Tuesday 30 October 2012

മഴനിലാവ്

ആരുടെയോ നിലവിളി കേട്ടുവോ .. മീനാക്ഷി ചെവിയോര്‍ത്തു ... ഇല്ല തോന്നിയതാണോ ... സമയം രണ്ടു മണി ആയിരിക്കുന്നു ... മുറ്റത്ത്‌ മഴ ആര്‍ത്തലച്ചു പെയ്യുന്നു.. ആരുടെയോ തീര്‍ത്താല്‍ തീരാത്ത പക പോലെ മഴ സംഹാരനൃത്തമാടുന്നു.

വീണ്ടും ഒരു നിലവിളി കേട്ടുവോ.. കേട്ടു അതെ തന്നെ പോലെ മരണം കാത്തുകിടക്കുന്ന ഏതോ സുകൃതം ചെയ്ത ഒരു ആത്മാവ് കൂടി വിട പറഞ്ഞിരിക്കുന്നു.. അതിനുള്ള സു
കൃതവും തനിക്കില്ലലോ ഈശ്വരാ..

ഈ ആശുപത്രിയുടെ നാല് ചുവരില്‍ ഒതുങ്ങി കഴിയാന്‍ വിധിക്കപെട്ട ജന്മം. സ്നേഹം ഗുളികളില്‍ വന്നു നിന്ന് ചിരിച്ചു കാണിച്ചു പോയ ദിനങ്ങള്‍. , പിന്നെപ്പോഴോ ഗുളികകളും പിന്‍വാങ്ങി..

മഹത്തായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന്‍ ഒടുവില്‍ ആണ് പ്രേമിച്ച ആളെ തന്നെ കെട്ടിയത്.. ജീവിതം തുടങ്ങിയപ്പോള്‍ മനസ്സിന് മാത്രമേ
ചെറുപ്പം ഉണ്ടായിരുന്നുള്ളൂ.. രണ്ടു വര്ഷം സ്നേഹിച്ചു തീരാതെ പ്രിയതമന്‍ വിട പറഞ്ഞപ്പോള്‍ താങ്ങായി ആരും ഇല്ലായിരുന്നു.. എല്ലാവരെയും വെറുപ്പിച്ചവള്‍ എന്ന പേര് മാത്രം സ്വന്തമായി ഉണ്ടായിരുന്നു..

ശക്തിയായി വയറുവേദന വന്നപ്പോള്‍ ആണ് അറിഞ്ഞത് കാന്‍സര്‍
വിത്ത് പാകിയകൊണ്ടാണ് ഒരു കുഞ്ഞു പോലും കൂടിനില്ലാതെ
പോയത് എന്ന്..

തകര്‍ത്ത് പെയ്യുന്ന മഴയിലേക്കായി വീണ്ടും മീനാക്ഷിയുടെ ശ്രദ്ധ..
ഒരു മഴ നനഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയിരിക്കുന്നു..
പതുക്കെ ആരും കാണാതെ ആശുപത്രിയുടെ
വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങി... മഴ ആര്‍ത്തിയോടെ എന്നെ
നനക്കാന്‍ നോക്കുന്നു..എപ്പോഴും ചിരിക്കുന്ന മഴ , സുഖത്തിലും ദുഖത്തിലും കൊഞ്ചുന്ന മഴ, ആദ്യത്തെ പ്രണയം പോലെ എന്നും
സുഖമുള്ള ഓര്‍മ്മ തരുന്ന മഴ..

മഴയില്‍ നനഞ്ഞു നടന്നപ്പോള്‍ തന്‍റെ പ്രിയതമന്‍ തലോടുന്ന പോലെ കുളിര് പെയ്യുന്നു... മഴ എന്നും ലഹരി ആണെന്നു പറയുന്ന
നീ ചിരിക്കുന്നതും മഴ ചിരിക്കുന്നതും ഒരു പോലെ ആണെന്ന് പറഞ്ഞ തന്‍റെ ഭര്‍ത്താവ്.ജീവിച്ചു കൊതിതീരും മുമ്പ് ശരീരം വെടിയേണ്ടി വന്ന
ആത്മാവ്..

മഴ കാരണം റോഡ്‌ എല്ലാം നിറഞ്ഞു ഒഴുകുന്നു...
തെരുവോക്കെ ശൂന്യം ..ഈ രാത്രിയില്‍ ആരാണ് മഴ കൊള്ളാന്‍ നിക്കുക... മുമ്പോട്ട് നടക്കാന്‍ മഴ എന്നോട് പറയുന്നുവോ...
ആരോ വിളിക്കുന്ന പോലെ..
അതെ ആരോ മീനു എന്ന് വിളിക്കുന്നു...

