Saturday, 29 September 2012

പൂവായിരുന്നെങ്കില്‍

ഞാന്‍ ഒരു പൂവായിരുന്നെങ്കില്‍

എന്നേ ഈ മഴയില്‍ നിന്‍

അരികില്‍ അണഞ്ഞേനെ

പായല്‍ പിടിച്ചു നിക്കും

 മോഹങ്ങളെ പുല്‍കിയേനെ...

Thursday, 27 September 2012

വെറുതെ എങ്കിലും.



പിന്നിട്ട വഴികള്‍

ഒന്ന് തിരിച്ചുവരാനാവാത്തവിധം

കൊട്ടിയടക്കപ്പെട്ടു എന്നറിയാമെങ്കിലും

ഓര്‍മ്മകളിലെ സുഗന്ധത്താല്‍

എന്നുള്ളിലെ നീ തന്ന വെളിച്ചം

ഇന്നും തെളിഞ്ഞു നിക്കവെ

പ്രതീക്ഷയുടെ വാടമലരുകള്‍ പേറി

ഒരു നിമിഷത്തേക്കെങ്കിലും നീ

എന്നെ തേടി വരുമോ

വെറുതെ എങ്കിലും.....

Wednesday, 26 September 2012

ചിരിയുടെ മഴമേഘങ്ങള്‍



കുളിരും ചൂടി വന്ന തെക്കെന്‍കാറ്റിലും

ചിരിമണിത്തൂവല്‍ പൊഴിക്കും മഴയിലും

എന്നുള്ളില്‍ ചിരിയുടെ പൂത്തിരി

തെളിച്ചത് നിന്‍ ഓര്‍മ്മകളാണ്

ഒരു സുഖമാര്‍ന്ന അനുഭൂതിയായി

നീ എന്നില്‍ ഇന്നും ചിരിയുടെ

മഴമേഘങ്ങള്‍ ഉണ്ടാക്കുന്നു...

മനം മോഹത്താല്‍ പൂത്തല്ലോ



ഒരു മോഹം എന്നില്‍ പൂത്തല്ലോ

മനസ്സൊരു പട്ടം പോല്‍ പറന്നല്ലോ

ഒരു ഈണം എന്‍ കാതില്‍ വീണല്ലോ

കാറ്റ് ഒരു നിശ്വാസം പോല്‍ പതിഞ്ഞല്ലോ

ഞാന്‍ സ്വയം മറന്നിരുന്നല്ലോ

ഇന്നെന്‍ മനം മോഹത്താല്‍ പൂത്തല്ലോ

മോര്‍ച്ചറി

തന്‍റെ ഉറ്റവരെയും കാത്തു
മൃതശരീരങ്ങള്‍ മരവിച്ചു
കിടക്കുന്നൊരിടം ഇത്...


മരണത്തിന്‍ മൌനത്തിനു
മരുന്നിന്‍റെ രൂക്ഷഗന്ധമുള്ള
മുറിയാണിത്....

പുറത്തു വിലപേശലുകള്‍
വാഗ്വാദങ്ങള്‍, പിറുപിറുക്കങ്ങള്‍
മുറുകുമ്പോള്‍
ശീതികരിച്ച മൃതശരീരങ്ങള്‍
ശപിക്കുന്നുണ്ടാവുമോ...

മരിച്ചിട്ടും വിടാത്ത
ആത്മാവ് തേങ്ങുന്നുണ്ടാവുമോ...

Tuesday, 25 September 2012

വിജയത്തിന്‍റെ കിരീടം



ഉള്ളില്‍ വേദനയാല്‍

പൊട്ടിത്തകരുമ്പോഴും

ചുണ്ടില്‍ നീ ചിരി കാക്കുക

കപടലോകത്തില്‍ നാളെ

ഈ ചിരി നിന്നെ വിജയത്തിന്‍റെ

കിരീടം അണിയിക്കും...

Monday, 24 September 2012

മോഹങ്ങള്‍...






എത്താത്ത ശിഖിരത്തില്‍
എത്തി പിടിക്കാന്‍,
കിട്ടാത്ത മുന്തിരി
കണ്ടുപിടിക്കുവാന്‍,
ഇല്ലാത്ത ലോകത്തില്‍
പാറിനടക്കുവാന്‍...,
മനസ്സില്‍ മോഹങ്ങള്‍
വിവിധ വേഷങ്ങളായി
പെരുകുന്നു...
ഒരിക്കലും അണയാത്ത
തീ പോലെ,
തോരാതെ പെയ്യുന്ന
മഴ പോലെ,
പൂക്കാതെ പൂക്കുന്നീ
മോഹങ്ങള്‍...



                      

Saturday, 22 September 2012

നുണയുടെ മുത്ത്‌

നീ തന്ന നുണയുടെ

മുത്തുകളെല്ലാം ഒരു

മാലയായി കോര്‍ക്കവെ

ഒരു മുത്ത്‌ വഴുതി

സത്യത്തിന്‍റെ 

മുത്തുകള്‍ക്കിടയില്‍ വീണു...

ഇന്നെന്‍  മാലകൊര്‍ക്കാന്‍

ആ നുണയുടെ മുത്ത്‌

ഏതെന്നു അറിയാതെ

കുഴങ്ങുകയാണ് ഞാന്‍.....

