ്ങിയ അപരിചിതര്‍,
സ്വപനങ്ങള്‍ക്ക് പോലും
അജ്ഞാതമായ മുഖമുള്ളവന്‍,
ഭൂതകാല സ്മൃതികളെ ഉപേക്ഷിച്ചു,
ഇനിയുള്ള സ്മൃതികള്‍
നമ്മള്‍ ഒന്നിച്ചെന്നോതി,
വര്‍ത്തമാനത്തില്‍ കൈ പിടിച്ചു
ഭാവിയിലേക്ക് കനവുകള്‍
കോര്‍ക്കുന്നവന്‍,
ഇവന്‍ എന്‍ പ്രതിശ്രുതവരന്‍...

Sunday, 20 January 2013

പീഡനം


മാനത്തൊരു നക്ഷത്രം

എന്നെ നോക്കി ചിരിക്കുന്നു

ഇന്നലെയും ചിരിച്ചു

ഇന്നും ചിരിച്ചു

പേടിച്ചു ഞാന്‍ കതകടച്ചു

ഇനി നക്ഷത്രവും പീഡനം തുടങ്ങിയോ

എന്ന ചിന്തയാല്‍

Saturday, 19 January 2013

ഇടവഴി


ഒരു പിടി ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍
സൂക്ഷിച്ചുവേച്ചോരു ഇടവഴി...
മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും
യാത്രകള്‍ തീര്‍ത്തൊരു ഇടവഴി...
മഞ്ഞു മൂടിയ വഴികളില്‍
ആരും കാണാതെ കൈകോര്‍ത്തു
നടന്ന പ്രണയമുകുളങ്ങളെ
അനുഗ്രഹിച്ചു ആനയിച്ച ഇടവഴി...
ഇന്നീ വഴിത്താരകളില്‍ തിരികെ നടക്കുമ്പോള്‍
ഓടി മറഞ്ഞ ബാല്യമെന്നെ മാടി വിളിക്കുന്നു...
ഒരു പിടി ഓര്‍മ്മകളുടെ
നെടുവീര്‍പ്പുമായി ഇടവഴികള്‍
ഇന്നും മൂകസാക്ഷിയായി നിപ്പു,
നടക്കാനിനി ഞാന്‍ ഇല്ലെങ്കിലും
നാഗരികതയുടെ കടന്നുകയറ്റം വരെ
പുത്തന്‍ ഓര്‍മ്മകള്‍ക്കായി
ഇടവഴികള്‍ ഇനിയും കാത്തു നിക്കും
നിനക്കായ്‌ എനിക്കായ്‌ പിന്നെ
ആര്‍ക്കൊക്കെയോ വേണ്ടി..

ശബ്ദങ്ങള്‍


പ്രാവിന്‍റെ കുറുകലും,

കാറ്റിന്‍റെ മൂളലും,

അരുവിയുടെ കളകളാരവവും,

മഞ്ഞിന്‍റെ കുളിരും,

എല്ലാമൊരു പുതിയാനുഭൂതിയാണ്...

ഒക്കെയും പങ്കുവയ്ക്കാന്‍

നീ ഉണ്ടെങ്കില്‍....,

ഇല്ലെങ്കില്‍ ഇവയൊക്കെയും,

മൃതി വിളിച്ചോതും

പക്ഷിതന്‍ കൂവല്‍ പോല്‍,

അരോചകമായി തോന്നുന്ന

ശബ്ദങ്ങള്‍ മാത്രം..