തിരിഞ്ഞു നോക്കി ഇല്ല ആരും ഇല്ലാലോ , തോന്നിതാണോ..
മുമ്പോട്ട് നടക്കവെ വീണ്ടും “മീനു”
അതെ തന്‍റെ ഏട്ടന്‍ തന്നെ..
മീനു നീ എന്റെ കൂടെ പോന്നോള് , നിന്നെ കൊണ്ട്‌പോകാനാണ്
ഞാന്‍ വന്നത് , നീട്ടി പിടിച്ച കൈയുമായി തന്‍റെ പ്രിയതമന്‍ നിക്കുന്നു.. സ്വപനമോ ഇതു, സത്യമോ,
നീട്ടി പിടിച്ച കൈയില്‍ ഓടിച്ചെന്നു മുറുക്കെ പിടിച്ചു മുന്നോട്ട് നടന്നു , നൊമ്പരങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്..

ആ സമയം ആശുപത്രിയില്‍ വീണ്ടും ഒരു നിലവിളി ഉയര്‍ന്നു
ആര്‍ത്തലച്ചു പെയ്ത മഴ അപ്പോഴേക്കും തോര്‍ന്നിരുന്നു...

Monday 29 October 2012

നിഴല്‍

ഓരോ ഇരുട്ടിലും ഞാന്‍
എന്‍ നിഴലിനെ കൊന്നുകൊണ്ടിരുന്നു
അവനോ ഓരോ അരണ്ടവെളിച്ചത്തിലും 
വീണ്ടും വീണ്ടും പുനര്‍ജനിച്ചു ,
എന്നെ നോക്കി മന്ദഹസിച്ചുകൊണ്ടിരുന്നു
അവന്‍റെ പരിഹാസം കാണാനാകാതെ
ഇരുട്ടാല്‍ തീര്‍ത്ത എകാന്തതയില്‍
ഞാന്‍ ഒളിച്ചിരുന്നു....

എന്‍ കണ്ണുകളില്‍ നീ ഉള്ളപ്പോ
നീ ഒളിച്ചോടിയിട്ട് എന്ത് ഫലം
മുഖത്ത് ചിരിയുടെ പൂമാല തീര്‍ത്തു
എല്ലാം ഒളിപ്പിക്കുന്ന നിന്‍
കരയുന്ന കണ്ണുകള്‍ എനിക്കല്ലേ അറിയൂ
എനിക്ക് മാത്രമേ അറിയൂ...
നിഴല്‍ മൊഴിഞ്ഞുകൊണ്ടിരുന്നു..

Sunday 28 October 2012

എന്തേ നീ വന്നില്ല

നിനച്ചിരിക്കാതെ എന്നില്‍ 

മഴയായ് പെയ്തൊരു കനവ് നീ

നീ തീര്‍ത്ത പേമാരിയില്‍

നനഞ്ഞു കുതിരവെ

അറിയാതെ എന്‍ മനസ്സ്

നിന്നില്‍ നിന്ന് അകലാന്‍ 

വെമ്പിയിരുന്നോ

ഇന്നീ വേനലില്‍ ഉരുകുന്ന

എന്‍ മനസ്സ് കണ്ടിട്ടും

എന്തേ നീ വന്നില്ല

എന്നില്‍ പെയ്തില്ല

രാത്രി

ചന്ദ്രന്‍ നിലാവിനാല്‍ കിടക്ക ഒരുക്കി..

നക്ഷത്രങ്ങള്‍ അവളുടെ

സ്വപ്നങ്ങളില്‍ അലങ്കാരം നെയ്തു

കാറ്റ് കുളിരിന്‍ പുതപ്പ് ചാര്‍ത്തി

കടല്‍ പതിയെ കരയെ തലോടികൊണ്ടിരുന്നു

കരയോ മയങ്ങാന്‍ തുടങ്ങി

നാളത്തെ ചന്തമുള്ള പ്രഭാതം ഓര്‍ത്തു....

Thursday 25 October 2012

തോന്നല്‍

ഇന്നെന്‍ നയനങ്ങള്‍

നിന്‍ മുഖച്ചായ പോലൊരു

ബിബം കണ്ടുവോ

കണ്ടു മറന്നൊരു വീഥികളില്‍

മറക്കാന്‍ ശ്രമിച്ചൊരു

മുഖമിന്നു അറിയാതെ

എന്‍ മനം തേടുന്നുവോ

അതോ ഒക്കെയും

എന്‍ മനസ്സിന്‍

തോന്നലുകളോ...

Tuesday 23 October 2012

ശാന്തത



ഇന്നെനിക്ക് ഒന്നും ആശിക്കാന്‍

ഇല്ലാത്തവരുടെ മനസ്സ് അറിയാം...

വിരഹത്തില്‍ വെന്ത മനസ്സിന്‍

വേദന അറിയാം..

എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍

ഉള്ള മനസ്സിന്‍ വെമ്പലറിയാം...

നിരാശകള്‍ ഇല്ലാത്ത മനസ്സിന്‍

സന്തോഷം അറിയാം...