അച്ഛന്‍


എന്‍ അക്ഷരങ്ങളില്‍ തെളിയാത്തൊരു
കവിതയാണ് എനിക്കെന്‍റെ അച്ഛന്‍

എന്‍ കുഞ്ഞിക്കാലുകള്‍
ജീവിതത്തിലേക്ക്
തളരാതെ പിച്ചവെക്കാന്‍
കൂട്ട് നിന്ന

ദുഖങ്ങളില്‍ സാന്ത്വനത്തിന്‍
കൈതാങ്ങുകള്‍ തന്ന

നിന്നിഷ്ടം എന്നും എന്നിഷ്ടം
എന്നോതി എന്നെ വഷളാക്കിയ

നമ്മുടെ സ്വര്‍ഗ്ഗം നമ്മുടെ
വീട് എന്ന് കാട്ടിതന്ന
പുണ്യമാണ് എന്‍ അച്ഛന്‍

ഇന്നെന്‍ ഓര്‍മ്മകളുടെ
ചില്ലുകൂട്ടില്‍ അച്ഛന്‍ ഇരിക്കുമ്പോള്‍
ഒരമ്മയുടെ തേങ്ങല്‍ മാറ്റാന്‍
അച്ഛന്‍ പഠിപ്പിച്ച
പാഠങ്ങള്‍ മതിയാകുന്നില്ല...
എനിക്ക് മതിയാകുന്നില്ല അച്ഛാ...

ഒരു മൂകാംബിക യാത്ര

മൂകാംബിക പോകണം എന്നത് ഒരു വല്യ ആഗ്രഹം തന്നെ
ആയിരുന്നു...അങ്ങനെ മൂകാംബിക പോവാന്‍ തീരുമാനിച്ചപ്പോള്‍
കേട്ടറിഞ്ഞ അമ്മയുടെ രൂപം മാത്രമേ മനസ്സില്‍
ഉണ്ടായിരുന്നുള്ളൂ...

അങ്ങനെ ഞങ്ങള്‍ കുടുംബത്തിലുള്ള പന്ത്രണ്ട് പേര്‍ ഒരു ബസില്‍ യാത്ര
തിരിച്ചു. ബന്ധുക്കള്‍ എല്ലാം വാചകം അടിക്കാന്‍ ഒന്നാം സ്ഥാനം വാങ്ങുന്നവര്‍ ആയത്കൊണ്ട് സമയം പോകുന്നില്ല എന്നുള്ള വിഷമം ഇല്ലായിരുന്നു.ഉച്ചക്ക് യാത്രതുടങ്ങിയ ഞങ്ങള്‍ പിറ്റേ ദിവസം രാവിലെ
മൂകാംബികയില്‍ എത്തി...

പെട്ടെന്നുള്ള അച്ഛന്റെ് വിയോഗത്താലും മറ്റൊരു സ്വകാര്യദുഖത്താലും
മനസ്സ് കലുഷിതമായ അവസ്ഥയില്‍ ആയിരുന്നു എന്ന് തന്നെ പറയാം
ഞങ്ങള്‍ക്ക് ഇനി ആരുണ്ട്‌ എന്നാ ചിന്ത എന്നെയും അമ്മയെയും നന്നായി
അലട്ടിയിരുന്നു...

അമ്മയെ കാണാന്‍ കേറുന്നതിനു മുമ്പ് സൗപര്ണികയില്‍ കുളിച്ചു വേണം പോവാന്‍ എന്ന് പറഞ്ഞപ്പം ഈ തുറസ്സായ സ്ഥലത്ത് എല്ലാവരും കാണ്‍കെ എങ്ങനെ കുളിക്കും എന്നുള്ളതു സദാചാര മനസ്സോന്നു ശങ്കിച്ചു...മുങ്ങികേറിക്കോ എന്നുള്ള അമ്മയുടെ നിര്‍ദേശം പ്രകാരം ആറ്റില്‍ എറങ്ങി ... ആഴം കുറവാണെങ്കിലും നല്ല ഒഴുക്ക്... തണുത്തു വിറച്ചു മുങ്ങി കേറി...

നേരെ അമ്മയെ തൊഴാന്‍ വേണ്ടി നടന്നു, പ്രസാദമായി കാഴ്ചവെക്കാന്‍ പൂത്താലവും വാങ്ങി, നടയില്‍ വളരെ തിരക്ക് കുറവായിരുന്നു... പൂത്താലം തിരുമേനിക്ക് നല്കി അമ്മയെ തോഴുതപ്പം കണ്ണ് സന്തോഷത്താല്‍ നിറഞ്ഞിരുന്നു.. താലം വാങ്ങിയ തിരുമേനി പ്രസാദത്തിന്റെ കൂടെ രണ്ടു പച്ചവളകളും തന്നു..വള പ്രസാദമായി കിട്ടുന്നത് ആദ്യമായി ആയിരുന്നു..

പിന്നെ പുറത്തു വന്നു അമ്പലത്തിനു പ്രദക്ഷിണം വെച്ച്.. എല്ലാം പല സ്ഥലത്തുന്നു വന്നിരിക്കുന്ന ഭകതന്മാര്‍, സ്വര്ണ്ണ രഥവും ചെറിയ ചെറിയ പ്രദിഷ്ടകളും തൊഴുതു.... വിശേഷാല്‍ പൂജകളും നടത്തി ദീപാരാധനയും
തൊഴുതു , കഷായവും കുടിച്ചു ഇറങ്ങിയപ്പോള്‍ രാത്രിയായിരുന്നു..