Thursday, 17 January 2013

ജന്മമോക്ഷം



എഴുതുന്ന ഓരോ വാക്കിനും
പൊരുളെതെന്നറിയെണ്ടൂ ഞാന്‍
വിമര്‍ശനങ്ങള്‍ തന്‍ വാള്‍ത്തല
വീഴാതെ നോക്കേണ്ടു ഞാന്‍
വിഴുങ്ങാന്‍ വെമ്പും
ഓര്‍മ്മകളില്‍നിന്നു ഓടിയൊളിക്കേണ്ടു
പിന്നിട്ട വഴികളില്‍ നിരാശതന്‍
പൂക്കള്‍ വിരിഞ്ഞിട്ടില്ല
മുന്നോട്ടുള്ള വഴിയില്‍
ആശതന്‍ ആസക്തിയില്ല
ഒരു തിരിനാളം പോല്‍
എരിഞ്ഞു തീരുമീ ജന്മത്തിന്‍
മോക്ഷം ഒരു ഉരുള ചോറിലല്ലോ
അതിനായി നടന്നടുക്കുവല്ലോ
പതിയെ പതിയെ...

രക്തസാക്ഷി



മനസ്സിനുള്ളില്‍ കൈകോര്‍ത്തു

നടന്ന സന്തോഷങ്ങള്‍

പൂഴിമണ്ണിന്‍ ലാഘവത്തോടെ

ഊര്‍ന്നു പോകുമ്പോള്‍

ഒന്നും ചെയ്യാനാവാതെ

നോക്കി നിക്കും മനസ്സ്

രക്തസാക്ഷിയാണ്

സന്താപത്തിന്റെ രക്തസാക്ഷി.

Tuesday, 15 January 2013

അറിയാത്ത നൊമ്പരങ്ങള്‍


വരികള്‍ക്കിടയിലൂടെ
 കാണാന്‍ ശ്രമിക്കവെ
 പറയാതിരുന്ന
വാക്കിലെ നൊമ്പരം നീ
അറിഞ്ഞതില്ല...

പുഞ്ചിരിയില്‍ തെളിഞ്ഞ
പ്രണയം നോക്കി നിക്കവേ
കണ്ണില്‍ തെളിഞ്ഞ കാത്തിരിപ്പിന്‍
പരിഭവം നീ കണ്ടതില്ല

മൌനത്തിന്‍  അലയില്‍
തിരിഞ്ഞു നടക്കവെ
നിന്‍ കാലടിയെ
പിന്തുടരുമെന്‍ നിഴല്‍
നീ അറിയാതെ പോയി

പറയാതെ അറിയാതെ
ആഴത്തില്‍ മുങ്ങിപോയി
എന്‍ നൊമ്പരങ്ങളെല്ലാം
മനസ്സിന്‍ നൊമ്പരങ്ങളെല്ലാം

Monday, 14 January 2013

കിനാവ്‌

നീയെന്നരികില്‍ വന്നണഞ്ഞ നേരം
കനവിലാരോ പാടിയോ

നിന്‍ ചിരിയില്‍ലെന്‍ മനസ്സില്‍
മയില്‍പീലി വിടര്‍ന്നുവോ

രാഗാര്‍ദ്ര സംഗീതം പോലെ
നീയെന്നെ വിളിച്ചുവോ

നിന്‍ കണ്ണില്‍ വിരിഞ്ഞ സ്വപ്നങ്ങളില്‍
എന്‍ ആശകള്‍ പൂവിട്ടുവോ

സുഗന്ധം പൂശി കാറ്റ്
നമ്മെ തലോടി നിന്നു..

ഞാനൊരു നവ്യാനുഭവമായി
നിന്‍ ചാരെമേല്‍ ചേര്‍ന്ന് നിന്നു

എത്ര നാളായി മധുരമീ കിനാവുകളാല്‍
കാത്തിരുപ്പു നിനക്കായ്‌ മാത്രം
തങ്കനൂലില്‍ താലിയുമായ്
അരികിലെത്തും നാള്‍
ഇനിയും വിദൂരമാണോ..