നിന്‍ ഓര്‍മ്മകള്‍ക്ക് പോലും

വിട ചൊല്ലിയ എന്‍

മനസ്സിന്നു ശാന്തമാണ്..

ഈ ശാന്തത ഞാന്‍ ആസ്വദിക്കുന്നു

Monday 22 October 2012

അവള്‍



മൃതി അവളെ മാറിലേറ്റി
അനശ്വരലോകത്ത് എത്തിച്ചപ്പോഴേക്കും
അവള്‍ പുനര്‍ജനിച്ചിരുന്നു...


അവള്‍ വരച്ച അക്ഷരത്തിന്‍ അഗ്നിനാളത്തിലൂടെ
അവളുടെ വാക്കുകള്‍ കൊളുത്തിയ തീച്ചൂളയിലൂടെ

ചിലര്‍ ആ വാക്കിനുള്ളിലെ വരികളില്‍
കുത്തി അവളുടെ ആത്മാവിനെ
നോവിച്ചു ആനന്ദിച്ചു...

ചിലരോ അവള്‍ മരിച്ചതോര്‍ത്തു
സഹതാപം ചൊരിഞ്ഞു...

അവള്‍ ഈ ലോകത്തില്‍നിന്നു വിട ചൊല്ലി
അകന്നവള്‍ എന്നറിയാത്ത ചിലര്‍
അവളുടെ മാനസികസ്ഥിതിയെ ഓര്‍ത്തു
വ്യാകുലതപ്പെട്ടു..

അവളോ ചിരിച്ചു ഒരു ആത്മാവിന്‍
അനശ്വരതയില്‍......

Sunday 21 October 2012

ദൂരം

എന്നിലേക്കുള്ള നിന്റെ ദൂരവും

നിന്നിലേക്കുള്ള എന്‍റെ ദൂരവും

സമം ആകവെ

എന്തേ എന്‍റെ ദൂരം കൂടുതലും

നിന്‍റെ ദൂരം കുറവും ആകുന്നു...?

മഷി വീണ അക്ഷരങ്ങള്‍

എഴുതി പൂര്‍ത്തിയാക്കിയ
അക്ഷരങ്ങളില്‍ മഷി വീഴവെ
പടര്‍ന്ന അക്ഷരങ്ങള്‍ക്കിടയില്‍
വായിച്ചതൊക്കെയും
അപൂര്‍ണ്ണമായിരുന്നു....

എങ്കിലും ജീര്‍ണ്ണിച്ച സ്വപ്നത്തിന്‍
മണം എന്‍ മൂക്കിലടിച്ചു..

നിറം മങ്ങിയ കടലാസ്സില്‍
നിറം മങ്ങിയ അക്ഷരങ്ങള്‍
വരച്ച ചിത്രവും നിറമില്ലാതായത് പോലെ..

വസന്തത്തിനു മുമ്പേ വിരിഞ്ഞു
വസന്തം വന്നപ്പോള്‍ കൊഴിയാന്‍
വിധിക്കപെട്ട ഒരു പൂവ് പോലെ
എന്‍ അക്ഷരങ്ങളും ആ മഷിയില്‍ കുതിര്‍ന്നു..

Saturday 20 October 2012

ഓര്‍മ്മകള്‍ ഉറങ്ങും അലമാരികള്‍



ഒരു പിടി ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട്
എന്‍ അലമാരിയില്‍

ബാലാരിഷ്ടതകള്‍ മുതല്‍
കൌമാരചേഷ്ടകള്‍ വരെ
കണ്ടു പുഞ്ചിരിതൂവും
കണ്ണുണ്ട് എന്‍ അലമാരിക്ക്


അടുക്കും ചിട്ടയും ഇല്ലാന്നുള്ള
അമ്മയുടെ ശകാരവാക്കുകള്‍
കേക്കുവാന്‍ എന്നും
എന്‍ കൂടെ അലമാരിയുമുണ്ട്

ദേഷ്യം വന്നു വലിച്ചടക്കുമ്പോള്‍
ഒച്ചവെച്ച് വാതിലുകള്‍
എന്‍ കൂടെ കൂടാറുണ്ട്

ഇന്നും ഓര്‍മ്മകളുടെ ഭണ്ഡാരവും പേറി
അലമാരി എന്‍ മുറിയിലുണ്ട്
നാളെത്തെ എന്‍ വാര്‍ദ്ധക്യത്തില്‍
ചിരിക്കാനായി...

Friday 19 October 2012

വാക്കുകള്‍



നീ എന്നെ കൊള്ളിച്ച്

എറിഞ്ഞ വാക്കുകള്‍ എന്നെയോ

ഞാന്‍ നിന്നെ കൊള്ളിച്ചു

തടുത്ത വാക്കുകള്‍

നിന്നെയോ വേദനിപ്പിച്ചില്ല

   അല്ലേലും ..................