പിറ്റേദിവസം രാവിലെ കുളിച്ചു തൊഴുതു യാത്ര പറയാന്‍ ചെന്നപ്പോള്‍
ദേവി കൂടുതല്‍ സുന്ദരിയായത് പോലെ തോന്നി.. ഇനി ഞാന്‍ അമ്മയെ
കാണാന്‍ വരുന്നത് എന്റെ ഭര്‍ത്താവിന്റെ ഒപ്പം ആയിരിക്കും എന്ന്
നേര്‍ച്ച നേര്‍ന്നു യാത്രപറഞ്ഞു ഇറങ്ങിയപ്പോള്‍ ദേവിയുടെ ചിരിക്കുന്ന
മുഖം മനസ്സില്‍ പതിഞ്ഞിരുന്നു....

ബാക്കി ഉള്ള അമ്പലങ്ങളിലും കേറി വീട്ടില്‍ വന്നപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു..എന്റെ് കലുഷിതചിന്തകള്‍ ഒക്കെ അമ്മ എടുത്തു അതില്‍ സന്തോഷം നിറച്ചു തന്നത് പോലെ..തോന്നല്‍ ആവാം എന്നുള്ള ചിന്തയില്‍ ഇരിക്കവേ അമ്മയും എന്നോട് പറഞ്ഞു
അമ്മയുടെ ആകുലതകള്‍ ഒക്കെ ഒഴിഞ്ഞുപോയപോലെ ഉണ്ടെന്നു
സൗപര്‍ണിക കുളിച്ചാല്‍ മനസ്സിലെ സങ്കടങ്ങള്‍ ഒക്കെ ഒഴുകി പോകും
എന്നാണത്രേ വിശ്വാസം...

ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ് ഇനി ഒരിക്കല്‍ കൂടി അമ്മയെ കാണാന്‍ പോകുന്ന ദിനത്തിനായി....

Friday, 21 September 2012

ബാക്കി



കൊതിച്ചിട്ടും മൌനമായി

വിങ്ങിയ മോഹങ്ങള്‍ ബാക്കി

നിമിഷങ്ങളായി ഓടിയകലും

നിറങ്ങളും ബാക്കി

പറയാതെ പോയ പ്രണയവും

അറിയാതെ പോയ

ജന്മവും ബാക്കി...

ഹൃദയദുഃഖം


സൂര്യനില്‍ അനുരക്തയായ

താമരമോട്ടിന്‍ സുന്ദരമായ

വിടര്‍ന്ന മുഖം

കാത്തുകാത്തിരുന്ന

സൂര്യന്‍ വരുന്നതിനും മുമ്പെ

അടര്‍ത്തി മാറ്റപ്പെട്ട

താമരയുടെ ഹൃദയദുഃഖം

കാണുവാന്‍ സൂര്യനാകുമോ...

Thursday, 20 September 2012

നിഗൂഡ പുഞ്ചിരി



ഒരു നിഗൂഡ പുഞ്ചിരിയില്‍

ഭാവങ്ങള്‍ ഒതുക്കുന്ന പെണ്ണെ

നിന്‍ നയനങ്ങളില്‍

പതിയിരിക്കുന്നത് വഞ്ചനയില്‍

ചാലിച്ച സ്നേഹത്തിന്‍ പൂമൊട്ടുകളോ

അതോ എല്ലാം എന്‍ വ്യര്‍ത്ഥ

ചിന്തകളോ....

പ്രിയസഖീ



പ്രിയസഖീ നിന്‍

കാലടികള്‍ പിച്ചവെച്ചു

കേറിയത് എന്‍

ഹൃദയത്തിലേക്കാണ്....

നിന്‍ പാദസ്വരത്തിന്‍

മുത്തുമണിച്ചിരിയില്‍

രാഗങ്ങള്‍ ഉതിര്‍ത്തത്

എന്‍ ഹൃദയമാണ്.....

കൃഷ്ണാ ഹരേ ജയ

കൃഷ്ണാ കാര്‍മുകില്‍വര്‍ണ്ണാ
വീണ്ടും വീണ്ടും കാണാന്‍
കൊതിയാകുന്നല്ലോ
നിന്‍ ദിവ്യ രൂപം

നിന്‍ നടയില്‍ ഞാന്‍
നിക്കുബോള്‍
എന്‍ സങ്കടകടല്‍ നീ
വറ്റിച്ചല്ലോ കൃഷ്ണാ
നീ വറ്റിച്ചല്ലോ...

കൃഷണാ നിന്നെ
തൊഴുതുഇറങ്ങവേ
ഒരു നിര്‍വൃതി
എന്നില്‍ കളിയാടിയല്ലോ....

അടുത്ത ജന്മം ഒരു
മഞ്ചാടിക്കുരുവായെങ്കിലും
നിന്‍ സന്നിധിയില്‍ എന്നെ
ഇരുത്താനുള്ള അനുഗ്രഹം
തരണേ എന്‍ കൃഷ്ണാ

കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
ശ്രി ഗുരുവായൂരപ്പാ ശരണം....

Wednesday, 19 September 2012

മോഹങ്ങള്‍ അല്ലയോ...



അറിയാതെ എന്‍ മനസ്സിന്റെ

മായികക്കൂട്ടില്‍ മഴവില്ല്

വിരിയിച്ചൊരു പ്രണയമേ....