സുഖം


നീ അറിയാതെ നിന്നെ

പ്രണയിക്കുമ്പോഴൊരു


സുഖമുണ്ട്

പെയ്യാത്ത മഴയില്‍

നനയുന്ന സുഖം

Sunday, 13 January 2013

മോഹം


പൊഴിഞ്ഞുവീണ മഴത്തുള്ളിക്കും മോഹം
വീണ്ടുമൊന്നു ഉയര്‍ന്നു പൊങ്ങുവാന്‍
കരിഞ്ഞുണങ്ങിയ മരത്തിനും മോഹം
വീണ്ടുമൊന്നു പൂത്തു തളിര്‍ക്കുവാന്‍
എനിക്കുമൊരു മോഹം
വെറുതെയൊരു മോഹം
ഇന്നലെകളിലേക്ക് ഒന്ന് തിരിച്ചു നടക്കുവാന്‍
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

തിരനോട്ടം


ലക്ഷ്യം മാത്രം മുന്നില്‍
വിരിഞ്ഞുനിക്കവേ
കേറി പോയ പടികളുടെ
താഴെ മുഴങ്ങിയ നിലവിളികള്‍
കണ്ടില്ലന്നു നടിച്ചു
ഉപദേശങ്ങള്‍ കേട്ടില്ലന്നു നടിച്ചു
പതിയെ പതിയെ ഉയര്‍ന്ന പടികള്‍
താഴെയുള്ള പടിയിലേക്ക്
പുനരാര്‍വത്തനം ചെയ്യുകയും
കേട്ടില്ലന്നു നടിച്ച വാക്കുകള്‍
ചുറ്റും മുഴുങ്ങുകയും ചെയ്തു
അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്തവിധം
വാര്‍ദ്ധക്യം പിടിമുറുക്കിയിരുന്നു..

പൊരുള്‍



ദിനങ്ങള്‍

ആഴ്ചകള്‍

മാസങ്ങള്‍

വര്‍ഷങ്ങള്‍

നീ വരുന്നതും കാത്തിരുന്നു

ആശകള്‍ കൊഴിഞ്ഞു വീണു

കനവുകളില്‍ കണ്ണീര്‍ പടര്‍ന്നു

വരുവാന്‍ ആരുമില്ലന്നു

മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു

എങ്കിലും അനന്തമായ

കാത്തിരിപ്പില്‍ ചിന്തകള്‍

തേടിയത് വരുമെന്നു

നീ പറഞ്ഞ പോയ്‌വാക്കിന്‍

പോരുളായിരുന്നു..

Friday, 11 January 2013

വര്‍ഷങ്ങള്‍ക്കപ്പുറം


ഇന്നെന്‍ ചിന്തകള്‍ പറക്കുന്നു
അങ്ങകലെ വര്‍ഷങ്ങള്‍ക്കപ്പുറം
വീശിയടിക്കുന്ന കാറ്റിന്‍
മര്‍മരത്തിനോപ്പം നമ്മുടെ
നയനങ്ങള്‍ കണ്ടുമുട്ടിയാല്‍
നീയും ഞാനും
പരിചിതത്തിന്‍ വാതായനങ്ങള്‍
വീണ്ടും തുറക്കുമോ ..

നീ പരിചിതഭാവം
കാണിക്കുകയെന്നാല്‍,
അന്നൊരു പക്ഷെ എന്‍
ചപല അക്ഷരങ്ങള്‍ ഇന്നീ കാട്ടിയ
പെക്കൂത്തില്‍ നമ്മള്‍
ചിരിയുടെ പേടകം തുറന്നേക്കാം,

ഒരുപക്ഷെ അന്ന് നിന്‍ ഓര്‍മ്മകളുടെ
പുസ്തകം കളഞ്ഞുപോയെന്നാല്‍
നീ ഒരു അപരിചിതനെ പോല്‍
നടന്നു മറയുന്നതും നോക്കി
ഞാന്‍ നിന്നേക്കാം..

എങ്കിലും അന്നും എന്‍
മനസ്സില്‍ നിനക്കായ്‌
ഊഷ്മള സ്നേഹത്തിന്‍ നൂല്
ഞാന്‍ കരുതിയിരിക്കും...