നമ്മുടെ വാക്കുകള്‍ പണ്ടേ

പ്രണയത്തിലായിരുന്നുവല്ലോ.

Thursday 18 October 2012

തലേവര

വളഞ്ഞു പോയ തലേവര

നേരേ ആക്കാന്‍

തല ഒക്കെയും പരതി ഞാന്‍

വര നോക്കിയതിനാലാവാം  ഇപ്പോ

വര തന്നെ മായ്ഞ്ഞു പോയിരിക്കുന്നു...

Wednesday 17 October 2012

കാവല്‍ക്കാരി



എന്‍റെ കവിതകള്‍ എന്നും

നിന്നിലേക്ക് യാത്ര

പുറപ്പെടുന്നതറിയാതെ,

വരണ്ടുണങ്ങിയ എന്‍റെ

കവിതകളില്‍ വിത്തുമുളക്കുന്നതും

കാത്തു ഞാന്‍ ഇരുന്നു...

ഒരു തുള്ളി വെള്ളം പോലും ഒഴിക്കാതെ

അവയൊക്കെ നിന്നില്‍ തഴച്ചു വളര്‍ന്നു

ഒക്കെയും ഞാന്‍ അറിഞ്ഞപ്പോഴേക്കും

നീ വസന്തം സ്വന്തമാക്കിയിരുന്നു

ഞാനോ തരിശുഭൂമിയുടെ കാവല്‍ക്കാരിയും..

Tuesday 16 October 2012

ദീപം



ഒരു ദീപമായി എരിഞ്ഞടങ്ങുവാന്‍

വിധിക്കപ്പെട്ടോരീ ജീവിതത്തില്‍

നിന്‍ നിഴലെങ്കിലും

എന്‍ ദീപത്താല്‍ ചലിക്കുമെങ്കില്‍

എന്‍ ജീവിതം സഫലം

ഹൃദയ സഖീ

അന്നാ മഴയത്ത് എന്‍ ഉമ്മറപടിയില്‍

ഓടികയറിയ ഹൃദയ സഖീ

നിന്‍ പാദസ്വരത്തിന്‍ കിലുക്കം

എന്‍ കാതില്‍ പതിയവെ

വെറുതെ ഒന്ന് നോക്കി നിന്നെ

ആന്നാദ്യമായി അറിയാത്തൊരു അനുഭൂതിയില്‍

നിന്നെ തന്നെ മിഴിവെട്ടാതെ നോക്കിയിരുന്നത്

നിന്‍ മുഖശ്രീ കണ്ടോ

അതോ കാതില്‍ അലയടിച്ച നിന്‍

വളയുടെ കിലുക്കം കൊണ്ടോ

നിന്നെയും കൊണ്ട് ഞാന്‍ പര്‍ണ്ണശാല 

കെട്ടിയ കിനാവില്‍ മുഴുകിയിരിക്കവെ

മഴ തോര്‍ന്നതും നീ ഓടി മറഞ്ഞു

അന്ന് തൊട്ടു ഇന്ന് വരെ

നിന്‍ മുഖം എവിടെയും ഞാന്‍ കണ്ടതില്ല

ആ കിലുക്കം ഞാന്‍ എവിടെയും കേട്ടതില്ല...

Monday 15 October 2012

ചിറകരിഞ്ഞ മോഹങ്ങള്‍

പാതിവഴിയില്‍ ഉപേക്ഷിച്ച മോഹങ്ങളേ

ഇനിയും എന്തിനു എന്‍ പാത പിന്തുടരുന്നു

കരി പിടിച്ചൊരു മനസ്സുമായി

ഞാന്‍ ഈ പാത മുഴുമിപ്പിക്കട്ടെ

ചിറകരിഞ്ഞ മോഹങ്ങള്‍

എരിഞ്ഞടങ്ങുന്നത് കാണാന്‍ വയ്യ ഇനിയും

വിട തരിക നീ

ഞാന്‍ നടന്നുകോള്‍കട്ടെ

മിഴി നിറയുന്നത് നീ കാണാതെ....

Saturday 13 October 2012

വേശ്യകള്‍

ലഹരി മൂത്ത ലോകത്തില്‍
ആരും കാണാത്ത മുഖം
കാണുന്നിവര്‍....

കലി പൂണ്ട കാമത്തിന്‍ ചേലുകള്‍
ആടിത്തീര്‍ന്നു പോയിടവെ
കരിഞ്ഞു പോയൊരു വസന്തം പോല്‍
അവളുടെ മനസ്സിലും നിസ്സംഗഭാവമോ

പോട്ടിയുടഞ്ഞൊരു കലത്തില്‍
അരി വേവിക്കാന്‍
രാത്രികളില്‍ നിറം കൊടുക്കുന്നിവള്‍

എങ്കിലും മനസ്സില്‍ വ്യഭിചാരം
നടത്തുന്നവരെക്കാള്‍
ഇവള്‍ എത്രയോ പവിത്രത ഉള്ളവള്‍..