നിന്‍ മോഹപല്ലക്കില്‍

ചിറക് വിടര്‍ന്നപ്പോള്‍

പറന്നുപോയതെന്‍

ഹൃദയം അല്ലയോ...

പൂവണിഞ്ഞതെന്‍

മോഹങ്ങള്‍ അല്ലയോ...

വിരക്തി

ഒരേ കാഴ്ചകള്‍ കണ്ടു മടുത്തു

ഒരേ വാക്കുകള്‍ കേട്ടു മടുത്തു

പ്രവര്‍ത്തികളില്‍ ഒക്കെയും

വിരക്തിയുടെ അംശങ്ങള്‍

മടി ഒരു വില്ലനായി

പിന്നൊരു കൂട്ടുകാരനായി

ചിരിക്കുന്ന മുഖങ്ങളില്‍

നിഴലിക്കുന്ന സ്വാര്‍ത്ഥത

എന്നെ ഭയപ്പെടുത്തുന്നു

ആത്മാവില്‍ അഭയം

പ്രാപിക്കാന്‍ മനമിന്നു

വെമ്പുന്നു....

Tuesday, 18 September 2012

ശപിച്ച നിമിഷം.

ഒരു മറുപടിക്കായി നിന്നില്‍ 

നയനങ്ങള്‍ ഊന്നവെ

തളം കെട്ടിയ മൌനത്തിന്‍

വിങ്ങലുകള്‍ കാതില്‍

പതിഞ്ഞ ആ നിമിഷമാവാം

ഞാന്‍ എന്നെ തന്നെ

ശപിച്ച നിമിഷം....

സൗഹൃദം



എന്‍ പൂമരചില്ലയിലെ

പൂമൊട്ടുകള്‍ക്കിടയിലെ

വാടാത്ത പുഷപമാണെന്‍

സൗഹൃദം....

നിനക്കായ്‌ മാത്രം


നിനക്കായ്‌ മാത്രം കാത്തിരുന്ന
എന്‍ മനം നീ കാണാതെ
പോയതെന്തേ.....

നിനക്കായ്‌ മാത്രം കുറിച്ച
എന്‍ വരികള്‍ മങ്ങിപോകയോ

നിനക്കായ്‌ മാത്രം കോര്‍ത്തെടുത്ത
എന്‍ പ്രണയത്തിന്‍ മുത്തുകള്‍
അണിയാതെ നീ പോകയോ....

എങ്കിലും നിനക്കായ്‌ കാത്തിടാം
എന്‍ സ്പന്ദനനങ്ങള്‍ ഒക്കെയും
ഒരിക്കല്‍ നീ ഈ വഴി വരവെ
വെളിച്ചമേകിടാന്‍....

അന്നേന്‍ അടഞ്ഞ പുസ്തകം
നിനക്കായ്‌ വീണ്ടും
ഞാന്‍ തുറന്നിടാം....

Monday, 17 September 2012

മൃതി

ജീവിതം ഒരു ചാമ്പല്‍കൂമ്പാരം

എന്ന് തിരിച്ചറിയവെ

മൃതിയുടെ ആത്മാവ് 

തേടിയലയാം നമ്മുക്കിനി....

പുനരാവര്‍ത്തനം



ഇന്നലെകള്‍ ഇന്നത്തേതിലേക്ക്

പുനരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍

ഓര്‍മ്മകള്‍ മഴയായി വീണ്ടും

പുനര്‍ജനിക്കുന്നു....

Sunday, 16 September 2012

പ്രഭാപൂരിതം



ഒരു തിരിയായ്‌ തെളിഞ്ഞു നിന്‍ മനസ്സിന്റെ

അങ്കണത്തില്‍ പ്രഭാവലയം തീര്‍ത്തിടാം

ഞാന്‍ പ്രഭാപൂരിതമാക്കിടാം....

എരിഞ്ഞു തീരും വരെ...

മറവി

മറവിയുടെ ലോകം

വിശാലമാണ്....

ആരെയും തിരിച്ചറിയാനാവാതെ

സ്വന്തം ലോകത്തില്‍

പരിചിതരും അപരിചിതരായി

എല്ലാത്തിനും പുതുമ ഉള്‍ക്കൊണ്ട്‌

ഒരു കുഞ്ഞു പൈതലിന്റെ

മനസ്സോടെ നടക്കുക..

ഓര്‍മ്മകളുടെ കൈപ്പിടിയില്‍

വീഴാതെ......

Saturday, 15 September 2012

നല്ല മുഖം



എന്നിലുള്ളിലിന്നും നിന്‍

നല്ല മുഖം നിഴലിക്കുന്നു

വാക്കുകള്‍ കൊണ്ട് നീ എന്നിലെ

നിന്‍ സുന്ദര മുഖത്തെ

വിരൂപമാക്കരുതെ....

സ്വര്‍ണ്ണപറവകള്‍



മനസ്സിന്റെ മണിച്ചെപ്പില്‍

കൂട് കൂട്ടിയ സ്വര്‍ണ്ണപറവകളെ

വിട്ടു പോവുക എന്നെ നീ

കൊണ്ടുപോകുക നിന്‍

ഓര്‍മ്മകള്‍ എന്നെ

വലംവെക്കാതെ...

