Monday, 22 April 2013

വീണ്ടും ജനിക്കാനായി

ഇനി വരും ജന്മമെങ്കിലും
ഒരു പനിനീര്‍പ്പുവായി
നിന്‍ ജാലകപടിയില്‍ വിടരേണം
നിന്‍ മറയില്ലാത്ത പ്രണയം പുല്‍കി
നിമിഷത്തിനുള്ളില്‍ കൊഴിയേണം
വീണ്ടും ജനിക്കാനായി

നീ മാത്രം

എന്‍ നയനങ്ങള്‍ക്ക് സ്വപ്നവും
ഹൃദയത്തില്‍ മഴനീര്‍ത്തുള്ളികളും
ചുണ്ടുകള്‍ക്ക് നിന്‍ വാക്കുകളും നല്‍കി
കാരണം എന്റെ പ്രണയം നീയാണ്
നീ മാത്രം

Wednesday, 17 April 2013

പ്രണയമെന്നോ വിരഹമെന്നോ

ഇമകള്‍ ഇറുക്കി അടച്ചിട്ടും
മറയാത്ത സ്വപ്നമേ
നിന്നെ ഞാനെന്ത് പേരിട്ടു വിളിക്കണം
പ്രണയമെന്നോ വിരഹമെന്നോ .....

തേരാളി

പിടിച്ചാല്‍ കിട്ടാത്തൊരു
മനസ്സിന്‍റെ പുറകെ
പായുന്നൊരു തേരാളി ഞാന്‍

സ്നേഹിക്കുന്നു

നിന്നെ സ്നേഹിച്ചുവെന്നാല്‍
നീ തരുന്നത് വെറുപ്പാണെങ്കില്‍
ആ വെറുപ്പിലും നിന്നെ ഞാന്‍
സ്നേഹിക്കുന്നു .......

വിഷു

ഒരു കുല കൊന്നപ്പൂക്കള്‍
എന്നുള്ളിലും പൂക്കുന്നുണ്ട്
നിനക്കായ്‌ കണി ഒരുക്കാന്‍

ആരും അറിയാതെ

എത്താത്ത മനസ്സിന്‍ ആഴങ്ങളില്‍
ചിരിക്കുന്ന കണ്ണിന്‍ മിഴിയിതളില്‍
ഒരു ദുഖത്തിന്‍ നിഴല്‍ പാടുണ്ടാകാം
ആരും അറിയാതെ

Thursday, 11 April 2013

നോവുകള്‍

മനസ്സിലുള്ള നോവുകള്‍

കവിതയില്‍ കുത്തി വരച്ചിട്ടും
നോവുകള്‍ ഇനിയും ബാക്കിയാവുന്നു

കണ്മഷി


ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുമീ വേളയില്‍
വിടചോല്ലിയ സൂര്യനും ചിരി തൂവി ചന്ദ്രനും
നോക്കി നില്‍ക്കും കടലിനെ പോല്‍
എന്‍ മനസ്സിലും ഓര്‍മ്മകള്‍ ആര്‍ത്തിരുമ്പുന്നു
നിന്‍ മോഹമിന്നും ഞാനെന്നറിയുമ്പോള്‍
എന്നുള്ളിലും പേമാരി പെയ്തിറങ്ങുന്നു
പകലിനെ മറന്നുപോം നിശയെ പോല്‍
ദുസ്വപ്നങ്ങള്‍ മറന്നു നിന്‍ നിഴലില്‍
ചേക്കേറാന്‍ വെമ്പുമ്പോള്‍
ജാലകചില്ലിലെന്‍  നിഴല്‍ മാത്രം മന്ത്രിച്ചു
ഞാനെന്നും നിന്‍ നിശ്വാസമല്ലയോ
നീയില്ലെങ്കില്‍ പടരുമെന്‍ കണ്മഷി അല്ലയോ

നൊമ്പരമെരിയുന്നു


ഒരു നൊമ്പരമെന്നില്‍ കൂടുകൂട്ടുന്നു
വാക്കുകളിലുറങ്ങും മൌനമായ്‌
നിശബ്ദതയില്‍ ഒരു തീക്ഷ്ണ ഗാനമായ്‌
ഇനിയും ഉണങ്ങാത്ത മുറിവ് പോല്‍
മനസ്സിലെ ഏകാന്തത തന്‍
കണ്ണീര്‍ ചാലില്‍ നൊമ്പരമെരിയുന്നു