Friday 12 October 2012

കുറ്റങ്ങള്‍



കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍

ഉള്ള വ്യഗ്രതയില്‍ ,

നിന്‍ ചിന്തയില്‍ ഞാന്‍ നിറയുന്നതും,

നയനങ്ങള്‍ എനിക്ക് ചുറ്റും

വട്ടം കറങ്ങുന്നതും,

നീ അറിയാതെ പോകുന്നു...

will u marry me



നിന്‍ നയനങ്ങളില്‍ പതിയിരിക്കുന്ന

ദുഃഖത്തിന്‍ നിഴല്‍ തുടച്ചുമാറ്റാന്‍

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെക്കാന്‍

ആ വിരലില്‍ തൊട്ട്‌ ഇനിയുള്ള വീഥികള്‍

ഒരുമിച്ചു നടക്കുവാന്‍ എന്നെയും

കൂടെ കൂട്ടുമോ...

Thursday 11 October 2012

നിന്നിലേക്ക് എത്തിക്കുന്നത്.



മറഞ്ഞു പോയ കിനാവുകളോ

എഴുതി തീര്‍ന്ന വരികളോ

മനസ്സില്‍ പതിഞ്ഞ

മായാത്ത കാല്‍പാടുകളോ

ഇനിയും കണ്ടു തീരാത്തൊരു

സ്വപ്നം പോലെ

എന്‍റെ ചിന്തകള്‍

നിന്നിലേക്ക് എത്തിക്കുന്നത്...

Wednesday 10 October 2012

വര്‍ഷങ്ങള്‍ പോയതറിയാതെ



വര്‍ഷങ്ങള്‍ പോയതറിയാതെ

നിന്‍ വരവും കാത്തിരിക്കവെ,

കൊഴിഞ്ഞു പോയ ദിനങ്ങളും

അറിയാതെ പോയ നിമിഷങ്ങളും

നഷ്ടങ്ങളുടെ പട്ടികയില്‍ ഇഴചേര്‍ക്കുമ്പോള്‍

നീ അറിയാതെ പോയ

എന്‍ മനസ്സിന്‍ വിങ്ങലുകള്‍

കണ്ടു ഈ ദിനങ്ങളും തേങ്ങിയിട്ടുണ്ടാകാം

ഞാന്‍ അറിയാതെ എന്നെ

തലോടിയിട്ടുണ്ടാകാം....

Tuesday 9 October 2012

മാറ്റങ്ങള്‍

മാറുന്ന ലോകത്തില്‍
മാറുന്ന കോലങ്ങള്‍
മാറുന്ന മനോഭാവങ്ങള്‍

മുഖച്ഛായ മിനുക്കുന്ന കെട്ടിടങ്ങള്‍
തകര്‍ന്നടിയുന്ന സംസ്കാരങ്ങള്‍

കണ്ടു മടുത്ത ഭാവങ്ങളില്‍ നിന്നും
കേട്ട് മടുത്ത വാക്കുകളില്‍ നിന്നും
മാറ്റങ്ങള്‍ അനിവാര്യമത്രെ

ഒരു പക്ഷെ അതാകാം
പ്രകൃതിയും മാറുന്നെ

എന്നിട്ടും നീ വാരഞ്ഞതെന്തേ



വിട ചൊല്ലി പിരിയുവാന്‍

കാരണങ്ങളോ അനേകം,

എന്നിട്ടും ഹൃത്തിലെ

മായ്ക്കാത്ത കോണില്‍

നിന്‍ മുഖം തെളിയവെ

എന്നിലെ ജല്പനങ്ങള്‍

കേക്കാതെ ഹൃദയമിന്നും

നിനക്കായ്‌ കേഴുന്നു...

എന്നിട്ടും നീ വാരഞ്ഞതെന്തേ

എന്‍റെ പരിഭവം മാറ്റാത്തതെന്തേ

അമ്പല ദര്‍ശനം



പുലര്‍കാലേ അമ്പല ദര്‍ശനം

നടത്തി മടങ്ങുന്നു

മലയാളി പെണ്ണെ

നിന്‍ മിഴിയിതളില്‍ പൂത്ത

പുത്തന്‍ പ്രതീക്ഷകള്‍

നിന്‍ മോഹങ്ങള്‍ ഒക്കെയും

ഭഗവാനില്‍ അര്‍പ്പിച്ചതിനാലാണോ.


എങ്കിലും മമ സഖീ

നിന്‍ മനസ്സിന്റെ വാതിലില്‍

ഞാന്‍ നടത്തിയ അര്‍ച്ചന നീ

കാണാതെ പോകയോ.

Monday 8 October 2012

കാത്തിരുന്ന....