എന്‍ ഓമലെ



മറക്കുവാനേറെയുണ്ട്

എന്‍ ഓര്‍മ്മകള്‍ക്ക്

എങ്കിലും മറക്കാനാവുന്നില്ല

നിന്‍ മുഖം എന്‍ ഓമലെ

ഒറ്റക്ക്



നിരാശകള്‍ ഇല്ലാത്ത ലോകത്ത്

കളിചിരികള്‍ അമ്മാനമാടുന്ന വേളയില്‍ ,

മഴയോട് പരിഭവം പറഞ്ഞു

കാറ്റിനോട് കിന്നാരം ചൊല്ലി

വെയിലുമായി കണ്ണുപൊത്തി കളിച്ചു

കൊച്ചു കൊച്ചു സന്തോഷങ്ങളിലും ചിരിച്ചു

വല്യ കാര്യങ്ങളില്‍ അത്ഭുതം കൂറി

മോഹഭംഗങ്ങള്‍ ഇല്ലാതെ

ഒറ്റക്ക് നടക്കുനതല്ലോ സുഖപ്രദം

Friday, 14 September 2012

കുഞ്ഞിക്കിളി



എന്നില്‍ കുളിര്‍കാറ്റായി

വീശിയ ഇളംതെന്നല്‍ പോലെ

എന്നിലെ മനസ്സിന്റെ

മോഹക്കൂട്ടില്‍ ചേക്കേറിയ

കുഞ്ഞിചിറകുള്ള പക്ഷിയാണ് നീ

നീ എന്റെ സ്വന്തം കുഞ്ഞിക്കിളി

ആകാശവും ഭൂമിയും


കണ്ണില്‍ കണ്ണില്‍ നോക്കി
പരിഭവം പറഞ്ഞു
പിണക്കങ്ങള്‍ തീര്‍ത്തു
അന്യോന്യം സ്നേഹിക്കവെ
ഒരിക്കലും ഒന്നാകില്ല എന്ന്
അവര്‍ അറിഞ്ഞിരുന്നോ...

സൂര്യന്‍ ദേഷ്യം കൊണ്ട്
ഭൂമിയെ ഉരുക്കുമ്പോള്‍
ആകാശം മഴയായി
പെയ്തിറങ്ങി ഭൂമിയെ
തണുപ്പിക്കുന്നു....

ഒരിക്കലും വേര്‍പിരിയാനാവാത്ത
ആത്മബന്ധം ഇന്നീ
ഭൂമിക്കും ആകാശത്തിനും

സുഖകര ഓര്‍മ്മകള്‍.....

മണിക്കൂറുകള്‍ യുഗങ്ങളായി
തോന്നിയ നിമിഷങ്ങള്‍....
കേള്‍ക്കുവാന്‍ മോഹിച്ച വാക്ക്
ഒരു പുഞ്ചിരിയില്‍ നല്‍കവെ
സന്തോഷത്തിന്റെ പൂത്തിരമാലകള്‍
എന്നില്‍ അലയടിച്ചു..
പറയുവാനേറെയുണ്ടെങ്കിലും
നിന്‍ അരികില്‍ അണയുമ്പോള്‍
വാക്കുകള്‍ മറന്നുപോയിരുന്ന
നിമിഷങ്ങള്‍....
സ്കൂള്‍ ജീവിതം പടിയിറങ്ങവെ
നീയും മനസ്സിന്റെ പടിയിറങ്ങി
പോയിരുന്നു....
എങ്കിലും എന്നുള്ളിലിന്നും
ആ അസുലഭനിമിഷത്തിന്‍
സുഖകര ഓര്‍മ്മകള്‍.....

Thursday, 13 September 2012

അറിയാതെ..


ഒരു മഴ അനുവാദം ചോദിക്കാതെ

വീണ്ടും കടന്നുവന്നപ്പോള്‍

എന്‍ മനം അറിയാതെ

നിന്‍ ഓര്‍മ്മയില്‍ അലിഞ്ഞു

അറിയാതെ....

ചിന്തകള്‍



പൊഴിഞ്ഞു വീഴുന്ന

ഓരോ നിമിഷവും

എന്‍ ചിന്തയില്‍

കൂടുകുട്ടുന്നത്

എങ്ങനെ നിന്നെ മറക്കാം

എന്ന ചിന്തയാണ്...

അങ്ങനെ എന്‍ ചിന്തകളും

നീ കൈക്കലാക്കുന്നു....

Wednesday, 12 September 2012

പിഴുതെറിയാനാവാതെ

നീ എന്ന കളയെ

മനസ്സില്‍ നിന്നും

പറിച്ചെയണം എന്ന

ചിന്ത അതിക്രമിച്ചപ്പോള്‍

അതിനായി നടന്നടക്കവെ

ഞാന്‍ അറിയുകയായിരുന്നു

നീ ഒരു മരമായി വളര്‍ന്നിരിക്കുന്നു

പിഴുതെടുക്കാനാവാത്ത വണ്ണം....

ചന്ദനത്തിരി

എരിഞ്ഞടകുമ്പോള്‍ എടുത്തു

എറിയപ്പെടും എന്ന് അറിയാതെ

സ്വയം എരിഞ്ഞും സുഗന്ധം

പരത്തുന്ന ചന്ദനത്തിരി പോല്‍

ആകുന്നുവോ എന്‍ പ്രണയവും...

എങ്കിലും ഒരു ആശ്വാസം

നിഴലിക്കുന്നു ഒക്കെയും

നിനക്കായ്‌...... ........ ...