Thursday, 10 January 2013

മറക്കാനാവാത്ത ഓര്‍മ്മകള്‍





നീ എന്ന മൌനത്തില്‍
അലിയാന്‍ വെമ്പുന്നൊരു
ഈയാംപാറ്റയാണിന്നു ഞാന്‍

ഈ നിശബ്ദതയില്‍ ഞാന്‍
എരിഞ്ഞടങ്ങുമെന്നറിയാമെങ്കിലും
ഒരു കാല്‍പ്പാടു പോലും
അവശേഷിപ്പിക്കാതെ നീ
നടന്നുപോയ വീഥിയില്‍
നിരാശയുടെ മഞ്ഞിന്‍കണങ്ങള്‍ക്കിടയില്‍
മറക്കാനാവാത്ത ഓര്‍മ്മകളുമായി
ഇന്നും ഞാന്‍ നില്‍പ്പുണ്ട്...

പ്രണയം പാടിയ കിളികള്‍
ദൂരെ പോയി മറഞ്ഞെങ്കിലും
എഴുതി തീര്‍ന്ന വരികള്‍ക്കിടയിലൂടെ
ഞാനിന്നും നിന്നെ പ്രണയിക്കുകയാണ്
പരിഭവങ്ങളില്ലാതെ
നഷട്പ്പെടലിന്‍ ഭയപ്പാടുകളില്ലാതെ
ഒരു സുഖമുള്ള നോവായി..


Wednesday, 9 January 2013

നീ എനിക്കിന്ന്



എന്‍ പെയ്തു തീര്‍ന്ന

ഓര്‍മ്മകളിലെ മറിഞ്ഞുപോയ

പുസ്തകതാളില്‍ ഞാന്‍ മായ്ച്ചിട്ടും

മായാത്തൊരു മുഖം

അതെ അതാണ്‌ നീ എനിക്കിന്ന്....

Tuesday, 8 January 2013

നഷ്ടസ്വപ്നം



എന്‍ അക്ഷരങ്ങളില്‍ നിറയും

പാലപ്പൂവിന്‍ സുഗന്ധമാണ് നീ

എന്‍ കാത്തിരിപ്പിന്‍ തെളിഞ്ഞൊരു

ചന്ദ്രബിംബമാണ് നീ

എന്‍ ഇഷ്ടങ്ങളിലെ നിറമുള്ള

സ്വപ്നമാണ് നീ

ഒരു രാപാടി പാടും ഈണംപോലൊരു

നഷ്ടസ്വപ്നം..

വെറുതെ



വാടികരിഞ്ഞ കിനാവുകളുമായി

നിഴല്‍ മൂടിയ ഇഷ്ടങ്ങളുമായി

വിരഹത്തിന്‍ ആത്മനൊമ്പരവുമായി

വെറുതെ കാത്തിരിപ്പൂ

ഇന്നും നിനക്കായ്‌ മാത്രം

നക്ഷത്രങ്ങള്‍ വിരുന്നു

വരുന്നതും മോഹിച്ചു

കാത്തിരിപ്പൂ

ഇന്നും നിനക്കായ്‌ മാത്രം

നിശബ്ദ വാക്കുകള്‍


നിശബ്ദതയുടെ തീരങ്ങളില്‍
ഒളിച്ചിരിക്കുവാണെന്‍ വാക്കുകളെല്ലാം
ആര്‍ത്തിരമ്പാന്‍ വെമ്പുന്ന സാഗരംപോല്‍

ആകാശം പുല്‍കാന്‍ കൊതിക്കുന്നുണ്ടെങ്കിലും
മൌനത്തിന്‍ പുകമറക്കുള്ളില്‍
വാക്കുകള്‍ ഖനീഭവിക്കുന്നു

ചോദ്യശരങ്ങള്‍ ഉതിര്‍ക്കും
ഭാവത്തെ ഉത്തരം ചൊല്ലി
ബന്ധിക്കണമെന്നുണ്ടെങ്കിലും
ക്ഷണനേരത്തില്‍ മൌനം
എല്ലാത്തിനേയും വിഴുങ്ങുന്നു