നിന്നെ മാത്രം കാത്തിരുന്ന

എന്‍ ആത്മാവില്‍ നീ

വന്നു മുട്ടി വിളിച്ചാല്‍

ഞാന്‍ കേള്‍ക്കാതിരിക്കുന്നതെങ്ങനെ..

എന്നില്‍ വസന്തം വിരിയാതിരിക്കുന്നതെങ്ങനെ...

Sunday 7 October 2012

താഴ്‌വാരം

നിശബ്ദതയുടെ താഴ്വരയിലും

നിന്‍ ശബ്ദം മാത്രമെന്‍ 

കാതില്‍ മുഴങ്ങുന്നു,

നിന്‍ ചിത്രം മാത്രമെന്‍ 

നയനങ്ങള്‍ വരക്കുന്നു,

ഇരുണ്ട മൂലയില്‍ അടച്ച

എന്‍ ഓര്‍മ്മകള്‍ ഈയാംപാറ്റയായി

എന്നെ വലം വെക്കുന്നു,

ഞാനോ സന്ദേഹപ്പെടുന്നു

നിന്‍ കൂട്ടില്‍ അകപ്പെട്ട

എന്‍ ഹൃദയം
 
സ്വതന്ത്രമാവാത്തത് ഓര്‍ത്ത്‌..

മൂന്നു അക്ഷരം

പ്രണയം എന്ന 

മൂന്നു അക്ഷരങ്ങളില്‍

ഒതുങ്ങി നിക്കുന്ന

ഒരു സ്നേഹമായിരുന്നു

എനിക്ക് നിന്നോടുള്ളത് 

..........എങ്കില്‍ ...........

പണ്ടേ ഞാന്‍ ആ 

അക്ഷരങ്ങള്‍ തിരുത്തി

എഴുതിയേനെ......

Saturday 6 October 2012

നേരം


മയിലുകള്‍ ആടും നേരം
കുയിലുകള്‍ പാടും നേരം
നീ എന്നെ നോക്കും നേരം
കനവുകള്‍ കൊലുസ്സിടും നേരം...

പിന്നെ നമ്മള്‍ ഒന്നായി
നമ്മുടെ കനവുകള്‍ ഒന്നായി
കേറിയ പടവുകള്‍ ചിരിക്കവെ
നീയും ഒന്ന് മന്ദഹസിച്ചുവോ
എന്‍ കവിള്‍ത്തടം തുടുത്തുവോ

ചിലങ്ക



ചിലങ്കകെട്ടി ആടുന്ന സ്വപ്നമേ

ഉറങ്ങാത്ത ഓര്‍മ്മയിലെ കനവുകളെ

ഇന്നും നിന്‍ കൊലുസ്സിന്‍

ഉതിരും നാദങ്ങള്‍

എന്‍ ചെവിയില്‍ മുഴങ്ങുന്നു

കണ്ടു മറന്ന ഒരു കിനാവിന്‍ ഓര്‍മ്മക്കായി

Friday 5 October 2012

പ്രണയം



നിന്നോട് മിണ്ടാന്‍ ഞാന്‍ പുതിയ

കാരണങ്ങള്‍ തേടുന്നു

നിന്നെ പറ്റി നീ ചിന്തിക്കുന്നതിലും

കൂടുതല്‍ ഞാന്‍ ചിന്തിക്കുന്നു

എപ്പോഴും നിന്‍ മുഖം കാണാന്‍

മനസ്സ് തുടികൊട്ടുന്നു

നീ നഷ്ടമാകുമോ എന്ന ചിന്ത

എന്നെ വല്ലാതെ അലട്ടുന്നു

ഇനി ഇതാണോ "പ്രണയം"

Thursday 4 October 2012

റാന്തല്‍



എന്‍റെ സ്വപ്നത്തിന്‍

വര്‍ണ്ണത്തേരില്‍ പാലപ്പൂവിന്‍

ഗന്ധവും പേറി നീ വരവെ

ഞാനെന്‍ മനസ്സിന്റെ റാന്തല്‍

നിന്‍ വീഥിയില്‍ കോളുത്തിവെക്കാം

ഒരു നുറുങ്ങുവെട്ടത്തിനായി

പൈതല്‍..


സുന്ദരിയായ സന്ധ്യയെ

കണ്ണിറുക്കി സൂര്യന്‍

കടലിന്‍റെ മാറില്‍

ചായാന്‍ ഒരുങ്ങി..

നിഗൂഡതകള്‍ ഒളിപ്പിച്ച

പോട്ടിച്ചിരിയുമായി അവള്‍

വീണ്ടും കരയെ പുണര്‍ന്നു...

ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി

അട്ടഹസിച്ചു ചിരിക്കുന്ന കടലേ

നിന്‍ മുമ്പില്‍ ഞാനോ

വെറുമൊരു പൈതല്‍.......

ഒന്നും അറിയാത്ത പൈതല്‍..