നുണകള്‍

പറയുവാനേറെയുണ്ടെങ്കിലും

ചൊല്ലുവാന്‍ വാക്കുകളില്ലേതുമേ

മൌനമിന്നു വെടിയുക നീ

നിന്‍ നുണകള്‍ എങ്കിലും

കേക്കട്ടെ നാം.....

പ്രിയാനുരാഗം



അരികിലായ്‌ ഓടിയെത്തിയ

നിന്‍ പ്രിയാനുരാഗത്തില്‍

മനമിന്നറിയാതെ പാടുകയോ

ആനന്ദാമൃതമാടുകയോ....

Tuesday, 11 September 2012

ആര്

കനവുകളിലെ ചിറകുകളെ...

കവിത മൂളും പാട്ടിലെ വരികളെ....

ഇന്നെന്‍ മിഴികള്‍ തേടുന്നതാരെ...

ആരോ വരുവാനുണ്ടെന്നു

ഇന്നെന്‍ ചെവിയില്‍ മൂളിയാതാര്,

കാറ്റോ അതോ വണ്ടുകളോ.....

Monday, 10 September 2012

പൂവണിയിപ്പൂ....



മൂകമാം മനസ്സിന്റെ

ആത്മരാഗങ്ങളോ

എന്നിലുണരും

സ്നേഹചേഷ്ടകളോ

ഇന്ന് നിന്‍ കരളിനെ

പൂവണിയിപ്പൂ....

കഥ



പെയ്തുതീര്‍ന്ന മഴക്കും

കഴിഞ്ഞുപോയ കാലത്തിനും

കൊഴിഞ്ഞുവീണ പൂവിനും

മൂകമായ ഓര്‍മ്മകള്‍ക്കും

പറയാനുള്ളത്‌ ഒരേ കഥയാരിക്കും

നഷ്ടമായ സ്നേഹത്തിന്റെ കഥ

അതിലെ വര്‍ണ്ണങ്ങളുടെ കഥ

എന്നെയും നിന്നെയും പോലെ....

Sunday, 9 September 2012

വിങ്ങല്‍...............

പറഞ്ഞു തീര്‍ക്കാത്ത കാര്യങ്ങളും

കണ്ടുതീരാത്ത നിന്‍ മുഖവും

ഓര്‍മ്മകളിലേക്കു നീക്കപെടുമ്പോള്‍

എവിടെയോ ഒരു നേരിയ വിങ്ങല്‍

വസന്തകാലത്തില്‍ തളിര്‍ത്ത

ഹൃദയത്തിന്‍ വിങ്ങല്‍...............

അനുരാഗം.




ഒരു കുഞ്ഞുപൂവിതള്‍

തെന്നലായി.....

മഴത്തുള്ളികള്‍ വീണലിയുമൊരു

മുത്തായി.....

എന്നുള്ളിലെ വാക്കുകളെ

ഉണര്‍ത്തിയൊരു

അനുരാഗം......

എന്‍ പ്രിയാനുരാഗം........

Saturday, 8 September 2012

നിശീഥിനി



നിശീഥിനിയുടെ താളം

കേട്ടുവല്ലോ...

സ്വപ്നങ്ങളുടെ ലോകത്ത്

ചേക്കേറാം നമുക്കിനി

ഓര്‍മ്മകളുടെ ചില്ലയില്‍

നിന്ന് പറന്നു

മനസ്സിന്‍റെ മായികലോകത്തു

കൂടുകൂട്ടാം...

പുലരും വരെ...

നിഗൂഡമായി

ഒരു നേര്‍ത്ത ചിരിയില്‍

ദുഃഖങ്ങള്‍ മറച്ചു ഞാന്‍

എങ്കിലും കരയാതെ

കരയുന്ന നയനങ്ങളുടെ

വേദന നിഴലുകളില്‍

ഒളിപ്പിക്കവെ....

വീണ്ടും തെളിഞ്ഞ

ഇരുട്ടു എന്നെ നോക്കി

ചിരിച്ചു.....

നിഗൂഡമായി.....

കാത്തിരിക്കുന്നത്....



ഈ പുകച്ചുരുളിനപ്പുറം

എനിക്കായ്‌ നീട്ടുന്ന

നിന്‍ കരങ്ങളെയാണ്

ഞാന്‍ തേടുന്നത്.....

അതിനായാണ് ഞാന്‍

കാത്തിരിക്കുന്നത്....

പുസ്തകം



ആടിതീര്‍ന്നൊരു കഥയിലെ

കഥാപാത്രത്തിനോടുള്ള

ആത്മബന്ധം പോല്‍

നിന്നോടുള്ള സ്നേഹം

ഞാന്‍ എന്‍ വാക്കുകളിലാക്കി

പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ചു....

എഴുതിത്തീര്‍ന്ന പുസ്തകത്തിലെ

താളുകള്‍ക്കിടയില്‍ നീ

ഇന്നും ജീവിക്കുന്നു...

നിന്‍ ഓര്‍മ്മകളും...

പ്രണയം



പ്രണയസാഗരത്തില്‍ വീഴവെ

കനവുകള്‍ ചിത്രശലഭം പോല്‍

നിനക്ക് ചുറ്റും പാറിപറന്നിരുന്നു

കപട ഗൌരവത്തിന്‍

മുഖംമൂടി നിന്‍

ചിരിയില്‍ എന്നും

അഴിഞ്ഞു വീണിരുന്നു....