വാചാലമായ തീരത്ത്‌
ഒറ്റപ്പെട്ടുപോയൊരു ഹംസംപോല്‍
സ്വയം തീര്‍ത്ത കൂടാരത്തില്‍
ഏകാന്തമായി അലയുന്നു
വാക്കുകള്‍ നിശബ്ദതീരങ്ങളില്‍ അലയുന്നു

Monday, 7 January 2013

പൂക്കാത്ത മുല്ല



പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

സംവത്സരങ്ങള്‍ പോകുന്നതറിയാതെ

കാലങ്ങള്‍ മാറുന്നതറിയാതെ

ഇതുവരെയും പൂക്കാത്തൊരു മുല്ല


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

മഴ കാത്തിരിക്കും മഴപക്ഷി പോല്‍

ആരെയോ കാത്തിരുന്നു

പൂക്കാന്‍ മറന്നുപോയൊരു മുല്ല

ഇതുവരെയും പൂക്കാത്തൊരു മുല്ല


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

പണ്ടാരോ പറഞ്ഞൊരു മുത്തശ്ശികഥ പോല്‍

ഗന്ധര്‍വനില്‍ മോഹിതയായി

പ്രണയവല്ലിയില്‍ മൊട്ടിട്ടമുല്ലയെ

വീണ്ടും കാണാമെന്നോതി

വിട ചൊല്ലി അകന്നുപോകവെ

വിരഹാദ്രയായി മൊട്ടുകള്‍ പൊഴിച്ച്

ഗന്ധര്‍വനെ കാത്തിരിക്കും മുല്ലയിത്

ഇതുവരെയും പൂക്കാത്തോരു മുല്ലയിത്...


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

ഇതുവരെയും പൂക്കാത്തൊരു മുല്ല

കളഞ്ഞുപോയവ



എവിടെയോ കളഞ്ഞുപോയിയെന്‍

മനസ്സില്‍ കതിരിട്ട കിനാവുകളെല്ലാം,

എവിടെയോ കളഞ്ഞുപോയിയെന്‍

സ്വന്തമാക്കാന്‍ കൊതിച്ച ആശകളെല്ലാം,

എവിടെയോ കളഞ്ഞുപോയിയെന്‍

ആര്‍ദ്രമാം പ്രണയത്തിന്‍ വര്‍ണ്ണങ്ങളെല്ലാം,

ഒരു പുകക്കുള്ളില്‍ ഒതുങ്ങിപോം

മനസ്സിന്‍ വികാരങ്ങളില്‍

കുതിര്‍ന്ന നഷ്ടങ്ങളെല്ലാം,

മുറിവായി കാത്തുനില്‍പ്പൂ

ഇന്നും കാത്തുനില്‍പ്പൂ

ഇടുങ്ങിയ ചിന്തകള്‍



ഇടവഴിയില്‍ ഒതുങ്ങുന്ന

കാറ്റ് പോലെ,

ഇടുങ്ങിയ ചിന്തകള്‍

അടഞ്ഞ കുപ്പിയില്‍

അലയടിച്ചു ഒതുങ്ങുന്നു.

വിശാലമായ ചിന്തകളുടെ,

തോണിയില്‍ യാത്രചെയ്യാതെ

നിറങ്ങളിലെ ഗുണങ്ങള്‍ അറിയാതെ

അവ എരിഞ്ഞടങ്ങുന്നു.

ചിലപ്പോള്‍ ചീറ്റിപ്പോയ പടക്കം പോലെ,

ചിലപ്പോളോരു ഗര്‍ജ്ജനം പോല്‍,

മനസ്സില്‍നിന്നു മനസ്സിലേക്ക്

യാത്ര ചെയ്യാതെ ,

കൊട്ടിയടച്ച വാതിലുമായി

തിരിഞ്ഞു നില്‍ക്കുന്നു..