Saturday, 6 April 2013

മുഖം മറയാന്‍



കൊഴിഞ്ഞ ഓരോ പൂവുകള്‍ക്കും

നിന്‍ മുഖമായിരുന്നു

പിന്നെയും പൂത്ത ഓരോ പൂവുകളിലും

നിന്‍ മുഖമായിരുന്നു

എന്നിട്ടും ഞാന്‍ കാത്തിരുന്നു

മറവിയില്‍ നിന്‍ മുഖം മറയാന്‍

Wednesday, 3 April 2013

പ്രയാണം


മനസ്സൊരു പ്രയാണത്തിലാണ്

നോവുന്ന ഓര്‍മ്മകളില്‍ നിന്നും

കുത്തുവാക്കിന്‍ മാറ്റൊലികളില്‍ നിന്നും

പൂര്‍ണ്ണത തേടിയുള്ള പ്രയാണത്തില്‍

നശ്വരത വെടിയാനുള്ള തിടുക്കത്തില്‍..

കനല്‍



നിന്‍ മൊഴിയില്‍

ഉതിര്‍ന്നു വീണൊരു

മൌനമാണ് ഞാന്‍


നിന്‍ നിലാവില്‍

ഓടിയോളിച്ചൊരു

ഇരുളാണ് ഞാന്‍


നീ വീശിയ കാറ്റില്‍

കുളിര്‍ വീണൊരു

ചെടിയാണ് ഞാന്‍


നിന്‍ വേര്‍പാടില്‍

ഞാനൊരു കനലായി

അണയാതെ എരിയുന്നൊരു കനല്‍

Tuesday, 2 April 2013

യൂദാസ്


മുപ്പതു വെള്ളികാശിനു
ദൈവപുത്രനെ ഒറ്റിയ യൂദാസെ
നീ തന്നെ അല്ലെ ഇന്നീ ലോകം ഭരിക്കുന്നത്
അപ്പം പങ്കിട്ടവനെ ഒറ്റികൊടുക്കാമെന്നു
ലോകത്തെ പഠിപ്പിച്ചതും നീ തന്നെയല്ലേ
അവനെ,, നിന്നെ,, എന്നെ ഒറ്റികൊടുക്കുന്നത്
നിന്‍ പ്രതിരൂപമല്ലേ
ഈശ്വരനിലും വലുതായി ചെകുത്താന്‍
കുടി കൊള്ളുന്ന കാലമിത്
യൂദാസിന്‍ ലോകമിത്...

വിശ്വാസം "

എനിക്കില്ലാത്തതും

നിനക്ക് എന്നിലുണ്ടെന്നു
തെറ്റിദ്ധരിച്ചതും ഒന്നായിരുന്നു
" വിശ്വാസം "

ലാഭ നഷ്ട കണക്ക്

ഒരിക്കലും പിരിയില്ല എന്ന്

തീരുമാനിച്ചവര്‍ പിരിയുമ്പോള്‍

ലാഭ നഷ്ട കണക്ക് നോക്കുന്നു

പിടിവാശി

ഒരു പിടി ഉത്തരങ്ങളാല്‍

കോര്‍ത്ത്‌ വെച്ചതാണെന്‍
സ്വഭാവങ്ങള്‍
നിന്‍ കണ്ണിലത് ഒറ്റ വാക്കില്‍
തീരുന്ന പിടിവാശിയും...

കാതരേ


കാതരേ നിന്‍ നയനങ്ങള്‍

ഉതിര്‍ക്കും പ്രഭാവലയത്തില്‍
ഞാനൊരു പ്രണയപുഷ്പമായി മാറി
നിന്‍ അധരങ്ങളില്‍ പൂജിക്കും
പ്രണയപുഷ്പം

എന്‍റെതായി ഒന്നുമില്ലാതായി

എന്‍ കനവുകളൊക്കെയും

നിനക്കായ്‌ പകുത്തു തന്നപ്പോള്‍

എന്‍റെതായി ഒന്നുമില്ലാതായി

അവധി


അവധിക്കാല ലഹരി
തച്ചുടക്കുന്ന സമ്മര്‍ ക്ലാസുകള്‍
കമ്പ്യൂട്ടറില്‍ തളച്ചിടുന്ന ബാല്യങ്ങള്‍
അങ്ങേ തൊടിയില്‍
ആര്‍ക്കും വേണ്ടാതെ
പൂത്ത മാവുകള്‍
മണ്ണപ്പവും , സാറ്റ്‌ കളിയും
എന്തെന്നറിയാത്ത ഇന്നത്തെ കുട്ടികളില്‍
നിഷ്കളങ്കതയും അന്യമാവുന്നുവോ