നയനങ്ങള്‍ നെയ്ത

ലോകത്തില്‍ ഒരു

സ്വപ്ന കൊട്ടാരം

പണിതുയര്‍ന്നിരുന്നു...

ഒരേ തൂവല്‍ ചിറകുമായി

നമ്മള്‍ അവിടെ

സല്ലപിച്ചിരുന്നു

ആരാരും  അറിയാതെ......

വിരഹത്തിന്‍ കഥ...



ഒരു കുഞ്ഞുപൂവിതളില്‍

വീഴും മഴത്തുള്ളിക്കും

ഒരു വേദനയുടെ

കഥ പറയാനുണ്ടാകും


സൂര്യനെ വിട്ടുപോന്ന

ദുഃഖത്തില്‍ മേഖം

കരഞ്ഞ കഥ.....

 അവരുടെ  വിരഹത്തിന്‍ കഥ...

അത്മസംഹര്‍ഷങ്ങളുടെ കവിത



പറയാനുള്ള വാക്കുകള്‍ ...........

കേള്‍ക്കാനൊരു ക്ഷമയുള്ള

മനസ്സിലാതെ തൂലികയില്‍

നിറയുമ്പോളതൊരു കവിതയാകുന്നു....

അത്മസംഹര്‍ഷങ്ങളുടെ കവിത

സ്പന്ദനം



എന്‍ ഓര്‍മ്മയുടെ

കൂടാരത്തില്‍  ഇന്നും 

നിന്‍ കലോച്ചയുടെ

നനുത്ത സ്പന്ദനം മാത്രം

ഉറങ്ങാം ഇനി

ദാ മുറ്റത്ത് നിലാവ്
വിരുന്നുവന്നല്ലോ...
നിന്‍ മുഖം കാണാന്‍
കൊതിച്ച എന്‍ മനസ്സിന്നു
ഇരുണ്ടുവോ....
സ്നേഹനിലാവ് കൊതിപ്പിച്ച
മുഖങ്ങള്‍ മാഞ്ഞുപോയോ
ഇരുളില്‍ താങ്ങിയ നിന്‍
കൈകള്‍ നീ വലിച്ചുവോ...
ഉറങ്ങാന്‍ വെമ്പുന്ന നയനങ്ങളും
ഉറങ്ങാന്‍ കൂസാത്ത മനസ്സമായി
ചാഞ്ഞുറങ്ങം ഇനി
പറഞ്ഞു മയക്കിയ
വാക്കുകള്‍ ഓര്‍ത്തു...

കവിത

നിന്‍ ചിരിയില്‍ വിരിഞ്ഞ

വര്‍ണ്ണങ്ങള്‍ ഞാന്‍ ഒരു

കവിതയായി കുറിക്കട്ടെ...

നിന്‍ ഏഴഴകുള്ള ചിരിയില്‍

അവ നിന്നെ കൂടുതല്‍

സുന്ദരം ആക്കട്ടെ...

മഴവില്ലു പോലെ....

മോഹമലരുകള്‍

എന്‍ ഹൃദയത്തിന്‍

ചന്ദന ചിതയില്‍

മോഹമലരുകള്‍

വീണെരിഞ്ഞു....

അവയെന്നും എന്‍

അരുമക്കിനാവുകള്‍

ആയിരുന്നു.....

നര

ഒരു നര ഇന്നെന്‍
കണ്ണാടിയില്‍ തെളിഞ്ഞുവോ
ഞെട്ടി വീണ്ടും വീണ്ടും
കണ്ണാടിയില്‍ നോക്കവെ
വാര്ദ്ധക്യം എന്നെ
പല്ലിളിച്ചു കാണിച്ചു
വൃദ്ധഭവനം എന്നെ
മാടിവിളിച്ചു...
നരകളയുന്ന വിദ്യകള്‍
എന്‍ തലച്ചോറില്‍
നൃത്തമാടി....
ഒരു കത്രികകൊണ്ടന്‍
വ്യാകുലതകള്‍ പിഴുതെറിയവെ
വീണ്ടും ഞാന്‍ തിരയാന്‍ തുടങ്ങി
അടുത്ത നരച്ച മുടിയെ.....

Friday, 7 September 2012

എരിയുന്ന ഓര്‍മ്മകള്‍



എരിയുന്ന ഓര്‍മ്മകള്‍

ഒരു കനലായി കത്തുമ്പോഴും

നിന്‍ നിഴലുകള്‍ പതിയുന്ന

പാതയോരങ്ങളില്‍ ഒരു

പുഞ്ചിരിയുമേന്തി ഞാന്‍

കാത്തുനിന്നിരുന്നു.....

Thursday, 6 September 2012

പ്രകാശം

എന്നുള്ളിലിന്നും നീ
കത്തിച്ച തിരിതന്‍
പ്രകാശം....

നീ ഊതിയ കാറ്റിലും
കെട്ടുപോവാതെ
തിരി തീര്‍ന്നിട്ടും
എരിഞ്ഞു തീരാതെ
അവയിന്നും പ്രകാശം
പരത്തുന്നു...

എന്തിനെന്നറിയാതെ...