ഒരു ചോദ്യംപോലും

അവശേഷിപ്പിക്കാതെ

മാഞ്ഞുപോകുന്നു...

Saturday, 5 January 2013

ഉടഞ്ഞു പോയ കുറെ ഓര്‍മ്മകള്‍...



പൊഴിഞ്ഞു വീഴുന്ന ഓരോ

നിമിഷവും ഓര്‍മ്മകളാണ്..

വാടി കൊഴിഞ്ഞ ഇലയില്‍നിന്നും,

കണ്ണീര്‍ത്തുള്ളിയാല്‍ നനഞ്ഞ

കണ്‍പീലിതന്‍ വിഷാദത്തില്‍ നിന്നും,

വിരല്‍തുമ്പില്‍ പിടഞ്ഞ

സ്പര്‍ശനത്തില്‍ നിന്നും,

വാക്കിലുറഞ്ഞുകൂടിയ

മൌനത്തില്‍ നിന്നും,

ഓര്‍മ്മകള്‍ പിറക്കുന്നു...

ഉടഞ്ഞ കണ്ണാടികക്ഷണങ്ങള്‍

പോലെ ഉടഞ്ഞു പോയ

കുറെ ഓര്‍മ്മകള്‍...

Friday, 4 January 2013

നിന്നെക്കുറിച്ച്



നിന്നെക്കുറിച്ചെഴുതുമ്പോള്‍

വാക്കുകള്‍ പോലും

വിരക്തിയുടെ ഭാവം

അണിയുന്നു


നിന്നെക്കുറിച്ചു പറയുമ്പോള്‍

മറ്റു മുഖങ്ങളില്‍ പോലും

നീരസം തെളിയുന്നു


നിനക്ക് വേണ്ടി മൂളുമ്പോള്‍

രാഗങ്ങള്‍ പോലും

അപശ്രുതി പൊഴിക്കുന്നു


എന്നിട്ടുമെന്തേ നിന്‍

നിഴല്‍ തേടുമെന്‍

ഓര്‍മ്മകളില്‍ നീയൊരു

വസന്തമായി നിക്കുന്നു,

മറവിയും മുഖം

തരാതെ മറയുന്നു,

പരിഹാസച്ചുവകളിലും ഞാന്‍

നിനക്കായ്‌ അലയുന്നു...

നിദ്രയുടെ വഴി



മിഴിചെപ്പില്‍ തെളിഞ്ഞ

ഒരായിരം വര്‍ണ്ണങ്ങളില്‍

നക്ഷത്രങ്ങളും ഓടിയൊളിച്ചു

പരിഭവങ്ങളുമായി കരി

മൂടിയ ആകാശം നിന്നെ നോക്കി നിന്നു..

സ്വപ്നങ്ങളില്‍ നക്ഷത്രങ്ങള്‍

തെളിയിക്കാന്‍ നിദ്ര മാടി വിളിച്ചു

ഞാനും നടന്നു നിദ്രയുടെ വഴിയെ

Thursday, 3 January 2013

യാത്ര



ആര്‍ത്തുലച്ചു വന്ന തിരകള്‍

നീര്‍മണിത്തുള്ളികളെ ഒളിപ്പിച്ചു,

കുളിരുള്ള ആഘോഷങ്ങള്‍

മനസ്സില്‍ പടര്‍ന്ന അഗ്നിനാളങ്ങളെ മറച്ചു,

ഉള്ളിര്‍ പടര്‍ന്ന തീനാളങ്ങളില്‍

എരിഞ്ഞു അടങ്ങുമ്പോഴും,

ആശ്വാസം പരതിയ നയനങ്ങള്‍ തന്‍

വേദനകള്‍ ഇരുള്‍ മറ പിടിച്ചു,

സ്മൃതിതന്‍ ചിരിക്കുന്ന അമ്പുകള്‍

നഷ്ടങ്ങളുടെ തേങ്ങലുകള്‍ അടക്കി,

മൃതിയുടെ തീരങ്ങള്‍ ദുഃഖങ്ങള്‍

ഏറ്റു വാങ്ങി,

യാത്രയാവാന്‍ വാക്കുകള്‍ ഒരുങ്ങി..