നിണമണിഞ്ഞ ഓര്‍മ്മകള്‍

പ്രതീക്ഷയുടെ കിരണങ്ങള്‍
ദൂരയാത്രക്ക് പോയിരിക്കുന്നു


ആശകള്‍ ഒന്നുമില്ലാതെ
യാന്ത്രികമായി ജീവിതം
മുന്നോട്ട് പായുന്നു..

ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു
വേദനകള്‍ കടിച്ചമര്‍ത്തി
എത്തിപിടിക്കാന്‍ ഉയരങ്ങളില്ലാതെ
ചിന്തകള്‍ നടന്നകലുമ്പോള്‍
എന്‍ മിഴിയിതളില്‍
ഉരുണ്ടുകൂടിയ കണ്ണീര്‍ദളങ്ങള്‍
കാഴ്ചയെ മറച്ചിരുന്നു...

അപ്പോഴും തിരമാലകള്‍
ചിരിച്ചുകൊണ്ടേ ഇരുന്നു

ആധുനികത

നിശാക്ലബിലെ
അരണ്ട വെളിച്ചത്തില്‍
പതയുന്ന മദ്യലഹരിയില്‍
നുരയുന്ന ജീവിതം

ചുവടു പിഴക്കുന്ന
യൌവനങ്ങള്‍,
ലഹരി തീര്‍ക്കുന്ന
പുകമറയില്‍ അഴിഞ്ഞു
വീഴുന്ന മുഖംമൂടികള്‍
ബോധം മങ്ങിയ
നയനങ്ങളുമായി,
കാമം തീര്‍ക്കുന്ന
ലഹരിയില്‍ സര്‍പ്പനൃത്തം
ആടുന്ന സൌഹൃദങ്ങള്‍

നഷ്ടമാവുന്ന സംശുദ്ധിയും
കുറ്റബോധം തോന്നാത്ത മനസ്സും
നഷ്ടങ്ങള്‍ ആഘോഷിക്കുന്ന
യൌവനവും,
അഴിഞ്ഞു വീഴുന്ന
സംസ്കാരികതയും,
ആധുനികതുടെ സൃഷ്ടിയോ..

ഇന്ന് പരിശുദ്ധി വാക്കിനുള്ളില്‍
ഒതുങ്ങി കൂടുന്നുവോ,
ആധുനികതയുടെ പുതിയ
മുഖങ്ങള്‍,
പുതിയ ഭാവങ്ങള്‍...
ഞാന്‍ ഒന്ന് പകച്ചുവോ...

Wednesday 3 October 2012

പൊന്‍പുലരി



പൊന്‍പുലരിയില്‍

ഈറന്‍ ഉടുത്തു

തിരി തെളിച്ച പെണ്‍കൊടി

നിന്‍ തുടുത്ത പൂകവിളില്‍

വിടര്‍ന്ന കുങ്കുമ ശോഭ

നീ തുറന്ന ചെപ്പില്‍ നിന്നോ

എന്‍ പ്രേമത്തില്‍ നിന്നോ

Tuesday 2 October 2012

ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി



എന്‍ മോഹങ്ങളും പ്രതീക്ഷകളും

ഇതള്‍ കൊഴിഞ്ഞൊരു

നിശാഗന്ധിപോല്‍ നിനക്ക്

ചുറ്റും കിടപ്പുണ്ട്....

എന്നിട്ടും എന്‍ മൌനത്തിനു ചുറ്റും

നീ ചിലങ്ക കെട്ടി ആടുന്നു

എല്ലാം അറിഞ്ഞിട്ടും

അറിയാത്തെ പോലെ നടിക്കുന്നു

Monday 1 October 2012

ശലഭം

നമ്മള്‍ നെയ്ത

ലോകത്തില്‍ നിന്നും

പറന്നകലാന്‍ വെമ്പവെ

ചിറകൊടിഞ്ഞൊരു ശലഭം

ആകുന്നുവോ ഞാന്‍....

മാപ്പ്

ജീവിതത്തിന്‍റെ ഇടവഴിയിലൂടെ
നേട്ടങ്ങള്‍ കൊയ്യാനുള്ള പാച്ചിലില്‍
തിരിഞ്ഞു നോക്കവെ
നിന്‍ വളകളുടെ കിലുക്കം കേക്കുന്നുണ്ടോ
കൊലുസ്സിന്‍റെ കൊഞ്ചല്‍ മുഴങ്ങുന്നുണ്ടോ
നിന്‍ മുത്തുമണികള്‍ പൊഴിക്കുന്ന
ചിരിയുടെ മാറ്റൊലി കേക്കുന്നുണ്ടോ
മനസ്സിന്‍റെ ആളൊഴിഞ്ഞ ഏതോ
ഒരു ഇടനാഴില്‍
കൊട്ടിയടച്ച ഓര്‍മ്മകളില്‍
നിന്‍ വിളി ഇപ്പോഴും ഞാന്‍ കേക്കുന്നുണ്ട്
നഷ്ടപ്പെടലുകളിലേക്ക് കണ്ണോടിക്കവെ
വെറുതെ എന്‍ മനസ്സൊന്നു വിങ്ങിയോ
പുറകിലേക്ക് നോക്കാനാവാതെ
നടന്നകലുമ്പോള്‍ നിന്‍റെ
വിറയാര്‍ന്ന കൈകളും
കരയാന്‍ വിതുമ്പുന്ന മിഴികളും
എന്നെ ഇന്നും വേട്ടയാടുന്നു
പ്രിയ സഖീ മാപ്പുതരു...

