Tuesday, 12 February 2013

പ്രവാസി

വൈകിവീശുന്ന കാറ്റിനെ
നോക്കിനിന്ന് പൊഴിഞ്ഞ ഇലകള്‍ പോലെ
ഓരോ ദിവസവും
പൊഴിഞ്ഞു തീരുകയാണ്
മനസ്സില്‍ കൂടി കടന്നുപോയ
ഓര്‍മ്മപോലും അവശേഷിപ്പിക്കാതെ
ചില അപരിചിത മുഖങ്ങള്‍ പോല്‍
പൊഴിയുന്ന മാറ്റമില്ലാത്ത ദിവസങ്ങള്‍

ഋതുക്കള്‍ മാറി മാറി വരുന്നതും
കാലത്തിനും വാക്കിനും
നിറഭേദം വന്നതും, വര്‍ഷങ്ങള്‍
ഓടിയകലുന്നതും ഞാന്‍ അറിയാതെ പോയോ
മനസ്സില്‍ ഇന്നും ബാല്യമായി
നരച്ചമുടിയില്‍ തുറിച്ചുനോക്കവേ
കണ്ണിന്‍ കാഴ്ചയില്‍
മങ്ങല്‍ പടര്‍ന്നുവോ

ഒരു തണല്‍മരമായി മാറിപോയ
ജീവിതത്തില്‍ സമ്പാദ്യമായി
പേരറിയാത്ത കുറെ രോഗങ്ങള്‍
കാഴച്കളില്‍ വിട്ടുപോയ കനവുകള്‍
കുത്തിത്തിരുകിയപ്പോള്‍
പുച്ഛഭാവം തിരുകിയ മുഖങ്ങളില്‍
ഞാന്‍ നിന്നെ തിരഞ്ഞു
എന്നോ കണ്ടുമറന്ന പ്രേയെസിയെ

വേണ്ടാന്ന് വെച്ച ഇഷ്ടങ്ങള്‍
ആരും കാണാതെ പോയ ത്യാഗങ്ങള്‍
അഭിമാനത്തോടെ കണ്ടിരുന്ന ബന്ധങ്ങള്‍
സ്വാര്‍ത്ഥസമൂഹത്തില്‍ ഒക്കെയും വ്യര്‍ത്ഥം

മാപ്പ് ചോദിക്കണമെങ്കില്‍ എനിക്ക്
നിന്നോട് മാത്രം മാപ്പ് ഇരക്കണം
പ്രിയ സഖീ, നിന്നില്‍ നിന്നകന്നു
ഞാനൊരു പ്രവാസി ആയതില്‍
ഇന്നീ വൈകിയ വേളയില്‍
നീ എങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടാകും
വാര്‍ദ്ധക്യം നിന്നിലെ ഓര്‍മ്മകളെ
കാര്‍ന്നു തിന്നിട്ടില്ലെങ്കില്‍...

കാറ്റത്താടും കിളിക്കൂട്‌ പോലെന്‍
ജീവിതം തീരും വരെ
എന്‍ നയനങ്ങള്‍ നിന്നെ തേടികൊണ്ടിരിക്കും
തിരിച്ചറിയില്ലെങ്കിലും വെറുതെ....

No comments:

Post a Comment