നൊമ്പരം

ഒരു നിശബ്ദപക്ഷിയായി

മൌന സാഗരത്തില്‍

ചേക്കേറി ഇരിക്കവെ

ദൂരെ വിതായനങ്ങളില്‍ നിന്ന്

ഒഴുകി വന്ന ഗാനം

എന്‍റെ മുറിഞ്ഞ ചിറകിന്‍

നൊമ്പരത്തെപറ്റിയായിരുന്നില്ലേ

Wednesday, 5 September 2012

ഓര്‍മ്മ



മറവിയുടെ കൂടാരത്തിലേക്ക്

ഓര്‍മ്മകള്‍ ചേക്കേറുമ്പോള്‍

ഞാനും നിന്റെ മനസ്സിലെ

മറഞ്ഞുപോയ ഒരു

ഓര്‍മ്മയാകില്ലേ.....

Tuesday, 4 September 2012

തേങ്ങല്‍



നീ തീര്‍ത്ത രാഗത്തിന്‍

കനലുകള്‍ നെഞ്ചില്‍

പോറല്‍ വീഴ്ത്തവെ

എന്‍റെ വീണ ഉതിര്‍ത്ത

രാഗവും നീ തീര്‍ത്ത

ശൂന്യതയുടെ തേങ്ങലാരുന്നോ..

Monday, 3 September 2012

വേര്‍പാട്



വിടചൊല്ലി നീ അകലവെ

നിന്‍ നിഴലുകള്‍ തീര്‍ത്ത

മുറിപ്പാടില്‍ നിന്നും

നിണം ചീന്തിയിറങ്ങി....


പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വ്വതം പോല്‍

എന്‍ നയനങ്ങള്‍ നിന്നു....


വിളറിയ പുഞ്ചിരി

എന്‍ അധരങ്ങളില്‍

മിന്നിമാഞ്ഞു.....


പാത കാണാതെ ഞാന്‍

ഉഴറിനടക്കവെ നിന്‍

പിന്‍വിളി ഞാന്‍

കാതോര്‍ത്തു....


മനസ്സൊരു അവിശ്വാസം

തീര്‍ത്ത ചങ്ങലയില്‍

ഉടക്കി കിടന്നു.....


ചിന്നിച്ചിതറിയ ഹൃദയം

അവ്യക്തമായി പിറുപിറുത്തു


ഒക്കെയും മിഥ്യയാണ്.....

നിനക്കെന്നെ വേര്‍പിരിയാനാവില്ല.......

Sunday, 2 September 2012

ചിന്തകള്‍

വെറുതെ ഇരുന്നാലും

ചിന്തകള്‍ പണിയെടുക്കുന്നു

നയനങ്ങളെ വശീകരിച്ചു

കൂടെ നിര്‍ത്തുന്നു

അവസാനം ആവശ്യമില്ലാത്തതിനു

ഉത്തരം പറയേണ്ടതോ 

പാവം എന്‍ മനസ്സും...

Saturday, 1 September 2012

കാലം

കാലം തീര്‍ത്തൊരു
യവനികക്കുള്ളില്‍
ആടാന്‍ വിധിച്ചൊരു
പാഴ്ജന്മങ്ങള്‍ നമ്മള്‍

എന്നെ കാക്കാതെ നീ
ഉരുളുബോള്‍..
മനസ്സ് പൊടിതട്ടിയ
ഓര്‍മ്മകളില്‍ ഉടക്കി കിടന്നു

എന്‍ ദേഹം നീ തള്ളി
നിന്നോപ്പം ആക്കാന്‍
ശ്രമിക്കവെ
മനസ്സ് പഴയ ഓര്‍മ്മകളേയും
മുറുക്കെ പിടിച്ചു
നിന്നോപ്പം ഓടാന്‍ ശ്രമിച്ചു

ആ ഓട്ടത്തില്‍
പുറംതിരിഞ്ഞു
നോക്കുമ്പോള്‍ ചില
ഓര്‍മ്മകള്‍ കൈമോശം
വന്നിരുന്നു.......

യാത്ര

മറവിയിലോതുങ്ങുന്ന യാത്രകള്‍

നിശബ്ദ സംഗീതമീട്ടുന്ന ഓര്‍മ്മകള്‍

നോവുകള്‍ ഉണര്‍ത്തുന്ന നഷ്ടങ്ങള്‍

വിതുമ്പലുകളാകുന്ന നൊമ്പരങ്ങള്‍

ഒരു നേര്‍ത്ത നെടുവീര്‍പ്പിലോതുക്കി

നനുത്ത പുഞ്ചിരിയുടെ മൂടി അണിഞ്ഞു

നല്ല നാളെയുടെ സ്വപ്നങ്ങളും തോളിലേറ്റി

മുന്നോട്ട് നടന്നു നീങ്ങുന്നു......

വ്യര്‍ത്ഥമായ കാത്തിരിപ്പ്‌



വ്യര്‍ത്ഥമായ കാത്തിരിപ്പിന്‍

വിങ്ങലുകള്‍ ഹൃദയത്തില്‍

പോറല്‍ വീഴ്ത്തവെ

മനമിന്നു വിരിയാത്ത

നാളെയുടെ ചിറകുകള്‍

കാട്ടി സ്വയം ആശ്വസിപ്പിച്ചുവോ....

Love You



കാണാത്ത നിന്‍ മുഖത്തെ.....

കേള്‍ക്കാത്ത നിന്‍ ശബ്ദത്തെ....

തൊടാത്ത നിന്‍ കരങ്ങളെ.....

പറയാത്ത നിന്‍ വാക്കുകളെ ......

ഇന്ന് ഞാന്‍ സേന്ഹിക്കുന്നു