പരിഭവം

നിന്‍റെ കണ്ണിലും എന്‍റെ

കണ്ണിലും തിളങ്ങുന്നത്

ഒന്ന് തന്നെ ആണ്...

പിന്നെ എന്തിനാണ്

പരിഭവം.....

മറക്കാന്‍

നിന്നെ മറക്കാന്‍

"മറവി" ക്കൊരു

കത്ത് എഴുതിട്ടുണ്ട് ഞാന്‍...

കണക്ക്‌

നിന്നെ വിശ്വസിച്ചവരെ

നീ ചതിക്കുമ്പോഴും

നിന്നില്‍ അഭയം തേടിയവരെ

നീ തെരുവില്‍ എറിയുമ്പോഴും

മനുഷ്യാ നീ ഓര്‍ക്കുക

നാളെ നീ ചെയ്തതിനോക്കെയും

കണക്ക്‌ പറയേണ്ടി വരും

വെള്ള വസ്ത്രം നിന്നെ

മൂടുന്നതിനും മുമ്പെ....

നിശബ്ദത

നിശബ്ദതയുടെ താഴ്വാരത്തില്‍

ചേക്കേറി ഇരിക്കവെ

ചെറിയ സ്വരങ്ങള്‍ പോലും

ആലോസരമുണ്ടാക്കുന്നു

പരിചിതക്കാര്‍ പോലും

അപരിചിതരായി തോനുന്നു

പുഞ്ചിരി മറന്ന സൌഹൃദങ്ങള്‍

പൊഴിഞ്ഞുവീഴുന്നു

പതിയെ ഓര്‍മ്മപോലും

നിന്‍ മുഖം മറക്കുന്നു...

എങ്കില്‍...

ഒരു കുഞ്ഞു മഴത്തുള്ളിയായ്

നീ എന്‍ ജാലക വാതിലില്‍

വന്നുവെങ്കില്‍...

എന്നുള്ളിലെ സ്നേഹത്തിന്‍

താമരചെപ്പ് തുറന്നുവെങ്കില്‍

നിനക്കായ്‌ മാത്രം സ്പന്ദിക്കുന്ന

എന്‍ നിഴല്‍ കണ്ടേനെ...

എന്നുള്ളിലെ കിനാവുകള്‍

നീ അറിഞ്ഞേനെ...

സന്തോഷത്തിന്‍ മഴവില്ലുകള്‍

വിരിഞ്ഞേനെ..

ആത്മാവിന്‍ വിങ്ങലുകള്‍

ഇന്ന് നീ പെറുക്കി വിറ്റ

പുസ്തകതാളുകളില്‍

നിഴലിച്ച ആത്മാവിന്‍ വിങ്ങലുകള്‍

നീ കാണാതെ പോയി

എങ്കിലും ആശ്വസിക്കാം സഖേ

അവ ഇന്നീ കടലക്കാരനെങ്കിലും

ഉപകരിക്കുന്നല്ലോ....

ആരോടും തോന്നാത്തൊരിഷ്ടം

എനിക്ക് നിന്നോടോരിഷ്ടം,

ആരും അറിയാത്തോരിഷ്ടം,

ആരോടും തോന്നാത്തൊരിഷ്ടം,

എന്‍ അകതാരില്‍

കാത്തുവേച്ചോരിഷ്ടം,

നീ അറിയാതെ പോയോരിഷ്ടം,

മോഴിയാതെ കൊഴിഞ്ഞുവീണോരിഷ്ടം,

ഇന്നും എനിക്ക് നിന്നോടോരിഷ്ടം...

മീനത്തിലെ ചൂട്‌

ഇന്നലത്തെ കോപത്താല്‍

വാടിതളര്‍ന്ന തന്‍റെ പ്രിയതമയുടെ

ചുവന്ന മുഖം കണ്ടതിനാലാവാം

ഇന്നത്തെ സൂര്യന്‍ ചിരിക്കുമ്പോള്‍ പോലും

ഒരു കുളിര്‍ കാറ്റ് വീശുന്നത്...

നിഘണ്ടു



നീ മൊഴിഞ്ഞ വാക്കിന്‍റെ

നിഗൂഡ അര്‍ത്ഥങ്ങള്‍ക്ക്

ഈ നിഘണ്ടുവും

പോരാതെ വന്നിരിക്കുന്നു