Wednesday, 2 January 2013

ഭ്രാന്തി തന്‍ മുദ്ര


വാക്കുകളിലുതിര്‍ക്കും


തീ ജ്വാലകള്‍

നിന്നെ ദഹിപ്പിക്കാതിരിക്കാന്‍

ഒരു ഭ്രാന്തി തന്‍ മുദ്ര

ചുമക്കാം ഞാന്‍..

പ്രണയത്തിന്‍ ബാക്കിപത്രങ്ങള്‍.......



ചില നിമിഷങ്ങളില്‍

നിന്‍ ഓര്‍മ്മകള്‍ എന്നെ

ഒരുപാട് പിടിച്ചുലക്കുന്നുണ്ട്..

മനസ്സില്‍ ചിപ്പിയില്‍

ഞാന്‍ എറിഞ്ഞു കളഞ്ഞ

വാക്കുകള്‍ എന്നെ

തേടിവരുന്നതും,

നിനക്കായ്‌ രണ്ടു

നീര്‍മിഴിതുള്ളികള്‍

ഉരുണ്ടു കൂടുന്നതും,

ആശ തന്‍ പൂന്തോട്ടത്തില്‍

ഓര്‍മ്മകള്‍ തളരിടുന്നതും,

ഞാന്‍ അറിയാറുണ്ട്....

വേണ്ടന്നു വെച്ചിട്ടും പൂക്കുന്ന ഓര്‍മ്മകള്‍,

ആരോയോ കാത്തിരിക്കും നയനങ്ങള്‍,

ഒരു വിളികാതോര്‍ക്കും ചെവിയിതളുകള്‍,

നിനക്കായ്‌ മാത്രം ചലിക്കുന്ന വാക്കുകള്‍,

നീ അറിയാതെ പോയ ദ്രവിച്ചു തീര്‍ന്ന

പ്രണയത്തിന്‍ ബാക്കിപത്രങ്ങള്‍.......

നിറം



ഗസല്‍പൂക്കള്‍ വിരിയും രാവില്‍
എന്‍ മോഹങ്ങളില്‍ വിടരും
മഴവില്ലിനെന്നും സപ്തനിറം

മഞ്ഞുപൊഴിയും മേഘങ്ങളില്‍
കുളിര്‍ ചുമക്കും കാറ്റിനെന്നും
ലാസ്യ രസം..

എന്‍ മനസ്സില്‍ തെളിയും
പ്രണയവര്‍ണ്ണങ്ങളില്‍
എന്നും നിന്‍ മുഖം
എന്നും നിന്‍ മുഖം

Tuesday, 1 January 2013

സ്നേഹനിലാവ്



ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ

ആരും ചോല്ലാത്തൊരു ഉത്തരം തേടി

ആരും കാണാത്തൊരു തീരത്ത്‌ തപസ്സിരിക്കവേ..

നിന്‍ മിഴിയിതളില്‍ തിളങ്ങിയ

ആര്‍ദ്ര സ്നേഹത്തിന്‍ തിളക്കം

ഇന്നും സ്നേഹനിലാവ്  പൊഴിക്കുന്നു...

നിഗൂഡത



നിന്‍ മൊഴിയില്‍ നിറയും

നിഗൂഡ മന്ദസ്മിതത്തില്‍

വിരിയും അര്‍ത്ഥതലങ്ങളില്‍

എന്‍ ചിന്തകള്‍ ഓടികളിച്ചു

വായിച്ചാലും തീരാത്ത

വാക്കുകളായി അവ

എന്നെ നോക്കി ചിരിച്ചു..